പള്ളിപ്പുറം സ്വര്‍ണ കവര്‍ച്ച: പ്രതികളുടെ ലക്ഷ്യം കാറിലെ രഹസ്യ അറയിലെ പണം
|കാറിനുള്ളില്‍ 1 കോടി രൂപയുണ്ടെന്നും ഇത് തട്ടിയെടുക്കണമെന്നായിരുന്നു പ്രതികളുടെ ലക്ഷ്യം.
പള്ളിപ്പുറം സ്വര്‍ണ്ണകവര്‍ച്ചകേസില്‍ പ്രതികള്‍ ലക്ഷ്യം വച്ചിരുന്നത് കാറിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണമെന്ന് പോലീസ്. കാര്‍ സ്റ്റാര്‍ട്ടാകാതെ വന്നപ്പോഴാണ് സ്വര്‍ണ്ണം തട്ടിയെടുത്തതെന്നും പോലീസ് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്.
സ്വര്‍ണ്ണ വ്യാപാരി സമ്പത്ത് സഞ്ചരിച്ച കാറിനുള്ളിലെ രഹസ്യഅറയില്‍ പണമുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയതാണ് കേസില്‍ നിര്‍ണ്ണായകമായത്. ആദ്യ ഘട്ടത്തില്‍ പോലീസിന് കൃത്യമായ വിവരം ഇയാള്‍ നല്‍കിയിരുന്നില്ല. വിശദമായ മൊഴിയെടുക്കലിനിടെയാണ് 75 ലക്ഷം രൂപയുടെ കാര്യം പുറത്താകുന്നത്. കാറിനുള്ളില്‍ 1 കോടി രൂപയുണ്ടെന്നും ഇത് തട്ടിയെടുക്കണമെന്നായിരുന്നു പ്രതികളുടെ ലക്ഷ്യം.
കേസില്‍ 4 പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പെരുമാതുറ സ്വദേശികളായ നെബിന്‍, അന്‍സര്‍, അണ്ടൂര്‍ക്കോണം സ്വദേശി ഫൈസല്‍ എന്നിവര്‍കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കവര്‍ച്ചമുതല്‍ വിറ്റതിനാണ് പെരുമാതുറ സ്വദേശി നൌഫല്‍ അറസ്റ്റിലായത്. 13 വളകള്‍, 7 മോതിരം, 4 കമ്മല്‍, 73,500 രൂപ എന്നിവ പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.