ഓക്‌സിജൻ സിലിണ്ടർ വാങ്ങാൻ എസ്‌യുവി കാർ വിറ്റു, ഇപ്പോൾ കോവിഡ് രോഗികൾക്കായി ഹെൽപ്‌ലൈൻ നടത്തുന്നു; ഇവിടെയിതാ ഒരു 'ഓക്‌സിജൻ ഹീറോ'
|4,000 കോവിഡ് ബാധിതരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന് 31കാരൻ
22 ലക്ഷം വിലയുള്ള സ്വന്തം എസ്‌യുവി കാർ വിറ്റ് ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങിക്കൂട്ടുക. കോവിഡ് ബാധിച്ച് ജീവിതത്തോട് മല്ലിടുന്ന ആയിരങ്ങൾക്ക് അത് എത്തിച്ചുനൽകി അവരെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരിക.
ഓക്‌സിജൻ ക്ഷാമത്തിൽ രാജ്യം കുഴങ്ങുമ്പോൾ, സംസ്ഥാനങ്ങൾ ഓക്‌സിജനു വേണ്ടി കേന്ദ്രത്തോട് കേഴുമ്പോൾ ഇവിടെ മുംബൈയിൽ ഒരു 31കാരൻ ഒറ്റയ്ക്ക് ചെയ്തതാണ് ഈ വീരകൃത്യം. ഏതു കെട്ടകാലത്തും കെടുതിയുടെ അറ്റമില്ലാ നാളുകളിലും ദൈവം പല രൂപങ്ങളിൽ രക്ഷകനായി അവതരിക്കുമെന്നു പറയുന്നത് വെറുതെയല്ല. മുംബൈയുടെ പ്രാന്തപ്രദേശമായ മലാദിൽനിന്നുള്ള ഷാനവാസ് ശൈഖ് എന്ന ജീവകാരുണ്യത്തിന്റെ ആൾരൂപം ദൈവത്തിന്റെ അങ്ങനെയൊരു പ്രതിനിധിയല്ലാതെ മറ്റാരാണ്! കോവിഡ്കാലം പുറത്തുകൊണ്ടുവന്ന എണ്ണമറ്റ മനുഷ്യപ്പോരാളികളിൽ ഏറ്റവും മുൻനിരയിൽ നിൽക്കും ഈ യുവാവ്. നാട്ടിൽ 'ഓക്‌സിജൻ മാൻ' എന്ന പേരിലാണ് ഇപ്പോൾ ഷാനവാസ് അറിയപ്പെടുന്നത്.
ഒരു വർഷം മുൻപ് പ്രിയസുഹൃത്തിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതാണ് ഷാനവാസിനെ ഈ മുൻമാതൃകകളില്ലാത്ത ആലോചനയിലേക്ക് കൊണ്ടെത്തിച്ചത്. ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു സുഹൃത്തിന്റെ ഭാര്യ. സംഭവം ഷാനവാസിനെ പിടിച്ചുലച്ചു. അധികം ആലോചിച്ചില്ല. വൻ വിലയുള്ള സ്വന്തം ആഡംബര കാർ അങ്ങ് വിറ്റു. 22 ലക്ഷം വിലയുള്ള ഫോർഡ് എൻഡവർ വിറ്റുകിട്ടിയ തുകയ്ക്ക് 160 ഗ്യാസ് സിലിണ്ടറുകൾ സ്വന്തമാക്കി. അങ്ങനെ കോവിഡ് മഹാമാരിക്കിരയായി ജീവിതത്തോട് മല്ലടിക്കുന്നവരെ തേടിയുള്ള ഷാനവാസിന്റെ കരുതൽയാത്രയ്ക്കും തുടക്കമായി.
സ്വന്തം നാട്ടിലും പരിസരങ്ങളിലുമായി ഓക്‌സിജൻ ആവശ്യമുളളവർക്ക് എത്തിച്ചായിരുന്നു തുടക്കം. ഒരു ഫോൺ കോൾ മതി. അർഹരാണെന്നു ബോധ്യപ്പെട്ടാൽ ഉടൻ ഷാനവാസ് സിലിണ്ടറുമായി എത്തും. ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ സുഹൃത്തുക്കളെയും കൂടെക്കൂട്ടി. ഇപ്പോൾ ഒരു സംഘമായി കൺട്രോൾ റൂം ആരംഭിച്ചാണ് പ്രവർത്തനം.
ആരോഗ്യ സജ്ജീകരണങ്ങളെയെല്ലാം നിസഹായമാക്കി രാജ്യത്ത് കോവിഡ് കേസുകൾ പിടിവിട്ട് പടർന്നതോടെ ഓക്‌സിജന് ആവശ്യക്കാർ പലമടങ്ങ് വർധിച്ചു. രണ്ടാം തരംഗം പിടിമുറുക്കിയതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയാണ്. മൂന്ന് മാസങ്ങൾക്കു മുൻപ് വരെ ദിവസവും 50 കോളുകൾ വന്നിരുന്നിടത്ത് ഇപ്പോൾ 500 മുതൽ 600 വരെ കോളുകളാണ് ഓരോ ദിവസവും ഓക്‌സിജൻ ആവശ്യപ്പെട്ട് വരുന്നതെന്ന് ഷാനവാസ് പറയുന്നു. ഇതുവരെയായി 4,000 പേരാണ് ഷാനവാസിന്റെയും ടീമിന്റെയും ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
നേരത്തെ, പാറ്റ്‌ന സ്വദേശിയായ ഗൗരവ് റായിയും കോവിഡ് രോഗികൾക്ക് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. 950 പേരുടെ ജീവനാണ് ഗൗരവ് ഇതുവരെയായി രക്ഷിച്ചത്.