"ആമസോണ്‍ ഷോപ്പിങ്ങിലൂടെ ഒരുവര്‍ഷം 75 മണിക്കൂര്‍ ലാഭം": ജെഫ് ബെസോസ്
|സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ഓഹരിയുടമകള്‍ക്കയച്ച കത്തിലാണ് ജെഫ് ബെസോസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പണം മാത്രമല്ല ധാരാളം സമയം ലാഭിക്കാനും ആമസോണ്‍ ഷോപ്പിങ് ആളുകളെ സഹായിക്കുന്നുവെന്ന് സി.ഇ.ഒ ജെഫ് ബെസോസ്. ആമസോണ്‍ ഡെലിവറി സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നതിലൂടെ വര്‍ഷത്തില്‍ 75 മണിക്കൂറുകളാണ് ലാഭിക്കാനാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ഓഹരിയുടമകള്‍ക്കയച്ച കത്തിലാണ് ജെഫ് ബെസോസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലായിരിക്കും ബെസോസിന്റെ സ്ഥാനമാറ്റം. വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സി.ഇ.ഒ. ബെസോസ് ഇനി എക്സിക്യുട്ടീവ് ചെയര്‍മാനായി പ്രവര്‍ത്തിക്കും.
27 വര്‍ഷം മുന്‍പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. അന്നുമുതല്‍ ബെസോസാണ് സി.ഇ.ഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. തുടര്‍ച്ചയായി മൂന്നു പാദങ്ങളില്‍ ലാഭം കൈവരിക്കുകയും വില്പനയില് റെക്കോര്‍ഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്ഥാനമാറ്റത്തിന് ബെസോസ് തയ്യാറെടുക്കുന്നത്.