എല്ലാ കവാടങ്ങളും അടഞ്ഞു; സൗദി യാത്രക്കാര്‍ ധർമസങ്കടത്തിൽ
|യുഎഇയിൽനിന്നുള്ള യാത്രയ്ക്കുള്ള വിലക്ക് പിൻവലിക്കുമെന്ന് പ്രതീക്ഷ
ട്രാൻസിറ്റ് യാത്രക്കാർക്ക് നേപ്പാൾ വിലക്കേർപ്പെടുത്തിയതോടെ സൗദിയിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസികൾ ദുരിതത്തിൽ. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് മെയ് 17ന് ആരംഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോഴില്ല. നേരത്തെ യുഎഇയും ഒമാനും ഇടത്താവളമാക്കി സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ തിരിച്ചുപോയ നൂറുകണക്കിനാളുകളും ഇപ്പോൾ നേപ്പാളിൽ കുടുങ്ങിയവരിൽ ഉൾപ്പെടും.
ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാൽ പ്രവാസികൾ നേപ്പാൾ, ബഹ്‌റൈൻ, മാലിദ്വീപ് എന്നിവയായിരുന്നു ഇടത്താവളമായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, പിന്നീട് മാലി വിലക്കേർപെടുത്തുകയും ബഹ്‌റൈൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തു. ഇതോടെ ഭൂരിപക്ഷം യാത്രക്കാരും നേപ്പാളിനെയാണ് ആശ്രയിച്ചിരുന്നത്. വിസയും എൻഒസിയും ആവശ്യമില്ല എന്നതും നേപ്പാൾ വഴിയുള്ള യാത്രികരുടെ എണ്ണം കൂടാൻ കാരണമായി. പതിനായിരത്തോളം സൗദി യാത്രികർ ഇപ്പോൾ നേപ്പാളിലുണ്ടെന്നാണ് കണക്ക്. ലക്ഷം രൂപ വരെ നൽകി എത്തിയവരാണ് ഇവരിൽ കൂടുതലും.
യുഎഇ, ഒമാൻ രാജ്യങ്ങളും ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപെടുത്തിയതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളും ലക്ഷ്യമിട്ടിരുന്നത് നേപ്പാളിനെയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് അടുത്തൊന്നും നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കില്ലെന്നാണ് സൂചന. യുഎഇയുടെ കാര്യത്തിൽ വല്ല ഇളവും സൗദി അനുവദിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്്. അങ്ങനെ വന്നാൽ വീണ്ടും ദുബൈ ഇടത്താവളമാക്കി പ്രവാസികൾക്ക് സൗദിയിലേക്ക് തിരിക്കാൻ സാധിക്കും. ഏതായാലും അടുത്ത മാസം ആദ്യവാരത്തോടെ യുഎഇക്കുള്ള യാത്രാവിലക്ക് സൗദി പിൻവലിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.