News
റമദാൻ മാസത്തില്‍ ഇതില്‍ കൂടുതല്‍ ഞങ്ങളെന്ത് ചെയ്യാന്‍: ഗുജറാത്തില്‍ മുസ്‍ലിം പള്ളി കോവിഡ് സെന്‍ററാക്കി
News

റമദാൻ മാസത്തില്‍ ഇതില്‍ കൂടുതല്‍ ഞങ്ങളെന്ത് ചെയ്യാന്‍: ഗുജറാത്തില്‍ മുസ്‍ലിം പള്ളി കോവിഡ് സെന്‍ററാക്കി

Web Desk
|
20 April 2021 7:24 AM GMT

കോവിഡ് രോഗികളുമായുള്ള ആംബുലൻസുകളുടെ നീണ്ട നിരയാണ് ഗുജറാത്തിലെ സർക്കാർ ആശുപത്രിക്ക് പുറത്തുള്ളത്.

രാജ്യമെങ്ങും കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. രോഗികളെ കിടത്താന്‍ ആശുപത്രികളോ കോവിഡ് സെന്‍ററുകളോ മതിയാകാതെ വരുന്നു. രോഗികളുമായി ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സുകളുടെ നീണ്ടനിരകളാണുള്ളത്. അതിനിടെ ഗുജറാത്തിലെ വഡോദരയിലെ ജഹാംഗീർപുരയിലെ ഒരു മുസ്‍ലിം പള്ളി 50 കിടക്കകളുള്ള കോവിഡ് സെന്‍റര്‍ ആക്കി മാറ്റിയിരിക്കുകയാണ്.

"ഓക്സിജന്‍റെയും ആശുപത്രി കിടക്കകളുടെയും അപര്യാപ്തയുണ്ട്. രോഗികള്‍ കൂടുന്നു.. അതുകൊണ്ടാണ്, പള്ളിയെ കോവിഡ് സെന്‍ററാക്കി മാറ്റാന്‍ മാറ്റാൻ ഞങ്ങൾ തീരുമാനിച്ചത്. റമദാൻ മാസത്തില്‍ ഇതില്‍ കൂടുതല്‍ ഞങ്ങളെന്ത് ചെയ്യാനാണെന്ന് പള്ളിയുടെ ട്രസ്റ്റികളില്‍ ഒരാള്‍ ദേശീയ മാധ്യമമായ എഎന്‍ഐയോട് പ്രതികരിച്ചു.

കോവിഡ് രോഗികളുമായുള്ള ആംബുലൻസുകളുടെ നീണ്ട നിരയാണ് ഗുജറാത്തിലെ സർക്കാർ ആശുപത്രിക്ക് പുറത്തുള്ളത്. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സൌകര്യങ്ങളും രോഗികളുടെ ക്യൂവും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. പ്രോട്ടോക്കോളുകൾ അനുസരിച്ച് രോഗികളുടെ പ്രവേശനം നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്​ച 11,403 കേസുകളാണ്​ ഗുജറാത്തിൽ റിപ്പോർട്ട്​ ചെയ്​തത്​. ഇതാദ്യമായാണ്​ സംസ്​ഥാനത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 11000 കടക്കുന്നത്

കോവിഡുമായി ബന്ധപ്പെട്ടുള്ള ഒരു വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് 40 ആംബുലന്‍സുകള്‍ കണ്ടതായി ഗുജറാത്ത് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായിരുന്നു. ഒരു ആശുപത്രിയിലും കിടക്കകള്‍ ലഭ്യമല്ലാത്തതിനാല്‍ കോവിഡ് രോഗികളുമായി ആംബുലന്‍സുകള്‍ ക്യൂ നില്‍ക്കുകയാണെന്ന് മാധ്യമവാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.

Similar Posts