![വെറുതെ നടത്തിയ ടെസ്റ്റ്, ഞെട്ടിപ്പിച്ച റിസൽറ്റ്; ഒരേ ചിരിയില്‍ കോടിയേരി പറഞ്ഞു: കരഞ്ഞിരുന്നിട്ടെന്തു കാര്യം! വെറുതെ നടത്തിയ ടെസ്റ്റ്, ഞെട്ടിപ്പിച്ച റിസൽറ്റ്; ഒരേ ചിരിയില്‍ കോടിയേരി പറഞ്ഞു: കരഞ്ഞിരുന്നിട്ടെന്തു കാര്യം!](https://www.mediaoneonline.com/h-upload/2022/10/02/1322846-kodiyeri-balakrishnan-.webp)
വെറുതെ നടത്തിയ ടെസ്റ്റ്, ഞെട്ടിപ്പിച്ച റിസൽറ്റ്; ഒരേ ചിരിയില്‍ കോടിയേരി പറഞ്ഞു: കരഞ്ഞിരുന്നിട്ടെന്തു കാര്യം!
![](/images/authorplaceholder.jpg?type=1&v=2)
ഇന്നസെന്റും ഭാര്യയും കാണാൻ വന്നിരുന്നു. അവരുടെ അനുഭവങ്ങൾ രോഗത്തെ നേരിടാമെന്ന ആത്മവിശ്വാസം നല്‍കിയെന്നാണ് കോടിയേരി ഒരിക്കല്‍ പറഞ്ഞത്
തിരുവനന്തപുരം: അവസാന നിമിഷവും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു രാഷ്ട്രീയകേരളം. പാർട്ടിക്കാർ മാത്രമായിരുന്നില്ല, കക്ഷിഭേദമില്ലാത്ത രാഷ്ട്രീയ, മത, സാമൂഹിക നേതാക്കളും അനുയായികളുമെല്ലാം കോടിയേരിയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു. പലരും അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ രോഗക്കിടക്കയില്‍ ചെന്നു കണ്ടു. ഒടുവിൽ, എല്ലാ കാത്തിരിപ്പുകളും അസ്ഥാനത്താക്കി, അവസാന പോരാട്ടത്തില്‍ കീഴടങ്ങി മടങ്ങിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍.
ജീവശ്വാസം തന്നെ പാര്‍ട്ടി
ചികിത്സ തുടരുമ്പോഴും കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസിന്റെ സംഘാടനാദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ചു. അപ്പോളോയിലെ പരിചരണത്തിനായി അവസാനം നേതാക്കൾ യാത്രയാക്കുന്നതിനു തൊട്ടുമുൻപും പാർട്ടി യോഗത്തിലായിരുന്നു അദ്ദേഹം. രോഗം സ്ഥിരീകരിച്ച ശേഷവും മറച്ചുവയ്ക്കാതെ, ഒട്ടും ഉലയാതെ കോടിയേരി തന്നെ അക്കാര്യം പാർട്ടി നേതൃത്വുമായി ചർച്ച ചെയ്തു. മാധ്യമങ്ങൾക്കുമുൻപിൽ വന്ന് രോഗത്തെ കുറിച്ച് ഒരു പതർച്ചയുമില്ലാതെ തുറന്നുസംസാരിച്ചു.
ജീവിതത്തിന്റെ ഭാഗമായി പലർക്കും പല പ്രശ്‌നങ്ങളും അസുഖങ്ങളുമുണ്ടാകും, അതിനെ ആ നിലയിൽ കാണുക എന്നതു മാത്രേയുള്ളൂവെന്നാണ് മീഡിയവൺ 'എഡിറ്റോറിയലി'ൽ എഡിറ്റർ പ്രമോദ് രാമനോട് കോടിയേരി ബാലകൃഷ്ണൻ ഒരു സങ്കോചവുമില്ലാതെ വ്യക്തമാക്കിയത്. പാർട്ടി കോൺഗ്രസിന്റെ സംഘാടനമെന്ന വലിയ ദൗത്യമാണ് ഏറ്റെടുത്തു നടത്തുന്നതെന്ന് പ്രമോദ് ചോദിച്ചപ്പോൾ പ്രവർത്തിക്കുമ്പോഴല്ലേ പുതിയ ഊർജം ലഭിക്കുന്നത്, ഇതുതന്നെ ആലോചിച്ചിരുന്നിട്ടു വലിയ കാര്യമുണ്ടോ എന്നായിരുന്നു പ്രതികരണം. ഇതും പറഞ്ഞിരുന്ന് കരഞ്ഞിട്ട് കാര്യമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഏതു ദുരിതക്കയത്തിലുള്ള മനുഷ്യനെയും എക്കാലത്തും പ്രചോദിപ്പിക്കാൻ പോന്നതാണ്.
![](https://www.mediaoneonline.com/h-upload/2022/10/02/1322847-kodiyeri-balakrishnan-1.webp)
ഡോക്ടര്‍ ജ്യോതിദേവിന്‍റെ ഒരൊറ്റ ചോദ്യം
തീര്‍ത്തും അവിചാരിതമായായിരുന്നു രോഗം കണ്ടെത്തുന്നതെന്ന് കോടിയേരി തന്നെ വെളിപ്പെടുത്തിയതാണ്. പ്രമേഹരോഗിയെന്ന നിലയ്ക്ക് മൂന്നു മാസവും ആറു മാസവും കൂടുമ്പോൾ പരിശോധന നടത്താറുണ്ട്. തിരുവനന്തപുരം ജ്യോതിദേവ്‌സ് ഡയബറ്റിസ് ആൻഡ് റിസർച്ച് സെന്ററിലാണ് പരിശോധന നടത്താറുള്ളത്. ഒരിക്കൽ ഡോ. ജ്യോതിദേവ് തന്നെയാണ് പുതിയൊരു മെഷീൻ എത്തിയിട്ടുണ്ട്, ഒന്നു വെറുതെ പരിശോധിച്ചുനോക്കണോ എന്നു ചോദിക്കുന്നത്. എന്നാലാകാമെന്ന് കോടിയേരി പറഞ്ഞു.
അപ്രതീക്ഷിതം തന്നെ, ആ പരിശോധനയിലാണ് കാൻസറിന്റെ സൂചനകൾ ലഭിക്കുന്നത്. സി.എ 99 എന്നു പറയുന്ന കാൻസർ മാർക്ക് വളരെ കൂടുതലാണെന്നു കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ പോയി സി.ടി സ്‌കാനും പെറ്റ് സ്‌കാനും ചെയ്തു. ഇതിലാണ് പാൻക്രിയാസ് കാൻസർ സ്ഥിരീകരിക്കുന്നത്.
![](https://www.mediaoneonline.com/h-upload/2022/10/02/1322848-kodiyeri-balakrishnan-2.webp)
ഒരു തരത്തിലുമുള്ള ലക്ഷണമോ അസുഖമോ ക്ഷീണം പോലുമുണ്ടായിരുന്നില്ല അന്നേരം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനമൊട്ടുക്കും ഊർജ്ജസ്വലനായി സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതേയുള്ളൂവെന്നായിരുന്നു രോഗം കണ്ടെത്തുമ്പോൾ ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്താണ് വിദഗ്ധ ചികിത്സ നടത്താൻ തീരുമാനിക്കുന്നത്. അങ്ങനെ 2019ലാണ് അമേരിക്കയിലെ ഹൂസ്റ്റണിൽ ആദ്യമായി അർബുദചികിത്സ ആരംഭിക്കുന്നത്. ആദ്യ ചികിത്സയ്ക്കുശേഷം നാട്ടിലേക്കു മടങ്ങുകയും കഴിഞ്ഞ ഏപ്രിലിൽ വീണ്ടും അമേരിക്കയിലെത്തുകയും ചെയ്തു.
ഇന്നസെന്‍റും അമേരിക്കയിലെ മലയാളി നഴ്സുമാരും
രോഗത്തിന്റെ ഗൗരവവാവസ്ഥ അറിയാമായിരുന്നുവെങ്കിലും ഇതും പറഞ്ഞു കരഞ്ഞിരുന്നതുകൊണ്ടും ക്ഷീണിച്ചിരുന്നതുകൊണ്ടും കാര്യമില്ലല്ലോ എന്നായിരുന്നു കോടിയേരി പരസ്യമായി പറഞ്ഞത്. വിദഗ്ധ ചികിത്സ തേടി രോഗത്തെ നേരിടാമെന്ന് ഉറപ്പിക്കുകയായിരുന്നു. ഇന്നസെന്റും ഭാര്യയും കാണാൻ വന്നിരുന്നു. അവർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. അങ്ങനെ രോഗത്തെ നേരിടാമെന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചു.
![](https://www.mediaoneonline.com/h-upload/2022/10/02/1322849-kodiyeri-balakrishnan.webp)
ഹൂസ്റ്റണിൽ ആദ്യത്തെ കീമോ ചെയ്തപ്പോൾ വലിയ തോതിൽ പ്രയാസമുണ്ടായിരുന്നു. സോഡിയം കുറഞ്ഞുപോയി. പാർശ്വഫലങ്ങളുണ്ടായി. മൂന്നു ദിവസം ഐ.സി.യുവിൽ ഒറ്റയ്ക്കു കിടക്കേണ്ടിവന്നു. എന്നാൽ, അവിടത്തെ മലയാളി നഴ്‌സുമാരാണ് ആ സമയത്ത് വലിയ ആശ്വാസമായത്. അവർ വന്നു വലിയ പ്രചോദനം നൽകി അതുവഴി അതിജീവിക്കാനുള്ള കരുത്ത് ലഭിച്ചുവെന്നും കോടിയേരി വെളിപ്പെടുത്തി. പാർട്ടിയും സുഹൃത്തുക്കളും കുടുംബവുമെല്ലാം ആദ്യദിവസം മുതൽ തന്നെ ഉറച്ച പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: Kodiyeri Balakrishnan was diagnosed with cancer in a random test and he fought with it with a great determination