News
വൈഗയുടെ കൊലപാതകം: സനു മോഹന്‍ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ
News

വൈഗയുടെ കൊലപാതകം: സനു മോഹന്‍ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ

Web Desk
|
19 April 2021 5:27 AM GMT

മകളെ പുഴയിലേക്ക് തള്ളിയിട്ടു, ആത്മഹത്യ ചെയ്യാന്‍ പല തവണ ശ്രമിച്ചു

മുട്ടാർ പുഴയിൽ 13 കാരി വൈഗയെന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹനെ മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കർണാടക പോലീസിന്‍റെ സഹായത്തോടെ കൊച്ചി പൊലീസ് പിടികൂടിയത്. മകളെ പുഴയിലേക്ക് തള്ളിയിട്ടത് താനെന്ന് സനുമോഹൻ പൊലീസിനോട് സമ്മതിച്ചു. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

മാര്‍ച്ച് 21 ന് ഭാര്യയെ ഭാര്യവീട്ടിലാക്കിയ ശേഷം മകളെയും കൊണ്ട് കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തി. അവിടെ വെച്ച് തനിക്ക് വലിയ രീതിയിലുള്ള കടബാധ്യതകളുണ്ടെന്നും അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും തന്റെ കൂടെ വരണമെന്നും മകളോട് പറഞ്ഞു. അപ്പോള്‍ അമ്മയെന്ത് ചെയ്യുമെന്ന് മകള്‍ ചോദിക്കുന്നു. അമ്മയെ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് കരയുന്നു. ആ സമയത്ത് മകളെ ശ്വാസംമുട്ടിക്കുകയായിരുന്നു. അതോടെ മകള്‍ അബോധാവസ്ഥയിലായി.

അതിന് ശേഷം വൈഗയെ തുണിയില്‍ പൊതിഞ്ഞ് കാറില്‍ കയറ്റി മുട്ടാര്‍ പുഴയുടെ തീരത്ത് കൊണ്ടുവന്ന് അവിടെയുള്ള ഒരു കലുങ്കില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്യണമെന്നായിരുന്നു കരുതിയത്. അതിന് സാധിച്ചില്ല. പക്ഷേ ആത്മഹത്യ ചെയ്യണമെന്ന് കരുതിയാണ് അവിടെ നിന്ന് പോയത്. പലയിടങ്ങളില്‍ പോയി. രണ്ടുമൂന്നുതവണ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ചു, കടലില്‍ ചാടാന്‍ ശ്രമിച്ചു. ബീച്ചില്‍ വെച്ച് ഒരു കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അങ്ങനെ മൂന്നുതവണ ആത്മഹത്യ ശ്രമങ്ങള്‍ നടത്തി.

തിരിച്ച് ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സനുമോഹനെ പൊലീസ് പിടികൂടുന്നത്. വൈഗയെ കൊലപ്പെടുത്തിയ കേസില്‍ സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ സനുമോഹനെയും മകളെയും കാണാനില്ലെന്ന് ഭാര്യ നല്‍കിയ പരാതിയുണ്ട്. കളമശേരി പൊലീസ് സ്റ്റേഷനില്‍ മുട്ടാര്‍പുഴയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതിലും കേസ് ഉണ്ട്. ആലപ്പുഴയിലെ സ്വന്തം വീട്ടിലാണ് ഇപ്പോള്‍ സനുമോഹന്‍റെ ഭാര്യയുള്ളത്.

അഞ്ചുവര്‍ഷം മുമ്പുവരെ പൂനയില്‍ വിവിധ ബിസിനസ്സുകള്‍ ഉണ്ടായിരുന്നു സനുമോഹന്. അവിടെ നിന്ന് പലരുടെയും പണം തട്ടിയെടുത്ത ശേഷമാണ് ഇയാള്‍ കൊച്ചിയിലെത്തുന്നത്. അവിടെ ഒരു ഫ്ലാറ്റ് വാങ്ങി. ചങ്ങരപ്പടിയില്‍ ഭാര്യയുടെ പേരിലായിരുന്നു ഇത്. മുന്നോട്ടുള്ള ജീവിതത്തില്‍ വരുമാനത്തിന് സനുമോഹന് മുന്നില്‍ മറ്റുവഴികളൊന്നുമില്ലായിരുന്നു. അതിന് പിന്നീട് കടം വാങ്ങാന്‍ തുടങ്ങി. കടം പെരുകി പെരുകി അത് കൊടുത്ത് തീര്‍ക്കാന്‍ കഴിയാതെ വന്നു. കടം നല്‍കിയവരുടെ ഭാഗത്തുനിന്ന് അത് തിരിച്ചുചോദിച്ചുകൊണ്ടുള്ള വന്‍ സമ്മര്‍ദ്ദവുമുണ്ടായി. അതോടെ ആത്മഹത്യമാത്രമാണ് മുന്നിലുള്ള പോംവഴി എന്നായി. താന്‍ മാത്രം മരിച്ചാല്‍ മകളെ മറ്റാരെങ്കിലും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പേടിച്ചു. അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താലോ എന്നതും ആശങ്കപ്പെടുത്തി. അത്തരത്തില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും സനുമോഹന്‍ പറയുന്നു. ഇതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, പൊലീസ് പിടികൂടുമ്പോള്‍ സനുമോഹന്‍റെ കൈത്തണ്ടയില്‍ മുറിവിന്റെ പാടുണ്ടായിരുന്നു. ഇത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെയാണ് എന്നാണ് മനസ്സിലാകുന്നത്.

മകളെ പുഴയിലെറിഞ്ഞ ഉടനെ തന്നെ സനുമോഹന്‍ എന്തിന് കേരളം വിട്ടു എന്ന ചോദ്യത്തിന് ഉത്തരമാണ് പൊലീസിന് കിട്ടേണ്ടത്. മകളോട് അത്യധികം സ്നേഹമുള്ള ഒരച്ഛനാണ് സനു മോഹന്‍ എന്നാണ് ബന്ധുക്കള്‍ എല്ലാം പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് മകളെ കൊലപ്പെടുത്തിയതും ഒളിവില്‍ പോയതും എന്നതിനുള്ള ഉത്തരവും പൊലീസിന് ലഭിച്ചിട്ടില്ല. ഒരുമാസത്തോളമാണ് പലയിടങ്ങളിലായി സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞത്. കൊല്ലൂര്‍ മൂകാംബികയില്‍ ലോഡ്ജില്‍ താമസിച്ച ആറുദിവസവും ഇയാള്‍ വളരെ സന്തോഷവാനായിരുന്നു എന്നാണ് ലോഡ്ജ് ഉടമകള്‍ നല്‍കിയ മൊഴി.

Similar Posts