കർഷകർക്കു മുമ്പിൽ മോദി മുട്ടുമടക്കിയ വർഷം, മമതയും സ്റ്റാലിനും വാണ കാലം
|കലാപങ്ങളില്ലാതെ ഈ വർഷവും കടന്നു പോയില്ല. ത്രിപുരയിലെ മുസ്‌ലിം വിരുദ്ധകലാപവും ക്രിസ്ത്യൻ സമുദായത്തിനെതിരെയുള്ള ആക്രമണങ്ങളും രാജ്യത്തിന് കളങ്കമായി
2014ൽ അധികാരം ഏറ്റെടുത്ത ശേഷം കേന്ദ്രസർക്കാർ കീഴടങ്ങിയ ചരിത്രം കേട്ട വർഷമാണ് 2021. പാടത്തും പറമ്പത്തും പണിയെടുത്തെത്തിയ കർഷകരുടെ ജ്വലിക്കുന്ന വീര്യത്തിന് മുമ്പിലാണ് കേന്ദ്രസർക്കാറിന് അടിയറവു പറയേണ്ടി വന്നത്. ഒരു രാഷ്ട്രീയകക്ഷിയുടെയും പിന്തുണയില്ലാതെയായിരുന്നു കർഷകരുടെ വിജയം. രാഷ്ട്രീയത്തിൽ ബിജെപി പതിവു പോലെ അപ്രമാദിത്വം നിലനിർത്തിയപ്പോൾ പ്രധാനപ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വമില്ലാതെ ഉഴറി. കോൺഗ്രസിനെ മറികടന്ന് മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ബിജെപി വിരുദ്ധ കക്ഷികളെ ഡൽഹിയിൽ ഒരുമിപ്പിക്കുന്ന കാഴ്ചയും കണ്ടു. വർഗീയത ബിജെപിയുടെ ഏറ്റവും ഫലവത്തായ പ്രചാരണായുധമായി തുടരുന്നു. അയോധ്യയിൽ നിന്ന് വരുംവർഷം അത് കാശിയിലേക്കും മഥുരയിലേക്കും പറിച്ചുനടാൻ ഒരുങ്ങുകയാണ് പാർട്ടി. അതിനിടെ, ബംഗാളിലെ തെരഞ്ഞെടുപ്പിൽ കൊമ്പുകുലുക്കിയെത്തിയ ബിജെപിയെ ചവിട്ടിമെതിച്ച് മമതയുടെ അശ്വമേധം കടന്നുപോയി. അതിന്റെ തുടർചലനങ്ങൾ ഇനിയും നിലച്ചിട്ടില്ല. ദക്ഷിണേന്ത്യയിൽ സ്റ്റാലിൻ തമിഴരുടെ കൈയടി നേടി. കലാപങ്ങളില്ലാതെ ഈ വർഷവും കടന്നു പോയില്ല. ത്രിപുരയിലെ മുസ്‌ലിം വിരുദ്ധകലാപവും ക്രിസ്ത്യൻ സമുദായത്തിനെതിരെയുള്ള ആക്രമണങ്ങളും രാജ്യത്തിന് കളങ്കമായി.
ജ്വലിച്ച കർഷക വീര്യം
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരവിജയങ്ങളിൽ ഒന്നായിരുന്നു കർഷകരുടേത്. എഴുനൂറിലധികം കർഷകർക്കാണ് കർഷകസമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടത്. തീവ്രവാദബന്ധമാരോപിച്ചും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയും ഡൽഹി അതിർത്തി മുഴുവൻ മുള്ളുവേലികൾ സ്ഥാപിച്ചുമെല്ലാം കർഷകസമരത്തെ പരാജയപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചു. കേന്ദ്രസർക്കാർ വെച്ചുനീട്ടിയ ചെറിയ ചെറിയ വാഗ്ദാനങ്ങളിലൊന്നും അവർ വീണില്ല.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരവിജയങ്ങളിൽ ഒന്നായിരുന്നു കർഷകരുടേത്. കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020, അവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിവയ്‌ക്കെതിരെയായിരുന്നു കർഷകരുടെ പോരാട്ടം. സെപ്തംബർ 14ന് പാർലമെന്റിൽ അവതരിപ്പിച്ച ഓർഡിനൻസ് 17ന് ലോക്സഭയും 20ന് രാജ്യസഭയും പാസാക്കി. 27ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമായി.
കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവില, കാർഷിക സബ്സിഡി, ഭക്ഷ്യ സബ്സിഡി, പൊതുവിതരണ സമ്പ്രദായം എന്നിവയാണ് എന്നന്നേക്കുമായി പുതിയ നിയമങ്ങളിലൂടെ ഇല്ലാതായത്. വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിളകൾ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏർപ്പെടാനും വില നിശ്ചയിക്കാനും പുതിയ നിയമത്തിലൂടെ കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ, കർഷകന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലെവിടെ നിന്നും ഏത് ബഹുരാഷ്ട്ര കുത്തകൾക്കും എത്ര വേണമെങ്കിലും വാങ്ങാം എന്നുള്ളതാണ് ഇതിലെ ചതിക്കുഴി. ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്നതാണ് കർഷക സംഘടനകൾ ആദ്യമേ വിലയിരുത്തിയത്.
എഴുനൂറിലധികം കർഷകർക്കാണ് കർഷകസമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടത്. തീവ്രവാദബന്ധമാരോപിച്ചും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയും ഡൽഹി അതിർത്തി മുഴുവൻ മുള്ളുവേലികൾ സ്ഥാപിച്ചുമെല്ലാം കർഷകസമരത്തെ പരാജയപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചു. കേന്ദ്രമന്ത്രിമാർ മുതൽ സാധാരണ ബിജെപി നേതാക്കൾ വരെ കർഷകരെ ഭീഷണിപ്പെടുത്തി. കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം രാജ്യത്താകെ പടർന്നപ്പോഴും കർഷകർ തങ്ങളുടെ പോരാട്ടവീരം തകരാതെ മുന്നേറി. കേന്ദ്രസർക്കാർ വെച്ചുനീട്ടിയ ചെറിയ ചെറിയ വാഗ്ദാനങ്ങളിലൊന്നും അവർ വീണില്ല. ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപൂരിൽ സമരംചെയ്യുന്ന കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റി നാല് കർഷകരെ കൊന്നു. നിരവധി കർഷകർക്ക് പരിക്കേറ്റു.
ഒരു വർഷത്തോളം നീണ്ട സമരത്തിൽ എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടും കാർഷിക നിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യത്തിൽ നിന്ന് സമരക്കാർ പിന്നോട്ട് പോയില്ല. ഒടുവിൽ കേന്ദ്രസർക്കാർ മുട്ടുമടക്കി. നവംബർ 19ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നവംബർ 29ന് പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിൽ മൂന്ന് നിയമങ്ങളും കേന്ദ്രം പിൻവലിച്ചു. വിവിധ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഈ തീരുമാനത്തിൽ നിർണായകമായി.
പഞ്ചാബിൽ ക്യാപ്റ്റൻ ഔട്ട്; ഛന്നി മുഖ്യമന്ത്രി
ഏറെനാൾ നീണ്ട ചേരിപ്പോരിനൊടുവിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. നവജ്യോത് സിങ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള പോരാണ് ഒടുവിൽ ക്യാപ്റ്റന് പുറത്തേക്ക് വഴിതുറന്നത്. പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം പലശ്രമങ്ങളും നടത്തിയിരുന്നു. ഒടുവിൽ സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയെങ്കിലും ഇരുവരും തമ്മിലുള്ള ഭിന്നതക്ക് അറുതിയായില്ല. പാർട്ടിയിലെ ഭൂരിഭാഗം എംപിമാരും എംഎൽഎമാരും അമരീന്ദറിന് എതിരായതോടെയാണ് അദ്ദേഹത്തെ നീക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
അമരീന്ദർ സിങ്ങിന്റെ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചരൺജിത്ത് സിങ് ഛന്നിയാണ് പുതിയ മുഖ്യമന്ത്രി. സുഖ്ജീന്ദർ സിങ് രൺധാവ, ഒ.പി സോണി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചന്നി. നവജ്യോത് സിങ് സിദ്ദുവിന്റെ വിശ്വസ്തനായിരുന്ന ചന്നി അധികാരമേറ്റ ശേഷം സിദ്ദുവിന്റെ ചില പിടിവാശികൾ മൂലം ഇവർക്കിടയിലും ഭിന്നതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
2022ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് അധികാരം നിലനിർത്തുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതോടെ കോൺഗ്രസുമായി ഇടഞ്ഞ അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം നിൽക്കാനുള്ള നീക്കത്തിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടി നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഛണ്ഡീഗഡ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ അവർ വരവറിയിച്ചിട്ടുണ്ട്.
വംഗനാട്ടിൽ ബിജെപിയെ മലർത്തിയടിച്ച് മമത; തമിഴ്നാട്ടിൽ സ്റ്റാലിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് തെരഞ്ഞെടുപ്പ് തന്ത്രങ്ങളാവിഷ്‌കരിച്ചിട്ടും പശ്ചിമ ബംഗാളിൽ ബിജെപിയെ മലർത്തിയടിച്ച് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തി. ബംഗ്ലാദേശ് കുടിയേറ്റവും മാവോയിസ്റ്റ് ബന്ധവും അടക്കം വർഗീയതും തീവ്രവാദവും പ്രാദേശിക വാദവുമെല്ലാം തരംപോലെ എടുത്ത് വീശിയിട്ടും മമതയുടെ വിശ്വസ്തരെ അടക്കം സ്വന്തം പാളയത്തിലെത്തിച്ചിട്ടും ബംഗാളിൽ ബിജെപി നിലംതൊട്ടില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് മമത മൂന്നാം തവണ അധികാരത്തിലെത്തിയത്. ബിജെപിക്ക് 77 സീറ്റ് മാത്രമാണ് നേടാനായത്.
തമിഴ്നാട്ടിൽ ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ മുഖ്യമന്ത്രിയായി. 234 അംഗ നിയമസഭയിൽ 158 സീറ്റുനേടിയാണ് ഡിഎംകെ സഖ്യം അധികാരത്തിലേറിയത്. ഡിഎംകെക്ക് മാത്രം 133 സീറ്റ് ലഭിച്ചു. എഐഎഡിഎംകെക്ക് 76 സീറ്റാണ് ലഭിച്ചത്. അസമിൽ ബിജെപി ഭരണം നിലനിർത്തി. ഹിമന്ദ ബിശ്വ ശർമയാണ് പുതിയ മുഖ്യമന്ത്രി. 126 അംഗ നിയമസഭയിൽ ബിജെപിക്ക് 60 സീറ്റാണുള്ളത്. സഖ്യകക്ഷികളായ അസം ഗണപരിഷതിന് ഒമ്പതും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് ആറും അംഗങ്ങളുണ്ട്.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ് ഭരണം നേടി. എൻ. രംഗസ്വാമിയാണ് പുതിയ മുഖ്യമന്ത്രി. നാലാം തവണയാണ് രംഗസ്വാമി മുഖ്യമന്ത്രിയാവുന്നത്. കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2011ൽ രംഗസ്വാമി രൂപീകരിച്ച പാർട്ടിയാണ് എൻ.ആർ കോൺഗ്രസ്.
ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ്; മുഖം മിനുക്കാൻ പുതിയ മുഖ്യമന്ത്രിമാർ
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിമാരെ മാറ്റി ബിജെപിയുടെ പുതിയ പരീക്ഷണം. ഭൂപേന്ദ്ര പട്ടേൽ ആണ് പുതിയ ഗുജറാത്ത് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധത്തിലടക്കം വീഴ്ചയുണ്ടായതായി വിമർശനമുയർന്നതോടെയാണ് വിജയ് രൂപാണിയെ കേന്ദ്രനേതൃത്വം ഇടപെട്ട് മാറ്റിയത്.
ബി.എസ് യെദിയൂരപ്പക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനമുയർന്നതോടെയാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയത്. ബസവരാജ് ബൊമ്മെയാണ് പുതിയ മുഖ്യമന്ത്രി. ലിംഗായത്ത് സമുദായക്കാരനായ ബൊമ്മെ യെദിയൂരപ്പ് മന്ത്രിസഭയിൽ ആഭ്യന്തര-നിയമ-പാർലമെന്ററികാര്യ മന്ത്രിയായിരുന്നു. മുൻ മുഖ്യന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദൾ നേതാവുമായിരുന്ന എസ്.ആർ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ.
പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയെ മാറ്റി. പുഷ്‌കർ സിങ് ധാമിയാണ് പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് ധാമി. 2017ൽ ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ധാമി. വിഭാഗീയതയെ തുടർന്ന് 2021 മാർച്ചിലാണ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചത്. തുടർന്ന് തീരഥ് സിങ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. കോവിഡ് സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതേ തുടർന്ന് അദ്ദേഹത്തിനും രാജിവെക്കേണ്ടി വന്നു. ഇതോടെയാണ് പുഷ്‌കർ സിങ് ധാമിക്ക് അവസരം ലഭിച്ചത്.
ത്രിപുരയിൽ മുസ്ലിം വിരുദ്ധ കലാപം
ബിജെപി അധികാരത്തിലെത്തിയതോടെ ത്രിപുര, അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്നാണ് 2021ലെ കണക്കുകൾ പറയുന്നത്. ബംഗ്ലാദേശിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് ഹിന്ദുക്കൾക്കെതിരെ അക്രമം നടന്നതിന്റെ പേരു പറഞ്ഞാണ് ത്രിപുരയിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സംഘ്പരിവാർ ക്രിമിനലുകൾ അഴിഞ്ഞാടിയത്.
ത്രിപുരയിലെ എട്ട് ജില്ലകളിൽ നാലിടത്തും അക്രമം അരങ്ങേറിയിട്ടുണ്ട്. നോർത്ത് ത്രിപുര ജില്ലയുടെ ആസ്ഥാനമായ ധരംനഗറിലെ പാനി സാഗറിലാണ് ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വസുതാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഘടിച്ചെത്തുന്ന ആൾക്കൂട്ടം മുസ്ലിം പ്രദേശങ്ങൾ ലക്ഷ്യം വെച്ചെത്തുകയും മസ്ജിദുകൾ തകർക്കുകയും കടകളും വീടുകളും അഗ്നിക്കിരയാക്കുകയുമാണ് ചെയ്തത്. പ്രദേശത്തിന് പുറത്തുനിന്നുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാകുന്നതായി കലാപത്തിന് ഇരയാക്കപ്പെട്ടവർ പറയുന്നു.
ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ ആക്രമണങ്ങൾക്ക് ഇവിടെ മറുപടി നൽകണമെന്ന് ഒരു വിഭാഗം സംസ്ഥാനത്ത് ബോധപൂർവം പ്രചാരണം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ആക്രമണങ്ങൾ. ഈ പ്രചാരണത്തിൽ പ്രാദേശിക ജനത വീണുപോയിട്ടില്ലെന്നും പുറത്തുനിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നും പാനി സാഗറിലെ ഇരകൾ ഡൽഹിയിൽ നിന്ന് പോയ വസ്തുതാന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആക്രമണം ആസൂത്രിതമായിരുന്നുവെന്നും മസ്ജിദുകളും മുസ്ലിം കേന്ദ്രങ്ങളുമാണ് തകർക്കപ്പെട്ടതെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി.
മുസ് ലിംകൾക്കെതിരായ വംശീയ അക്രമത്തിൽ പൊലീസും ഭരണകൂടവും അക്രമികളെ സഹായിക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് കണ്ടെത്തിയ വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കുകയാണ് സർക്കാർ ചെയ്തത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർക്കെതിരേയാണ് ത്രിപുര പൊലീസ് യു.എ.പി.എ ചുമത്തിയത്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ (പി.യു.സി.എൽ) ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ മുകേഷ്, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസിന്റെ (എൻ.സി.എച്ച്.ആർ.ഒ) അഭിഭാഷകനായ അൻസാർ ഇൻഡോറി എന്നിവർക്കെതിരെ യുഎപിഎ 13-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കർണാടകയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് നേരെയും വലിയ തോതിൽ അക്രമങ്ങൾ ഉണ്ടായി. ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുന്ന സംഭവങ്ങളും അരങ്ങേറി. അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്.