OBITUARY
50ലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്; മതധൈഷണിക രംഗത്തെ നിസ്തുല സാന്നിധ്യം-സയ്യിദ് ജലാലുദ്ദീൻ ഉമരിയുടെ  ജീവിതം
OBITUARY

50ലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്; മതധൈഷണിക രംഗത്തെ നിസ്തുല സാന്നിധ്യം-സയ്യിദ് ജലാലുദ്ദീൻ ഉമരിയുടെ ജീവിതം

Web Desk
|
26 Aug 2022 4:36 PM GMT

ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ സ്ഥാപകാംഗമായ ഉമരി ബോർഡിൻറെ വൈസ് ചെയർമാനായും പ്രവർത്തിച്ചു

ന്യൂഡൽഹി: മതപണ്ഡിതൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിനുടമയാണ് അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അമീർ സയ്യിദ് ജലാലുദ്ദീൻ ഉമരി. ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സണൽ ബോർഡിന്റെ സംസ്ഥാനപനത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ഒരു പതിറ്റാണ്ടിലേറെക്കാലമാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ദേശീയതലത്തിൽ നേതൃത്വം നൽകിയത്. 50ലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം വിവിധ മാധ്യമങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചു.

1935ൽ തമിഴ്നാട്ടിലെ തിരുപ്പത്തൂരിലെ പുത്തഗ്രാം ഗ്രാമത്തിൽ സയ്യിദ് ഹുസൈന്റെയും ബി. സൈനബിന്റെയും മകനായാണ് ജനനം. നാട്ടിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തമിഴ്നാട്ടിലെ പ്രസിദ്ധ ഇസ്‌ലാമിക കലാലയമായ ഉമറാബാദ് ജാമിഅ ദാറുസ്സലാമിൽ ഉന്നത മതപഠനത്തിനു ചേർന്നു. ഉമറാബാദിലെ പഠനശേഷം മദ്രാസ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദ പഠനം പൂർത്തിയാക്കി. ശേഷം അലിഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ഉമറാബാദിലെയും അലിഗഢിലെയും പഠനകാലത്തു തന്നെ സാഹിത്യരംഗത്ത് തൽപരനായിരുന്നു. ആ സമയത്തു തന്നെ രചാനരംഗത്ത് ഇടപെടു തുടങ്ങി. ഇതിനിടയിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. സാഹിത്യ, ഗവേഷണരംഗത്തുകൂടി ഇടപെടുന്ന സംഘടനയാണെന്ന ബോധ്യത്തിൽ 1956ൽ ജമാഅത്ത് അംഗത്വമെടുത്തു. തുടർന്ന് അലിഗഢിൽ പ്രാദേശിക അമീറായി പത്ത് വർഷം പ്രവർത്തിച്ചു. അലിഗഢിലെ തന്നെ 'ഇദാറെ തഹ്ഖീഖ് ഓ തൻസീഫെ ഇസ്‌ലാമി'യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2007ലാണ് ജമാഅത്ത് അഖിലേന്ത്യാ അമീറായി തിരഞ്ഞെടുക്കപ്പെട്ടത്. 2019 വരെ ആ സ്ഥാനത്ത് തുടരുകരയും ചെയ്തു.

ഗ്രന്ഥങ്ങൾ

ഉറുദു ഭാഷയിലും അല്ലാതെയും ഒട്ടേറെ ഗവേഷണ ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇവ ഇംഗ്ലീഷ്, ഹിന്ദി, തുർക്കി, മലയാളം തുടങ്ങിയ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഉറുദുവിൽ മാത്രം 33 ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചത്. ഇതര ഭാഷകളിൽ ഇരുപതോളം കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഖിദ്മതെ ഖൽഖ് കി ഇസ്‌ലാമി തസ്വവ്വുർ, ഇൻസാൻ ഔർ ഉസ്‌കെ മസാഇൽ, ഇസ്‌ലാമി ദഅ്‌വത്ത്, ഔറത്ത് ഇസ്‌ലാമി മുആശറ മേം, ഖുദാ ഔർ റസൂൽ കാ തസ്വവ്വുർ-ഇസ്‌ലാമി തഅ്‌ലീമാത് മേം, ഇസ്‌ലാം കി ദഅ്‌വത്ത് തുടങ്ങിയവയാണ് പ്രധാന കൃതികൾ. രോഗവും ആരോഗ്യവും, ജനസേവനം, കുഞ്ഞുങ്ങളും ഇസ്‌ലാമും എന്നീ പേരുകളിൽ വിവിധ കൃതികളുടെ മലയാള വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പദവികൾ

അസംഗഢിലെ ജാമിഅത്തുൽ ഫലാഹ് ചാൻസലറും അലിഗഢിലെ സിറാജുൽ ഉലും നിസ്വാൻ കോളജിന്റെ മാനേജിങ് ഡയറക്ടറുമാണ്. ഗവേഷണ പ്രസിദ്ധീകരണമായ 'സിന്ദഗി നൗ' പത്രത്തിന്റെ എഡിറ്ററായി അഞ്ചു വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം കഴിഞ്ഞ 25 വർഷമായി 'തഹ്ഖീഖാതെ ഇസ്‌ലാമി' എന്ന ഉറുദു മാസികയുടെ പത്രാധിപരാണ്.

ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ സ്ഥാപനത്തിൽ പങ്കുവഹിച്ചു. ബോർഡിൻറെ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, അന്ധ്രാപ്രദേശിലെ വാറങ്കൽ ജാമിഅത്തുസ്സുഫ്ഫയുടെ ചാൻസലർ, കേരളത്തിലെ ഇസ്‌ലാമിക് സർവീസ് ട്രസ്റ്റ് ചെയർമാൻ എന്നീ പദവികൾ വഹിച്ചുവരികയായിരുന്നു.

Summary: Author of more than 50 books and an unique scholar in the field of religious studies; The life story of Syed Jalaluddin Umari

Similar Posts