News
ഗുജറാത്തിൽ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഖബർസ്ഥാനിൽനിന്ന് വിറകുകൾ
News

ഗുജറാത്തിൽ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഖബർസ്ഥാനിൽനിന്ന് വിറകുകൾ

Web Desk
|
30 April 2021 6:02 AM GMT

കോവിഡ് കാലത്തും സൗഹൃദത്തിന്റെ കൈനീട്ടി ജുനാഗഡ് ജില്ലയിലെ കെശോദിൽനിന്നുള്ള മുസ്‌ലിം സമൂഹം

കോവിഡ് മരണങ്ങൾ കുത്തനെ കൂടിയതോടെ ഗുജറാത്തിലെ കെശോദ് മുനിസിപ്പാലിറ്റിയുടെ പൊതുശ്മശാനം നിറഞ്ഞുകവിയുകയാണ്. ദിവസവും നിരവധി പേരുടെ മൃതദേങ്ങളാണ് ഇവിടെ സംസ്‌കരിക്കാനായി എത്തുന്നത്. ഇതോടെ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള വിറകുകൾ കണ്ടെത്താൻ അധികൃതർ പ്രസായപ്പെടുന്നതിനിടെ സഹായഹസ്തവുമായി മുന്നോട്ടുവന്നിരിക്കുകയാണ് പ്രദേശത്തെ മുസ്‌ലിം ഖബർസ്ഥാൻ കമ്മറ്റി.

മൂന്നു ട്രാക്ടറുകളിലായി നിറയെ വിറകുകൾ സംഭാവന ചെയ്താണ് ഈ കോവിഡിന്റെ പ്രതിസന്ധിക്കാലത്തും ജുനാഗഡ് ജില്ലയിലെ കെശോദിലുള്ള മുസ്‌ലിംകൾ മതസൗഹാർദത്തിന്റെ പുതിയ കാഴ്ചയായിരിക്കുന്നത്. ശ്മശാനത്തിലെ വിറകുക്ഷാമം പരിഹരിക്കാനായാണ് ഖബർസ്ഥാൻ കമ്മറ്റി നേരിട്ടിറങ്ങിയത്.

സാധാരണ പ്രതിദിനം ഒന്നോ രണ്ടോ ശവസംസ്‌കാരങ്ങളാണ് ഇവിടെ നടക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതിന്റെ അഞ്ചും ആറും മടങ്ങ് മൃതദേഹങ്ങളാണ് ശ്മശാനത്തിൽ എത്തുന്നതെന്ന് കെശോദ് മുനിസിപ്പാലിറ്റിയിലെ പ്രധാന ഓഫീസറായ പാർത്ഥിവ് പാർമർ പറഞ്ഞു. ഇപ്പോൾ സ്ഥിരമായി എട്ടും പത്തും പേരുടെ ശവസംസ്‌കാരം ഇവിടെ നടക്കുന്നുണ്ടെന്നും പാർമർ പറയുന്നു.

കെശോദിനു പുറമെ പരിസര പ്രദേശങ്ങളിൽനിന്നും ആളുകൾ തങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഇതേ ശ്മശാനത്തിലാണ് എത്താറുള്ളത്. എന്നാൽ, കോവിഡ് വ്യാപനത്തോടെ ഇപ്പോൾ സമീപ പ്രദേശങ്ങളിൽനിന്നുള്ള വരവ് നിന്നിരിക്കുകയാണെന്നും പാർത്ഥിവ് പാർമർ പറഞ്ഞു.

പ്രാദേശിക മാധ്യമപ്രവർത്തകനും മുസ്‌ലിം ഖബർസ്ഥാൻ കമ്മിറ്റി അംഗവുമായ ഹരുൻഷ സർവാദിയാണ് തന്റെ സമുദായത്തിന്റെ സന്നദ്ധത അറിയിച്ച് മുനിസിപ്പാലിറ്റി അധികൃതരെ ബന്ധപ്പെട്ടത്. ഖബർസ്ഥാൻ കമ്മറ്റിയുടെ വാഗ്ദാനം അധികൃതർ സ്വീകരിക്കുകയും ഉടൻ തന്നെ വിറകുകൾ ലോഡുകളായി ശ്മശാനത്തിൽ എത്തിക്കുകയും ചെയ്തു.

Similar Posts