ഓസ്‌കാറിൽ തിളങ്ങി 'നൊമാഡ്‌ലാൻഡ് '; മികച്ച നടൻ ആന്റണി ഹോപ്കിൻസ്, നടി മക്‌ഡോർമന്റ്
|മികച്ച ചിത്രം 'നൊമാഡ്‌ലാൻഡ് ', സംവിധാനം ക്ലോയ് ഷാവോ(നൊമാഡ്‌ലാൻഡ്), തിരക്കഥ എമറാൾഡ് ഫെന്നലിന്(പ്രോമിസിങ് യംഗ് വുമൺ)
93-ാമത് ഓസ്‌കർ പുരസ്‌കാര നിശയിൽ തിളങ്ങി 'നൊമാഡ്‌ലാൻഡ് '. ആന്റണി ഹോപ്കിൻസ് ആണ് മികച്ച നടൻ (ദി ഫാദർ). ഫ്രാൻസിസ് മക്‌ഡോർമന്റ് ആണു മികച്ച നടി(നൊമാഡ്‌ലാൻഡ്). 'നൊമാഡ്‌ലാൻഡ് ' ആണു മികച്ച ചിത്രം. സംവിധായിക ക്ലോയ് ഷാവോ(നൊമാഡ്‌ലാൻഡ്). എമറാൾഡ് ഫെന്നലി(പ്രോമിസിങ് യംഗ് വുമൺ)നാണ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം.
'ദി ഫാദറി'ൽ മറവി രോഗം ബാധിച്ച വൃദ്ധനെ അവതരിപ്പിച്ചാണ് ഹോപ്കിൻസ് പുരസ്‌കാരം സ്വന്തമാക്കുന്നത്. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയയാൾ കൂടിയാണ് 83കാരനായ ഹോപ്കിൻസ. ഇതു രണ്ടാം തവണയാണ് അദ്ദേഹം മികച്ച നടനാകുന്നത്. മൂന്നാം തവണയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മക്‌ഡോർമന്‍റിനെ തേടിയെത്തുന്നത്.
നടി, ചിത്രം, സംവിധാനം എന്നിങ്ങനെ മൂന്നു പുരസ്‌കാരങ്ങളാണ് 'നൊമാഡ്‌ലാൻഡ് ' വാരിക്കൂട്ടിയത്. മികച്ച സംവിധാനത്തിന് അക്കാദമി പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ചിത്രത്തിന്‍റെ സംവിധായികയായ ക്ലോയ് ഷാവോ. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരിയുമാണ് ചൈനീസ് വംശജയായ അവർ.
'ജൂദാസ് ആൻഡ് ദ് ബ്ലാക്ക് മിസ്സീയ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയൽ കലൂയക്കാണ് മികച്ച സഹനടനുള്ള പുരസ്‌കാരം. യൂ ജുങ് യോനിനാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം. ചിത്രം മിനാരി. നടനത്തിനുള്ള അക്കാദമി പുരസ്‌കാരം നേടുന്ന ആദ്യ കൊറിയക്കാരിയാണ് യൂ.
പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് പുരസ്‌കാര നിശ സംഘടിപ്പിച്ചത്. ലോസാഞ്ചലസിലെ ആർട് ഡെക്കോ യൂനിയൻ സ്‌റ്റേഷനിൽ തിങ്ങിനിറങ്ങ സദസില്ലാതെയാണ് പുരസ്‌കാര പ്രഖ്യാപനങ്ങൾ നടന്നത്. ഒരു വൈറസ് ലോകത്തെ കീഴടക്കുന്ന കഥ പറയുന്ന Contagion എന്ന ചിത്രത്തിന്റെ സംവിധായകൻ സ്റ്റീവൻ സോഡർബർഗാണ് ചടങ്ങ് ഒരുക്കിയത്.
മറ്റു പ്രധാന പുരസ്‌കാരങ്ങൾ:
ഛായാഗ്രഹണം: എറിക് മെസേർഷ്മിറ്റ്(മാൻക്)
എഡിറ്റിങ്: സൌണ്ട് ഓഫ് മെറ്റല്‍
അവലംബിത തിരക്കഥ: ക്രിസ്റ്റഫർ ഹാംപ്റ്റൺ, ഫ്‌ളോറിയൻ സെല്ലെർ(ദ ഫാദർ)
വിഷ്വൽ എഫക്ട്‌സ്: ടെനെറ്റ്
ആനിമേഷൻ ചിത്രം: സോൾ
വിദേശ ഭാഷാ ചിത്രം: അനദർ റൗണ്ട്
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്: സെർജിയോ ലോപെസ്, മിയ നീൽ, ജമിക വിൽസൺ(മാ റെയ്‌നി ബ്ലാക്ക് ബോട്ടം)
കോസ്റ്റിയൂം: ആൻ റോത്ത്
ആനിമേറ്റഡ് ഹ്രസ്വചിത്രം: ഇഫ് എനിത്തിങ് ഹാപ്പെൻസ് ഐ ലവ് യു
ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ