News
ഇന്ത്യയിലെ കോവിഡ് വ്യാപനം; ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും
News

ഇന്ത്യയിലെ കോവിഡ് വ്യാപനം; ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും

Web Desk
|
28 April 2021 2:27 AM GMT

ഒക്ടോബർ 18 മുതൽ നവംബർ 13 വരെയാണ് ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടത്താനിരുന്ന ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാൻ ആലോചന. ഐപിഎൽ മത്സരത്തിൽനിന്ന് വിദേശതാരങ്ങൾ പിൻവാങ്ങുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വേദി മാറ്റാൻ ആലോചിക്കുന്നത്. നിലവിൽ ഐസിസി ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്.

ഒക്ടോബർ 18 മുതൽ നവംബർ 13 വരെയാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഒൻപത് വേദികളുടെ പട്ടിക കഴിഞ്ഞയാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ഐസിസിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിറകെയാണ് കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ ഐപിഎല്ലിൽനിന്ന് വിദേശ, ഇന്ത്യൻ താരങ്ങൾ പിന്മാറുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ ആസ്‌ത്രേലിയയിലാണ് ആദ്യം ലോകകപ്പിന് വേദി നിശ്ചയിച്ചിരുന്നത്. എന്നാൽ, അവിടത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് മത്സരങ്ങൾ ഈ വർഷം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചു. 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. നിരവധി ചർച്ചകൾക്കുശേഷം പാകിസ്താൻ ടീം ലോകകപ്പിനുണ്ടാകുമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞയാഴ്ചയാണ്.

ബംഗളൂരു, ചെന്നൈ, ധരംശാല, കൊൽക്കത്ത, ഹൈദരാബാദ്, ലക്‌നോ, മുംബൈ, ന്യൂഡൽഹി, അഹ്‌മദാബാദ് എന്നീ നഗരങ്ങളിലാണ് ഇന്ത്യ ലോകകപ്പിന് വേദിയൊരുക്കുന്നത്. ഈ നഗരങ്ങളെല്ലാം നിലവിൽ കോവിഡിന്റെ പിടിയിലാണ്. ഇതിനിടയിലാണ് കോവിഡ് മൂലം മാറ്റിവച്ച കഴിഞ്ഞ വർഷത്തെ ഐപിഎൽ മത്സരം വിജയകരമായി പൂർത്തീകരിച്ച യുഎഇയെ ലോകകപ്പിനു വേണ്ടിയും പരിഗണിക്കാൻ കാരണം. എന്നാൽ, ഇത് സംബന്ധിച്ച് ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടിയന്തിര സാഹചര്യമുണ്ടായാൽ വേദി മാറ്റാൻ സജ്ജമാണെന്ന് ഐസിസി താൽക്കാലിക സിഇഒ ജെഫ് അല്ലാർഡെസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈയാഴ്ച പ്രത്യേക ഐസിസി സംഘം ഇന്ത്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എത്തുമെന്നും അറിയുന്നുണ്ട്.

Similar Posts