News
അമേരിക്കയില്‍ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ്‌ വെടിവച്ച്‌ കൊന്നു; പ്രതിഷേധം ഉയരുന്നു
News

അമേരിക്കയില്‍ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ്‌ വെടിവച്ച്‌ കൊന്നു; പ്രതിഷേധം ഉയരുന്നു

Web Desk
|
22 April 2021 6:40 AM GMT

വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന മഖിയ ബ്രയന്റ് എന്ന പെണ്‍കൂട്ടിയാണ് കൊല്ലപ്പെട്ടത്.

അമേരിക്കയിലെ കൊളംബസിൽ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ്‌ വെടിവച്ച്‌ കൊന്നു. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന മഖിയ ബ്രയന്റ് എന്ന പെണ്‍കൂട്ടിയാണ് കൊല്ലപ്പെട്ടത്.

വൈകീട്ട് 4.30 ഓടു കൂടി സഹായം തേടി മഖിയ തന്നെയാണ് പൊലീസിനെ വിളിച്ചതെന്ന് അവളുടെ ആന്‍റി ഹസെല്‍ ബ്രയന്‍റ് പറയുന്നു. സ്ഥലത്തെ കുറച്ച് മുതിര്‍ന്ന കുട്ടികള്‍ അവളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതിനെ തുടര്‍ന്നാണ് മഖിയ പോലീസില്‍ വിവരമറിയിച്ചതെന്നും ഹസെല്‍ പറയുന്നു. എന്തായിരുന്നു മഖിയക്കു നേരെയുണ്ടായ ഭീഷണി എന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ല.

മഖിയയുടെ ഫോണ്‍ കോള്‍ വന്നിരുന്നോ ഇല്ലയോ എന്നത് സംബന്ധിച്ച് വ്യക്തമാക്കാന്‍ ഇതുവരെ കൊളംബസ് പോലീസ് ഡിപ്പാര്‍ട്ടുമെന്‍റും തയ്യാറായില്ല. പൊലീസ് വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ മഖിയയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.


എന്നാല്‍ ഒരു സ്ത്രീ തങ്ങളെ കുത്തിക്കൊല്ലാൻ ശ്രമിക്കുന്നു എന്ന ടെലിഫോണിൽക്കൂടി വന്ന പരാതിയെത്തുടർന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയത് എന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്. തെളിവിനായി പൊലീസുകാരുടെ യൂണിഫോമിൽ ഘടിപ്പിച്ച ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. മാത്രമല്ല, പെണ്‍കുട്ടിയെ വെടിവെച്ച പൊലീസുകാരന്റെ പേരും ഇതുവരെ പുറത്ത് വിടാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജോര്‍ജ് ഫ്‌ളോയിഡ് കേസില്‍ വിധി പറയുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് മഖിയ ബ്രയന്‍റിന്‍റെ കൊലപാതകം ഉണ്ടായിരിക്കുന്നത്.

പൊലീസുകാര്‍ പുറത്ത് വിട്ട ദൃശ്യങ്ങളിലുള്ളത് മൂന്ന് പെണ്‍കുട്ടികളാണ്. കത്തി കൈയില്‍ പിടിച്ച ഒരു പെണ്‍കുട്ടി രണ്ട് പെണ്‍കുട്ടികളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും കത്തി കൈയില്‍ പിടിച്ച് മറ്റ് രണ്ട് പെണ്‍കുട്ടികളെ ആക്രമിക്കുന്ന പെണ്‍കുട്ടി മഖിയയാണെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇത് വ്യക്തമല്ല. മാത്രമല്ല, എന്തിനാണ് മഖിയ കത്തി കൈയിലെടുത്തത് എന്നത് സംബന്ധിച്ചും വ്യക്തമായ മറുപടി പൊലീസിന് നല്‍കാനായിട്ടില്ല.


പൊലീസിന്‍റെ ‌ക്രൂരതയ്‌ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് ഒട്ടും യാഥാര്‍ത്ഥ്യമായി തോന്നുന്നില്ല. എന്നാല്‍ ഈ ലോകത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. വളരെ സാധാരണ സംഭവമായി ഇത്തരം ആക്രമണങ്ങള്‍ മാറിയിരിക്കുന്നുവെന്നത് എന്നെ വേദനിപ്പിക്കുന്നു എന്ന് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

Related Tags :
Similar Posts