' രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ല'; മോദിക്കെതിരെ നടപടി വേണ്ടെന്ന് തെര.കമ്മീഷൻ
|മുസ്ലിം വിരുദ്ധ പരാമർശത്തിൽ കമ്മീഷന് തീരുമാനമെടുത്തില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.യുപിയിലെ പിലിഭിത്തിലെ രാമക്ഷേത്രം സംബന്ധിച്ച പരാമർശത്തിലെ പരാതി കമ്മീഷൻ തള്ളി. സിഖ് വിശുദ്ധ ഗ്രന്ഥം രാജ്യത്ത് എത്തിക്കാൻ എടുത്ത നടപടി വിശദീകരിച്ചതിൽ ചട്ടലംഘനമില്ലെന്നും കമീഷൻ വ്യക്തമാക്കി. രാജസ്ഥാനിൽ നടത്തിയ മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ നടപടി എടുക്കുന്നതിൽ തീരുമാനം വൈകുകയാണ്.
മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി മൂന്നുദിവസം പിന്നീടുമ്പോഴും നടപടിയെടുക്കാത്തതില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാതി പരിശോധിച്ച് വരികയാണെന്നായിരുന്നു കമ്മീഷന് നല്കിയ വിശദീകരണം. ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചു.
വിവാദ പ്രസംഗത്തിനെതിന് പിന്നാലെ മോദിക്ക് എതിരെ കോൺഗ്രസ് രംഗത്ത് വന്നു.ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു
തിങ്കളാഴ്ച കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നേരിട്ട് എത്തി പരാതി നൽകി. പിന്നാലെ സി.പി.എമ്മും തൃണമൂൽ കോൺഗ്രസും പരാതി നൽകി. പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
നേരത്തെ ബി.ജെ.പി നേതാവ് ഹേമമാലിനിക്കെതിരെ കോൺഗ്രസ് നേതാവ് റൺദീപ് സിംഗ് സുർജെവാല നടത്തിയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. 48 മണിക്കൂർ അദ്ദേഹത്തെ പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തി. 2019 രാഹുൽ ഗാന്ധി അപകീർത്തി പരാമർശം നടത്തിയെന്ന്കാട്ടി വിവിധയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്ന കമ്മീഷനാണ് പ്രധാനമന്ത്രിക്ക് എതിരെയുള്ള പരാതിയിൽ നടപടിക്കോ കൃത്യമായ പ്രതികരണത്തിനോ പോലും തയ്യാറാകാത്തതെന്നാണ് വിമര്‍ശനം.