2020 ല്‍ രാജ്യത്ത് പ്രതിദിനം 77 ബലാത്സംഗ കേസുകള്‍
|നാഷണല്‍ ക്രൈംസ് റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
2020 ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം ശരാശരി 77 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ദേശീയ ക്രൈംസ് റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2020 ല്‍ രാജ്യത്താകമാനം 28,046 റേപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം സ്ത്രീകള്‍ക്കെതിരെ 3,71,503 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2018 ലേയും 2019 ലേയും കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മൊത്തം അതിക്രമങ്ങളില്‍ 2655 കേസുകള്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെയാണ്
രാജസ്ഥാനാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. 2020 ല്‍ 5310 റേപ്പ് കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉത്തര്‍ പ്രദേശ് , മധ്യപ്രദേശ് , മഹാരാഷ്ട്ര , ആസാം തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്ത് സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങള്‍.
2020 ല്‍ സ്ത്രീകള്‍ക്കെതിരെ 105 ആസിഡ് ആക്രമണങ്ങള്‍ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സ്ത്രീധനക്കേസുകളുമായി ബന്ധപ്പെട്ട് 6966 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.