News
കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നിലും കടലിലും ചാടി: ആത്മഹത്യക്ക് പലതവണ ശ്രമിച്ചെന്ന് സനുമോഹന്‍
News

കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നിലും കടലിലും ചാടി: ആത്മഹത്യക്ക് പലതവണ ശ്രമിച്ചെന്ന് സനുമോഹന്‍

Web Desk
|
19 April 2021 5:59 AM GMT

താന്‍ ആത്മഹത്യ ചെയ്താല്‍ മകളെ മറ്റാരെങ്കിലും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പേടിച്ചാണ് മകളെ കൊലപ്പെടുത്തിയത്

മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് പിടിയിലായ ശേഷം പിതാവ് സനുമോഹന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. മകളെ പുഴയിലെറിഞ്ഞെങ്കിലും തനിക്ക് അവിടെ വെച്ച് അതിന് കഴിഞ്ഞില്ല. ആത്മഹത്യ ചെയ്യണമെന്ന് കരുതിയാണ് അവിടെ നിന്ന് പോയത്. പലയിടങ്ങളില്‍ പോയി. രണ്ടുമൂന്നുതവണ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ചു, കടലില്‍ ചാടാന്‍ ശ്രമിച്ചു. ബീച്ചില്‍ വെച്ച് ഒരു കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അങ്ങനെ മൂന്നുതവണ ആത്മഹത്യ ശ്രമങ്ങള്‍ നടത്തി. പൊലീസ് പിടികൂടുമ്പോള്‍ സനുമോഹന്‍റെ കൈത്തണ്ടയില്‍ മുറിവിന്‍റെ പാടുണ്ടായിരുന്നു. ഇത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെയാണ് എന്നാണ് മനസ്സിലാകുന്നത്.

താന്‍ ആത്മഹത്യ ചെയ്താല്‍ മകളെ മറ്റാരെങ്കിലും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പേടിച്ചാണ് മകളെ കൊലപ്പെടുത്തിയത് എന്നാണ് സനുമോഹന്‍ പൊലീസിനോട് പറഞ്ഞത്. അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താലോ എന്നതും ആശങ്കപ്പെടുത്തി. അത്തരത്തില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും സനുമോഹന്‍ പറയുന്നു. ഇതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അഞ്ചുവര്‍ഷം മുമ്പുവരെ പൂനയില്‍ വിവിധ ബിസിനസ്സുകള്‍ ഉണ്ടായിരുന്നു സനുമോഹന്. അവിടെ നിന്ന് പലരുടെയും പണം തട്ടിയെടുത്ത ശേഷമാണ് ഇയാള്‍ കൊച്ചിയിലെത്തുന്നത്. ചങ്ങരപ്പടിയില്‍ ഭാര്യയുടെ പേരിലായിരുന്നു ഇത്. മുന്നോട്ടുള്ള ജീവിതത്തില്‍ വരുമാനത്തിന് സനുമോഹന് മുന്നില്‍ മറ്റവഴികളൊന്നുമില്ലായിരുന്നു. അതിന് പിന്നീട് കടം വാങ്ങാന്‍ തുടങ്ങി. കടം പെരുകി പെരുകി അത് കൊടുത്ത് തീര്‍ക്കാന്‍ കഴിയാതെ വന്നു. കടം നല്‍കിയവരുടെ ഭാഗത്തുനിന്ന് അത് തിരിച്ചുചോദിച്ചുകൊണ്ടുള്ള വന്‍ സമ്മര്‍ദ്ദവുമുണ്ടായി. അതോടെ ആത്മഹത്യമാത്രമാണ് മുന്നിലുള്ള പോംവഴി എന്നായി.

മുട്ടാർ പുഴയിൽ 13 കാരി വൈഗയെന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹനെ മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സനുമോഹന്‍ പൊലീസ് പിടിയിലാകുന്നത്.

മാര്‍ച്ച് 21 ന് ഭാര്യയെ ഭാര്യവീട്ടിലാക്കിയ ശേഷം മകളെയും കൊണ്ട് കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തി അവിടെ വെച്ച് മകളെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തുകയായിരുന്നുവെന്നാണ് സനുമോഹന് പൊലീസിനോട് പറഞ്ഞത്‍. തനിക്ക് വലിയ രീതിയിലുള്ള കടബാധ്യതകളുണ്ടെന്നും അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും തന്‍റെ കൂടെ വരണമെന്നും മകളോട് പറഞ്ഞു. അപ്പോള്‍ അമ്മയെന്ത് ചെയ്യുമെന്ന് ചോദിച്ച മകളോട് അമ്മയെ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് കരയുന്നു. ആ സമയത്താണ് മകളെ ശ്വാസംമുട്ടിച്ചത്. അതോടെ മകള്‍ അബോധാവസ്ഥയിലായി. അതിന് ശേഷം വൈഗയെ തുണിയില്‍ പൊതിഞ്ഞ് കാറില്‍ കയറ്റി മുട്ടാര്‍ പുഴയുടെ തീരത്ത് കൊണ്ടുവന്ന് അവിടെയുള്ള ഒരു കലുങ്കില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.

വൈഗയെ കൊലപ്പെടുത്തിയ കേസില്‍ സനുമോഹന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ സനുമോഹനെയും മകളെയും കാണാനില്ലെന്ന് ഭാര്യ നല്‍കിയ പരാതിയുണ്ട്. ആലപ്പുഴയിലെ സ്വന്തം വീട്ടിലാണ് ഇപ്പോള്‍ സനുമോഹന്‍റെ ഭാര്യയുള്ളത്. കളമശേരി പൊലീസ് സ്റ്റേഷനില്‍ മുട്ടാര്‍പുഴയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതിലും കേസ് ഉണ്ട്.

Similar Posts