കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
|കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകാംഗവും മുൻ ചെയർമാനുമാണ്
കൊച്ചി: കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിയില്‍ വെച്ചായിരുന്നു മരണം. മലയാളത്തിലെ പ്രധാന മാധ്യമങ്ങളില്‍ കാര്ട്ടൂണുകള് വരച്ചിട്ടുള്ള സുകുമാര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്നു.
ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932-ലായിരുന്നു സുകുമാറിന്റെ ജനനം. എസ്. സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ഥ പേര്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുകുമാറിന്റെ കാര്‍ട്ടൂണിലെ ആദ്യ ഗുരു മലയാളി ദിനപ്പത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ളയായിരുന്നു. 1950-ല്‍ ആദ്യ കാര്‍ട്ടൂണ്‍ 'വികടനില്‍' പ്രസിദ്ധീകരിച്ചു. പിന്നീട് മാതൃഭൂമി, മലയാള മനോരമ, ജനയുഗം, ശങ്കേഴ്സ് വീക്കിലി എന്നിവയില്‍ വരച്ചു.
കഥ, കവിത, നാടകം, നോവല്‍, ഹാസ്യ സാഹിത്യം എന്നിവ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.