കെ. എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
|രാവിലെ 10.30ഓടെ കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ ഷാജി ഹാജരാകും.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത നാല്പത്തി എട്ട് ലക്ഷം ഇലക്ഷന് ഫണ്ടാണെന്ന വിശദീകരണമാണ് ഷാജി നല്‍കുക. രാവിലെ പത്ത് മുപ്പതോടെ കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ ഷാജി ഹാജരാകും.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയെ കുറിച്ചായിരിക്കും പ്രധാനമായും വിജിലന്‍സ് കെ.എം ഷാജിയെ ചോദ്യം ചെയ്യുക. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാണ് കെ എം ഷാജിക്കുള്ളത്. തെരഞ്ഞെടുപ്പിനായി ഏതാനും പേരില്‍ സംഭാവനയായി ലഭിച്ചതാണെന്നും അതിന് രേഖയുണ്ടെന്നും ഷാജി അറിയിക്കും.
രാവിലെ പത്ത് മുപ്പതോടെ മണിയോടെ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് ഇന്നലെ വിജിലന്‍സ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലും വിജിലന്‍സ് മാരത്തോണ്‍ റെയ്ഡാണ് നടത്തിയത്. പതിനാറ് മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡിലാണ് അഴീക്കോട്ടെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്തത്.
രണ്ട് വീടുകളില്‍ നിന്നുമായി 82 രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഈ രേഖകള്‍ കൂടി അടിസ്ഥാനമാക്കിയാകും ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുക. അനധികൃത സ്വത്ത് സമ്പാദന കേസിന് പുറമെ അഴിക്കോട്ടെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ വാങ്ങിയെന്ന പരാതിയിലും ഷാജിക്കെതിരെ വിജിലന്‍സ് കേസുണ്ട്.