![what is kavach , indian railway,odisha train accident,explained,കവച്,ട്രെയിന്‍ സുരക്ഷ,അപകടം,ഒഡീഷ ട്രെയിന്‍ അപകടം, odisha ,Train Collision Avoidance System, TCAS what is kavach , indian railway,odisha train accident,explained,കവച്,ട്രെയിന്‍ സുരക്ഷ,അപകടം,ഒഡീഷ ട്രെയിന്‍ അപകടം, odisha ,Train Collision Avoidance System, TCAS](https://www.mediaoneonline.com/h-upload/2023/06/03/1373011-.avif)
എന്താണ് കവച്? ട്രെയിനുകള്‍ തമ്മിലെ കൂട്ടിയിടി 'കവച്' ഒഴിവാക്കുന്നതെങ്ങനെ?
![](/images/authorplaceholder.jpg?type=1&v=2)
'കവച്' ഉണ്ടായിരുന്നെങ്കിൽ ഒഡീഷയിലെ ട്രെയിൻ ദുരന്തം ഒഴിവാക്കാമായിരുന്നോ?
രാജ്യത്തെത്തന്നെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നാലെ ചര്‍ച്ചകളില്‍ നിറയുകയാണ് 'കവച്' എന്ന സുരക്ഷാ സാങ്കേതിക സംവിധാനം. ഇന്ത്യയിലെ റെയില്‍ സുരക്ഷയും സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിലെ വീഴ്ചകളുമാണ് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ ഗതാഗത സംവിധാനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ റെയില്‍ സുരക്ഷ അത്രതന്നെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രമാണോ സുരക്ഷാവീഴ്ചകള്‍ പരിശോധിക്കേണ്ടത് എന്നാണ് പലരും ചോദിക്കുന്നത്.
ഒഡീഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിങ്ങിലെ പിഴവാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയൊരു പിഴവ് സംഭവിച്ചാലും ഒരേ ട്രാക്കില്‍ വരുന്ന രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിക്കാതിരിക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന സാങ്കേതിക സംവിധാനമാണ് 'കവച്'. ഇതൊരു ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (ടി.സി.എ.എസ്) ആണ്.
എന്താണ് കവച്? ട്രെയിനുകള്‍ തമ്മിലെ കൂട്ടിയിടി 'കവച്' ഒഴിവാക്കുന്നതെങ്ങനെ?
2011-12ലാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനായി ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം കൊണ്ടുവരുന്നത്(ടി.സി.എ.എസ്). മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജിയാണ് ഈ സംവിധാനത്തെ ആദ്യം പരിചയപ്പെടുത്തുന്നത്.
അതിന് ശേഷം 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം 'കവച്' എന്ന പേരില്‍ പുനഃനാമകരണം ചെയ്യുന്നു.
'കവച്' പ്രവര്‍ത്തന രീതിയില്‍ പറയുന്ന പ്രധാന ഗുണങ്ങളില്‍ ഒന്ന് സിഗ്നല്‍ ശ്രദ്ധിക്കാതെ ട്രെയിന്‍ മുന്നോട്ട് പോകുകയോ മറ്റോ ചെയ്താല്‍ അപ്പോള്‍ തന്നെ ലോക്കോ പൈലറ്റിന് വിവരം ലഭിക്കുകയും മുന്‍കരുതലെടുക്കാന്‍ സമയം ലഭിക്കുകയും ചെയ്യും എന്നതാണ്. ഒരേ ട്രാക്കില്‍ തന്നെ എതിര്‍ദിശയിലോ പിന്നിലായോ രണ്ട് ട്രെയിനുകള്‍ വരുന്നതും 'കവച്' വഴി അറിയാന്‍ സാധിക്കും. അപടകടം മുന്നില്‍ കാണുമ്പോള്‍ ഓട്ടോമാറ്റിക്കായി ബ്രേക്കിങ് സംവിധാനം പ്രവര്‍ത്തിക്കും എന്നതാണ് 'കവചി'ന്‍റെ മറ്റൊരു പ്രത്യേകത.
ഒരേ റെയില്‍ പാതയില്‍ രണ്ടു ട്രെയിനുകള്‍ വരികയും അപകടത്തിന്‍റെ സാധ്യത മനസിലാക്കുന്നതോടെ ലോക്കോ പൈലറ്റിന് സിഗ്നല്‍ ലഭിക്കുകയും ചെയ്യും. സിഗ്നല്‍ ലഭിക്കുന്നതോടെ ട്രെയിനിന്‍റെ വേഗം നിയന്ത്രിക്കാന്‍ ലോക്കോ പൈലറ്റ് ശ്രമിക്കും. ഈ അവസരത്തില്‍ ലോക്കോ പൈലറ്റിന് ബ്രേക്കിങ് സാധ്യമാകാതെ വരുന്ന അവസ്ഥയിലും നിശ്ചിത ദൂരപരിധിയില്‍വെച്ച് ട്രെയിനിന്‍റെ ബ്രേക്കിങ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും. റേഡിയോ ടെക്‌നോളജി, ജി.പി.എസ് സംവിധാനം വഴിയാണ് ഓട്ടോബ്രേക്കിങ് അടക്കമുള്ള 'കവചി'ന്‍റെ പ്രവര്‍ത്തനം നടക്കുക.
'കവച്' എന്ന ഈ സിഗ്നലിങ് രീതിയാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷക്കായി ആശ്രയിക്കുന്നത്. ഈ സംവിധാനം കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ഒരിക്കലും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കില്ല. പൂര്‍ണമായും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താത്തത് തന്നെയാണ് അപകടങ്ങളുടെ പ്രധാന കാരണം.
'കവച്' രാജ്യത്തെ എല്ലാ റെയില്‍വേ റൂട്ടുകളിലും സ്ഥാപിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാവായ സാകേത് ഗോഖലെ ഇക്കാര്യത്തില്‍ തന്‍റെ വിമര്‍ശനം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
- 2011-12ലാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനായി ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം കൊണ്ടുവരുന്നത്(ടി.സി.എ.എസ്).
- മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജിയാണ് ഈ സംവിധാനത്തെ ആദ്യം പരിചയപ്പെടുത്തുന്നത്.
- അതിന് ശേഷം 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം 'കവച്' എന്ന പേരില്‍ പുനഃനാമകരണം ചെയ്യുന്നു.
- പക്ഷേ ഈ നിർണായക റെയിൽ സുരക്ഷാ സാങ്കേതികവിദ്യയെ രാജ്യം മുഴുവന്‍ വിന്യസിക്കുന്നതിന് ഒരു ചുവടുപോലും വെക്കാന്‍ കേന്ദ്രത്തിനായില്ല.
- പിന്നീട് 2019ലാണ് 'കവച്' നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനും മൂന്ന് കമ്പനികൾക്ക് അനുമതി ലഭിക്കുന്നത്.
പക്ഷേ 'കവച്' രാജ്യത്തെ എല്ലാ റെയില്‍വേ റൂട്ടുകളിലും സ്ഥാപിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടതായും സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ റെയിൽവേയുടെ ആകെ റൂട്ട് ദൈർഘ്യം 68,043 കിലോമീറ്ററാണ്. എന്നാല്‍ ഇതില്‍ 1,445 കിലോമീറ്ററിൽ മാത്രമാണ് ആകെ 'കവച്' സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. അതായത് ഇന്ത്യന്‍ റെയില്‍വേയുടെ ആകെ മൊത്തം 2% റൂട്ടുകളില്‍ മാത്രമാണ് ഈ സംവിധാനങ്ങളുള്ളതെന്ന് ചുരുക്കം
'കവചി'ന്‍റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ നേരത്തേ നിരവധി പരീക്ഷണ ഓട്ടങ്ങളും റെയില്‍വേ നടത്തിയിരുന്നു. റെയില്‍വേ മന്ത്രിയായ അശ്വിനി വൈഷ്ണവും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ പരീക്ഷണ ഓട്ടത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പരീക്ഷണത്തിന്‍റെ ഭാഗമായി രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കിലൂടെ വിപരീത ദിശയില്‍ നേര്‍ക്കുനേര്‍ ഓടിച്ചു. ഒരേ ട്രാക്കിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്നത് മനസിലാക്കിയ 'കവച്' സിസ്റ്റം നിശ്ചിത അകലത്തില്‍ വെച്ച് ട്രെയിന്‍ ഓട്ടോമാറ്റിക് ആയി ബ്രേക്ക് ചെയ്ത് നിര്‍ത്തുന്നു. ലോക്കോ പൈലറ്റുമാര്‍ ബ്രേക്ക് ചെയ്യാതിരുന്നിട്ടും 400 മീറ്റര്‍ അകലത്തില്‍ വെച്ച് രണ്ട് ട്രെയിനുകളും ഓട്ടോമാറ്റിക് ആയി നിന്നു.
ഈ രംഗം പ്രദര്‍ശിപ്പിച്ചുകൊണ്ട് ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റമായ 'കവച്' പരിചയപ്പെടുത്തി അശ്വിനി വൈഷ്ണവ് സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനം യൂറോപ്യൻ സുരക്ഷാ സംവിധാനത്തേക്കാൾ മികച്ചതാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ വീഡിയോയിലൂടെ അവകാശപ്പെടുന്നുണ്ട്.