News
ആൻഡ്രോയിഡ് 12 ൽ എന്തൊക്കയുണ്ടാകും? എപ്പോൾ വരും ?
News

ആൻഡ്രോയിഡ് 12 ൽ എന്തൊക്കയുണ്ടാകും? എപ്പോൾ വരും ?

Web Desk
|
17 April 2021 2:41 PM GMT

നിലവിൽ ആൻഡ്രോയിഡ് 12ന്‍റെ രണ്ട് ഡവലപ്പർ പ്രിവ്യൂകൾ പുറത്തു വന്നിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്‌ഫോണുൾക്ക് കരുത്ത് നൽകുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ടെക് ഭീമൻ ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ആൻഡ്രോയിഡ്. ആൻഡ്രോയിഡിന്‍റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 12 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപയോക്താക്കൾ.

നിരവധി വാർത്തകളും ഊഹങ്ങളും ഇതിന്റെ ലോഞ്ചിങും ഫീച്ചറുകളും സംബന്ധിച്ച് ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

എന്ന് വരും ആൻഡ്രോയിഡ് 12 ?

നിലവിൽ ആൻഡ്രോയിഡ് 12ന്റെ രണ്ട് ഡവലപ്പർ പ്രിവ്യൂകൾ പുറത്തു വന്നിട്ടുണ്ട്. മൂന്നാമത്തെ ഡവലപ്പർ പ്രിവ്യു ഉടൻതന്നെ പുറത്തുവരും. പൊതുജനത്തിനായി ലഭിക്കുന്ന ആദ്യത്തെ വേർഷനായ ബീറ്റ (ടെസ്റ്റിങ്) വേർഷൻ മേയിൽ പുറത്തുവരും. ഇതിനുശേഷം സെപ്റ്റംബറിലായിരിക്കും ആൻഡ്രോയിഡ് 12 ന്റെ ഒഫീഷ്യൽ അപ്‌ഡേറ്റ് പുറത്തുവരുക എന്നാണ് പ്രതീക്ഷിക്കുന്നത്. എപ്പോഴും ആൻഡ്രോയിഡിന്റെ ആദ്യ അപ്‌ഡേറ്റ് ലഭിക്കുക ഗൂഗിളിന്റെ പിക്‌സൽ ഫോണുകൾക്ക് എന്ന പതിവ് ഇത്തവണയും തെറ്റില്ല. പിക്‌സൽ 3, പിക്‌സൽ 3 എക്‌സ് എൽ, പിക്‌സൽ 3എ, പിക്‌സൽ 3എ എക്‌സ് എൽ, പിക്‌സൽ 4, പിക്‌സൽ 4 എക്‌സ് എൽ, പിക്‌സൽ 4എ, പിക്‌സൽ 4എ 5ജി, പിക്‌സൽ 5 എന്നീ ഫോണുകൾക്കായിരിക്കും ആദ്യം അപ്‌ഡേറ്റ് ലഭിക്കുക. ബാക്കി ഫോണുകൾക്ക് ലഭ്യമാകുന്നത് പിന്നെയായിരിക്കും.

എന്തൊക്കെ പ്രതീക്ഷിക്കാം ?

പുതിയ അപ്‌ഡേറ്റുകളെ കുറിച്ച് ഗൂഗിൾ വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. അതിലൊന്ന് വീഡിയോകളുടേയും ചിത്രങ്ങളുടേയും കംപ്രഷനിൽ കൂടുതൽ മികവ് ഉണ്ടാകുമെന്നതാണ്. കോപ്പി-പേസ്റ്റ് കൂടുതൽ മികച്ചതാകും. ടാബ്ലറ്റുകൾക്കും ഫോൾഡബിൽ ഫോണുകൾക്കും, ടിവികൾക്കും കൂടുതൽ മികച്ച സേവനം നൽകും.

സ്‌ക്രീൻഷോട്ടുകൾക്കും കൂടുതൽ ഫീച്ചറുകൾ ലഭ്യമാകും. ഇപ്പോൾ ചില ഫോണുകളിൽ ലഭ്യമായ സ്‌ക്രോളിങ് ഷോട്ടുകൾ ഇനി എല്ലാ ഫോണുകളിലും ലഭ്യമാകും. സ്‌ക്രീൻഷോട്ടിൽ ഇമോജികൾ വരച്ചുചേർക്കാൻ പറ്റും. സ്പ്ലിറ്റ് സ്‌ക്രീൻ സെറ്റിങ്‌സിലും കൂടുതൽ മാറ്റങ്ങൾ വരും. മെനുവിലും യുഐയിലും മാറ്റങ്ങളുണ്ടാകും.

സെക്യൂരിറ്റിയും വർധിപ്പിക്കും. പുതിയ അപ്‌ഡേറ്റിലൂടെ ആപ്പുകൾ ഫോണിന്റെ കാമറയും മൈക്കും അനുവാദം കൂടാതെ ഉപയോഗിക്കുന്നത് തടയാൻ സാധിക്കും. കൂടാതെ ക്ലിപ്പ്‌ബോർഡ് ഏതെങ്കിലും ആപ്പ് ഉപയോഗിക്കാൻ ശ്രമിക്കുന്നതും തടയാൻ സാധിക്കും.

Related Tags :
Similar Posts