News
News

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മമത ബാനർജിക്ക് 24 മണിക്കൂർ വിലക്ക്

admin
|
13 April 2021 1:36 AM GMT

തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായാണ് പെരുമാറുന്നത് എന്നാണ് മമതയും തൃണമൂൽ കോൺഗ്രസും പ്രതികരിച്ചത്.

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപകയുമായ മമത ബാനർജിയെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ നിന്ന് 24 മണിക്കൂർ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മമതയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു കാണിച്ചാണ് വിലക്ക്. കമ്മീഷന്റെ നടപടിക്കെതിരെ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്ന് മമത അറിയിച്ചു.

തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട കേന്ദ്ര സൈന്യം വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും വനിതകളെ പ്രകോപിപ്പിക്കുകയാണെന്നും മമത ബാനർജി മാർച്ച് 28-നും ഏപ്രിൽ 8-നും നടത്തിയ പ്രസംഗങ്ങളിൽ ആരോപിച്ചിരുന്നു.

'വോട്ട് ചെയ്യാൻ അനുവദിക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്താൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഇതേകാര്യം 2019-ലും 2016-ലും ഞാൻ കണ്ടതാണ്. ആരുടെ നിർദേശപ്രകാരമാണ് ജനങ്ങളെ തല്ലുന്നതെന്ന് എനിക്കറിയാം. ജനങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കുക എന്നതാണ് നിങ്ങളുടെ ചുമതല. നിങ്ങളിൽ ആരുടെയെങ്കിലും അമ്മമാർക്കോ പെങ്ങന്മാരെയോ വടികൊണ്ട് അടിക്കുന്നവരെ തവി കൊണ്ടും കത്തികൊണ്ടും മൺവെട്ടി കൊണ്ടും നേരിടുക. നിങ്ങളുടെ അമ്മപെങ്ങന്മാർക്ക് വോട്ട് നിഷേധിക്കപ്പെടുകയാണെങ്കിൽ പുറത്തിറങ്ങി പ്രക്ഷോഭം സൃഷ്ടിക്കുക' - എന്നായിരുന്നു മമതയുടെ പ്രസംഗം.

കേന്ദ്ര സൈന്യങ്ങളെ മമത വില്ലന്മാരായി ചിത്രീകരിക്കുകയാണെന്നും ഇത് സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നുവെന്നും കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായാണ് പെരുമാറുന്നത് എന്നാണ് മമതയും തൃണമൂൽ കോൺഗ്രസും പ്രതികരിച്ചത്.

Related Tags :
Similar Posts