News
പാരിതോഷികങ്ങളെല്ലാം അവർക്കു നൽകൂ
News

'പാരിതോഷികങ്ങളെല്ലാം അവർക്കു നൽകൂ'

Web Desk
|
22 April 2021 6:10 AM GMT

റെയിൽവേ ട്രാക്കിലെ ധീരകൃത്യത്തിനു ലഭിച്ച സമ്മാനത്തുകയുടെ പകുതിയും കുട്ടിക്കു തന്നെ നൽകി മയൂർ ഷെൽക്കെയുടെ ഹീറോയിസം വീണ്ടും

സ്വന്തം ജീവൻ പണയംവച്ചും ആറുവയസുകാരന്റെ ജീവൻ രക്ഷിക്കാൻ മനസ് കാണിച്ച 'റെയിൽവേ ഹീറോ' മയൂർ ഷെൽക്കെയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ലോകം. ഇതെങ്ങനെ ഒരാൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നുവെന്നാണ് എല്ലാവരും അത്ഭുതംകൂറിയത്. എന്നാൽ, വെറുതെ ഒരുൾവിളിയിൽ ചെയ്തതല്ല ആ ധീരകൃത്യമെന്ന് വീണ്ടും തെളിയിക്കുകയാണ് ഷെൽക്കെ. റെയിൽവേ മന്ത്രാലയത്തിൽനിന്ന് ലഭിച്ച പാരിതോഷിക്കത്തുകയുടെ പകുതിയും താൻ രക്ഷിച്ച കുട്ടിക്കും അവന്റെ അന്ധയായ അമ്മയ്ക്കും തന്നെ സമർപ്പിച്ച് വീണ്ടും ഹീറോയിസം കാണിച്ചിരിക്കുകയാണ് യുവാവ്.

50,000 രൂപയായിരുന്നു മന്ത്രാലയം ഷെൽക്കെയ്ക്ക് പാരിതോഷികമായി നൽകിയത്. പണം കുട്ടിയുടെ കുടുംബത്തിനു നൽകിയതിനു പുറമെ, ഇനി ആരെങ്കിലും തനിക്ക് പാരിതോഷികം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുട്ടിക്കോ അമ്മയ്‌ക്കോ ഈ പ്രതിസന്ധിക്കാലത്ത് ദാരിദ്ര്യമനുഭവിക്കുന്ന മറ്റാർക്കെങ്കിലുമൊക്കെ ആ തുക നൽകൂവെന്നും മയൂർ ഷെൽക്കെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. 'കോവിഡ 19 വൈറസ് സൃഷ്ടിച്ച പ്രയാസങ്ങളുടെ കാലമാണിത്. അതുകൊണ്ട് എനിക്ക് പാരിതോഷികം നൽകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് കുട്ടിക്കോ കുട്ടിയുടെ അമ്മയ്‌ക്കോ ഈ സമയത്ത് ആവശ്യമുള്ളവർക്കോ നൽകുക' ഷെൽക്കെ സമൂഹമാധ്യമത്തിൽ കുറിച്ചു.

റെയിൽവേക്കു പുറമെ ജാവ മോട്ടോർസൈക്കിളും ഷെൽക്കെക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജാവയുടെ പുതിയ ബൈക്ക് സമ്മാനിക്കുമെന്നാണ് ക്ലാസിക് ലെജൻഡ്സ് മേധാവി അനുപം തരേജ ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞയാഴ്ചയാണ് വാംഗണി സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽനിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ ബാലനെ ഷെൽക്കെ അത്ഭുതകരമായി രക്ഷിച്ചത്. ട്രെയിൻ എതിരെ വരുന്നതിനിടെയായിരുന്നു നിമിഷാർധങ്ങൾക്കിടയിലെ ഷെൽക്കെയുടെ രക്ഷാപ്രവർത്തനം. ഇതിന്റെ സിസിടിവി വിഡിയോ ദൃശ്യം പുറത്തെത്തിയതോടെയാണ് സംഭവം വൈറലായത്. ഷെൽക്കെക്ക് അഭിനന്ദനവുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

Similar Posts