ചുവപ്പുനാടകൾക്കു കാത്തുനിന്നില്ല; കോവിഡ് രോഗികൾക്ക് മരുന്നുവാങ്ങാൻ കുടുംബത്തിന്റെ സ്ഥിരനിക്ഷേപം കാലിയാക്കി എംഎൽഎ
|90 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമാണ് മഹാരാഷ്ട്ര എംഎൽഎ സന്തോഷ് ബംഗാർ പിൻവലിച്ചത്
കോവിഡ് രോഗികൾക്കായി റെംഡെസിവിർ അടക്കമുള്ള മരുന്നുകൾ വാങ്ങുന്നതിനായി സ്വന്തം കുടുംബത്തിന്റെ ബാങ്ക് സ്ഥിരനിക്ഷേപം കാലിയാക്കി മഹാരാഷ്ട്ര എംഎൽഎ. വിദർഭയിലെ ഹിംഗോളി ജില്ലയിലുള്ള കൽമാനൂരിയിൽനിന്നുള്ള ശിവസേന എംഎൽഎ സന്തോഷ് ബംഗാർ ആണ് നാട്ടുകാരുടെ ദുരിതമകറ്റാൻ സർക്കാർ ചുവപ്പുനാടകൾക്കു കാത്തുനിൽക്കാതെ കുടുംബത്തിന്റെ സ്ഥിരനിക്ഷേപം പൂർണമായി പിൻവിലച്ചത്. 90 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപമാണ് കാലാവധി പൂർത്തിയാക്കും മുൻപ് എംഎൽഎ മരുന്ന് വാങ്ങാനായി എടുത്തത്.
രണ്ട് ആഴ്ചയോളമായി കോവിഡ് കേസുകളിൽ വൻ വർധനയാണ് പ്രദേശത്തുണ്ടായത്. ഇത്രയും ഉയർന്ന തോതിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള മതിയായ മരുന്ന് ഇവിടങ്ങളിലെ ആശുപത്രികളിലുണ്ടായിരുന്നില്ല. ആശുപത്രികളുമായും മരുന്ന് കമ്പനികളുമായും വിഷയം സംസാരിച്ചപ്പോൾ സർക്കാർ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ കാത്തിരിക്കാനാകില്ലെന്നു വ്യക്തമാക്കി. ടെൻഡർ നടപടിക്രമങ്ങൾക്ക് ഏറെ സമയമെടുക്കുകയും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയും ചെയ്യും. അതിനാൽ, കാലാവധി തീരുംമുൻപ് തന്നെ കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന ബാങ്ക് സ്ഥിരനിക്ഷേപം പിൻവലിക്കുകയല്ലാതെ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് ബംഗാർ പറഞ്ഞു.
വലിയ തോതിൽ റെംഡെസിവിർ മരുന്നുകൾ എത്തിച്ച് ആരും വാങ്ങിയില്ലെങ്കിൽ അതിന്റെ നഷ്ടം സഹിക്കാവുന്ന സ്ഥിതിയിലല്ല തങ്ങളുള്ളതെന്ന് മരുന്നു വിൽപനക്കാർ വ്യക്തമാക്കിയിരുന്നതായും എംഎൽഎ പറഞ്ഞു. ആരെങ്കിലും വലിയ തോതിൽ മരുന്നുകൾ വാങ്ങുമെന്ന ഉറപ്പ് അവർക്ക് കിട്ടേണ്ടതുണ്ടായിരുന്നു. അതിനാലാണ് താൻ വൻതോതിൽ മരുന്നുകളുടെ ഓർഡറെടുത്തതെന്നും സന്തോഷ് ബംഗാർ കൂട്ടിച്ചേർത്തു.
വലിയ ബാധ്യത ഏറ്റെടുത്താണ് മരുന്നുകൾ വാങ്ങിയതെങ്കിലും ഈ മഹാമാരിയുടെ കാലത്ത് നിരവധി പേരുടെ ജീവൻ രക്ഷിക്കാനായെന്ന ആശ്വാസത്തിലാണ് ബംഗാർ. അടിയന്തരാവശ്യമുള്ളവർക്ക് ആദ്യം സൗജന്യമായാണ് മരുന്നുകൾ വിതരണം ചെയ്തിരുന്നത്. പിന്നീട് മരുന്നുകുപ്പികൾക്ക് ഏറ്റവും കുറഞ്ഞ വിലയീടാക്കി ആവശ്യക്കാർക്ക് നൽകാൻ തുടങ്ങി. കൂടുതൽ റെംഡെസിവിർ മരുന്നുകളും ലാഭമോ നഷ്ടമോ ഇല്ലാത്ത നിലയ്ക്കാണ് വിറ്റതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ നിലവിൽ 6,72,423 ആക്ടീവ് പോസിറ്റീവ് കേസുകളാണുള്ളത്. 16.80 ആണ് സംസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക്. പ്രതിദിനം 60,000 മുതൽ 70,000 വരെ റെംഡെസിവിർ മരുന്നുകളുടെ ആവശ്യം സംസ്ഥാനത്തുണ്ടെങ്കിലും നിലവിൽ 37,000 മരുന്നുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.