സയ്യിദ് ജലാലുദ്ദീൻ ഉമരിക്ക് വിട; ഡൽഹിയിൽ ഖബറടക്കി
|സമൂഹത്തിൻറെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തത്.
അന്തരിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അമീറുമായിരുന്ന സയ്യിദ് ജലാലുദ്ദീൻ ഉമരിയുടെ മൃതദേഹം ഖബറടക്കി. ഡെൽഹി ഓഖ് ലയിലെ ഷഹീൻബാഗ് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രമുഖരടക്കം നൂറുകണക്കിനാളുകളാണ് മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തത്.
കാലത്ത് 10 മണിയോടെ ഡെൽഹി ഓഖ്ലയിലെ അബുൽ ഫസൽ എംക്ലേവിലുള്ള മസ്ജിദ് ഇഷാഅത്തെ ഇസ്ലാമി ൽആയിരുന്നു മയ്യിത്ത് നമസ്കാരം. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി ജനാസ നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് ഷഹീൻ ബാഗ് ഖബറിസ്ഥാനിൽ നടന്ന ഖബറടക്ക ചടങ്ങുകളിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. ദേശീയ തലത്തിൽ സാമുദായിക സൗഹാർദത്തിനായി യത്നിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് നേതാക്കൾ അനുസ്മരിച്ചു
ജലാലുദ്ദീൻ ഉമരിയുടെ വിയോഗത്തോടെ രാജ്യത്തെ ഇസ്ലാമിക സമൂഹത്തിന് പൊതുവിൽ വലിയ നഷ്ടമാണുണ്ടായതെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി അനുസ്മരിച്ചു. 2007 മുതൽ 2019 വരെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷനായിരുന്നു. ശരീഅ കൗൺസിൽ ചെയർമാനായി തുടരവെയാണ് വിയോഗം. ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗമായിരുന്നു. ബോർഡിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ബോർഡിന്റെ സംസ്ഥാനപനത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ഒരു പതിറ്റാണ്ടിലേറെക്കാലമാണ് ജമാഅത്തെ ഇസ്ലാമിക്ക് ദേശീയതലത്തിൽ നേതൃത്വം നൽകിയത്. 50ലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം വിവിധ മാധ്യമങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചു.