News
നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരശേഖരണത്തിന് രജിസ്ട്രേഷൻ ഡ്രൈവുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി
News

നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരശേഖരണത്തിന് രജിസ്ട്രേഷൻ ഡ്രൈവുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി

Web Desk
|
22 April 2021 1:09 AM GMT

തിരിച്ചു വരവ് മുടങ്ങിയ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവര ശേഖരണം

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരശേഖരണത്തിനായികുവൈത്തിലെ ഇന്ത്യൻ എംബസ്സി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. തിരിച്ചു വരവ് മുടങ്ങിയ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവര ശേഖരണമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു .

കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് എംബസ്സിയുടെ വെബ്സൈറ്റിൽ നൽകിയ ഗൂഗ്‌ൾ ഫോം വഴി വിവരങ്ങൾ നൽകാം . യാത്ര മുടങ്ങിയത് മൂലം ഇഖാമ കാലാവധി കഴിഞ്ഞവർ, തൊഴിൽ നഷ്ടപ്പെട്ടവർ, കുവൈത്തിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ, കുവൈത്തിൽ വീടും മറ്റ് സംവിധാനങ്ങളും ഉള്ളവർ, തിരികെ എത്തി വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ, അർഹമായ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും വാങ്ങാൻ കഴിയാത്തവർ തുടങ്ങിയവർക്കെല്ലാം രജിസ്ട്രേഷൻ ഡ്രൈവിൽ പങ്കെടുത്തു വിവരങ്ങൾ നൽകാം.

കഴിഞ്ഞ വര്‍ഷം നടത്തിയ ഡ്രൈവിൽ പങ്കെടുത്തവർക്കും വീണ്ടും രജിസ്റ്റർ ചെയ്യാം . ഇതിനായി എംബസ്സി വെബ്സൈറ്റിൽ നൽകിയ ലിങ്ക് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത് . നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രശ്നങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനങ്ങൾ നടത്തുന്നതിനാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നു അംബാസഡർ സിബി ജോർജ് പറഞ്ഞു. കോവിഡ് 19 പാൻഡെമിക് എന്ന വിഷയത്തിൽ ബുധനാഴ്ച എംബസി സംഘടിപ്പിച്ച ഓൺലൈൻ ഓപ്പൺ ഹൌസിലാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത് . കോവിഡ് പ്രതിസന്ധി മൂലം പ്രയാസത്തിലായ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി എംബസ്സിയിൽ പ്രത്യേക ഹെല്പ് ഡെസ്‌ക്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.



Similar Posts