India
PChidambaram, 2024election, Congress, BJP
India

'450 സീറ്റുകളിൽ പൊതുസ്ഥാനാർത്ഥി, പ്രതിപക്ഷ ഐക്യം'; 2024 തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രഖ്യാപിച്ച് ചിദംബരം

Web Desk
|
29 May 2023 2:26 PM GMT

ജൂൺ 12ന് പാട്‌നയിൽ ബി.ജെ.പി ഇതര പാർട്ടികൾ യോഗം ചേരുന്ന കാര്യവും ചിദംബരം സൂചിപ്പിച്ചു

മുംബൈ: 2024 തെരഞ്ഞെടുപ്പിനുമുൻപ് ബി.ജെ.പി ഇതര പാർട്ടികളുടെ ഐക്യം യാഥാർത്ഥ്യമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. നീക്കം വിജയിക്കുകയാണെങ്കിൽ 400ലേറെ സീറ്റുകളിൽ പൊതുസ്ഥാനാർത്ഥിയെ നിർത്തിയാകും തെരഞ്ഞെടുപ്പിനെ നേരിടുകയുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മുംബൈയിൽ ഒരു കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചിദംബരം.

പരമവാധി ബി.ജെ.പി ഇതര പാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്നതാണ് പാർട്ടി നയമെന്ന് അദ്ദേഹം പറഞ്ഞു. അതു യാഥാർത്ഥ്യമായാൽ 400 മുതൽ 450 സീറ്റുകളിൽ ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാർത്ഥികളെ നമുക്ക് നിർത്താനാകും. ഇതൊരു ആഗ്രഹവും അഭിലാഷവുമാണെന്നും ചിദംബരം സൂചിപ്പിച്ചു.

ജൂൺ 12ന് പാട്‌നയിൽ ബി.ജെ.പി ഇതര പാർട്ടികൾ യോഗം ചേരുന്ന കാര്യവും ചിദംബരം സൂചിപ്പിച്ചു. ഒരുമിച്ചുനിൽക്കൽ തീർത്തും അനിവാര്യമാണെന്ന് പ്രതിപക്ഷം കൂടുതൽ കൂടുതൽ തിരിച്ചറിയുകയാണിപ്പോൾ. ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായ പ്രതിപക്ഷനിരയുണ്ടാകേണ്ടതുണ്ടെന്ന് അവർ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറാണ് പ്രതിപക്ഷ ഐക്യനീക്കത്തിനു നേതൃത്വം നൽകുന്നത്. നിതീഷിന്റെ നേതൃത്വത്തിൽ തന്നെയാണ് ജൂൺ 12ലെ യോഗം നടക്കുന്നത്. യോഗത്തിനുമുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. 2024 തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനാണ് ജൂൺ 12ലെ യോഗമെന്ന് നിതീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Summary:

Similar Posts