കടകള്‍ രാത്രി 9 മണിവരെ മാത്രം: പ്രതിഷേധവുമായി വ്യാപാരികൾ
|റമദാൻ ആരംഭിച്ചതോടെ കടകൾ നേരത്തെ അടക്കുന്നത് ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ വരുന്നതിന് ഇടയാകും.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പത് മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. മാന്ദ്യത്തിലായിരുന്ന വിപണി തിരികെ വരുന്നതിനിടെയുള്ള നിയന്ത്രണങ്ങള്‍ പ്രതിസന്ധിയിലാക്കുമെന്ന് വ്യാപരികള്‍ പറയുന്നു. നടപടിയുമായി സഹകരിക്കുന്ന കാര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം ഉടനുണ്ടാകും.
കോവിഡില്‍ തകര്‍ന്ന വിപണി നീണ്ടവേളക്ക് ശേഷം തിരിച്ചുപിടിക്കുന്നതിനിടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രവർത്തന സമയം രാത്രി ഒമ്പത് വരെയാക്കിയതും ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറച്ചതും ബുദ്ധിമുട്ടിലാക്കുമെന്ന് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് പറഞ്ഞു.
സർക്കാർ തീരുമാനത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇതുവരെ സ്വാഗതം ചെയ്തിട്ടില്ല. നിലപാട് സ്വീകരിക്കാന്‍ സമിതി അടുത്ത ദിവസം യോഗം ചേരും. എന്നാൽ, സർക്കാർ നിർദേശത്തെ ഒരു വിഭാഗം വ്യാപാരികൾ സ്വാഗതം ചെയ്യുന്നുണ്ട്.
റമദാൻ ആരംഭിച്ചതോടെ കടകൾ നേരത്തെ അടക്കുന്നത് ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ വരുന്നതിന് ഇടയാകും. അതിനാല്‍ സമയം നീട്ടണമെന്ന ആവശ്യവും വ്യാപാരികൾ മുന്നോട്ട് വെക്കുന്നു.