OBITUARY
ഞാൻ ചെയ്യാനുള്ളത് ചെയ്തു. എന്റെ ഈ വർഗം രക്ഷപ്പെട്ടില്ല... - ആ നിരാശയോടെ ളാഹ ഗോപാലൻ മടങ്ങി
OBITUARY

'ഞാൻ ചെയ്യാനുള്ളത് ചെയ്തു. എന്റെ ഈ വർഗം രക്ഷപ്പെട്ടില്ല...' - ആ നിരാശയോടെ ളാഹ ഗോപാലൻ മടങ്ങി

ഷെരീഫ് സാഗർ
|
22 Sep 2021 7:39 AM GMT

ഒരു ഈർക്കിൾ കൊണ്ടു പോലും ആർക്കും പരിക്കേൽക്കാതെ പത്ത് വർഷക്കാലം ഭൂമിക്ക് വേണ്ടിയുള്ള സഹന സമരത്തിന് നേതൃത്വം നൽകിയ മനുഷ്യൻ എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത

2009-ലാണ്‌. ''ഭൂമി കയ്യേറി സമരം ചെയ്താൽ നിങ്ങളെ ഒഴിപ്പിക്കാൻ കൊമ്പും മുള്ളുമുള്ള പോലീസ് വരുമെന്ന്' പറഞ്ഞാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ചെങ്ങറ സമരക്കാരെ പേടിപ്പിച്ചത്. എന്നാൽ ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സാധുജന സംയുക്തവേദിയുടെ പ്രവർത്തകർ കുലുങ്ങിയില്ല. പോലീസോ പാർട്ടി ഗുണ്ടകളോ വരട്ടെ, കൊല്ലുകയോ തിന്നുകയോ ചെയ്യട്ടെ എന്നായിരുന്നു അവരുടെ നിലപാട്. സമരഭൂമിക്കു ചുറ്റും രാവും പകലും മുതലാളിമാരുടെയും ഭരണകൂടത്തിന്റെയും കൂലിപ്പട്ടാളം റോന്തു ചുറ്റുന്നുണ്ടായിരുന്നു. ഇവരെ മറികടന്ന് അങ്ങോട്ടു കടന്നു ചെല്ലാൻ പോലും പ്രയാസമായിരുന്നു. ആണെന്നോ പെണ്ണെന്നോ കുട്ടിയെന്നോ വൃദ്ധരെന്നോ ഭേദമില്ലാതെ സമരക്കാരെ കൈയിൽ അടിയും തൊഴിയുമായിരുന്നു. ഒന്നു നിലവിളിക്കാൻ പോലുമാകാത്ത നിസ്സഹായതയിലായിരുന്നു അവർ. 2007 ഓഗസ്റ്റ് 4ന് ചെങ്ങറയിലെ കുറുമ്പറ്റി ഡിവിഷനിൽ പ്രവർത്തിക്കുന്ന ഹാരിസണിന്റെ റബ്ബർ തോട്ടത്തിൽ കുടിൽ കെട്ടി സമരമാരംഭിച്ചത് നാലായിരത്തോളം പേരാണ്. ളാഹ ഗോപാലനെന്ന മെലിഞ്ഞ, ശരീരം കൊണ്ട് ദുർബലനായ എന്നാൽ മനസ്സ് കൊണ്ട് ഇച്ഛാശക്തിയുള്ള നേതാവായിരുന്നു അവരുടെ ബലം.

കൃഷിഭൂമിക്കു വേണ്ടിയുള്ള കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന് 2002 മുതൽ നേതൃത്വം നൽകിയ വ്യക്തിയാണ് ളാഹ ഗോപാലൻ. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പുറംതിരിഞ്ഞു നിന്നുവെങ്കിലും കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് സാധുക്കളായ ഭൂരഹിതർ സമരത്തിന്റെ ഭാഗമായി. 2005 ഓഗസ്റ്റ് 15ന് പത്തനം തിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരമായിരുന്നു തുടക്കം. 2006 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലൂടെ സമരം ഒത്തുതീർപ്പായി. സമരസമിതി മുന്നോട്ടുവെച്ച 22 ആവശ്യങ്ങളിൽ മൂന്നു മാസത്തിനകം തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ സമരം അവസാനിപ്പിച്ചവർ വെറുംകൈയോടെ കാത്തിരുന്നത് മിച്ചമായി.


ചെങ്ങറ ഭൂസമരം. ഫോട്ടോ: അജിലാൽ

വീണ്ടും 2006 ജൂൺ 21ന് സർക്കാർ നിയന്ത്രണത്തിലുള്ള കൊടുമൺ പ്ലാന്റേഷനിൽ കയറി ഒറ്റരാത്രി 4000 കുടിലുകൾ കെട്ടി സമരം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. ജൂൺ 25ന് പത്തനംതിട്ട ജില്ലാകളക്ടറുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ച ഇവർ വീണ്ടും കബളിപ്പിക്കപ്പെടുകയായിരുന്നു. പിന്നെ മാസങ്ങൾ പിന്നിട്ടിട്ടും സർക്കാറിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതിരുന്നതിനാൽ സെപ്തംബർ 19 മുതൽ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കൽ മരണം വരെ നിരാഹാരമാരംഭിച്ചു. സെപ്തംബർ 27ന് അന്നത്തെ റവന്യൂമന്ത്രി കെ.പി രാജേന്ദ്രൻ ഇവരെ ചർച്ചക്ക് ക്ഷണിച്ചു. 1969 മുതൽ 1977 വരെ കേരളം ഭരിച്ച അച്യുതമേനോൻ സർക്കാർ നടപ്പാക്കിയതു പോലെ ഒരു ഏക്കർ മുതൽ ഒരു ഹെക്ടർ വരെ ഭൂമി കൊടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഒന്നും നടന്നില്ല. അങ്ങനെയാണ് 2007ൽ ഹാരിസണിന്റെ റബ്ബർ തോട്ടത്തിൽ കുടിൽ കെട്ടി സമരമാരംഭിച്ചത്.

ഒന്നുകിൽ ഭൂമി, അല്ലെങ്കിൽ മരണം എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ആക്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി സമരക്കാർ നിലയുറപ്പിച്ചതോടെ പോലീസിന് പലപ്പോഴും പിൻവാങ്ങേണ്ടി വന്നു. രാവും പകലും ഉപരോധമായിരുന്നു സമരത്തെ പൊൡക്കാനുള്ള മറ്റൊരു നീക്കം. പട്ടിണിക്കിട്ട് സമരക്കാരെ പുറത്തുചാടിക്കാനുള്ള ശ്രമം കടുത്ത മനുഷ്യാവകാശലംഘനമായിട്ടും കേരളത്തിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ ഈ വിഷയം ഗൗരവത്തിൽ ഉൾക്കൊള്ളുകയോ ഏറ്റെടുക്കുകയോ ചെയ്തില്ല. എന്നാൽ, ആരുടെയും സഹായമില്ലാതെ അവർ സഹന സമരം തുടർന്നു. ളാഹ ഗോപാലനായിരുന്നു അവരുടെ ധൈര്യം. ഒരു ഈർക്കിൾ കൊണ്ടു പോലും ആർക്കും പരിക്കേൽക്കാതെ പത്ത് വർഷക്കാലം ഭൂമിക്ക് വേണ്ടിയുള്ള സഹന സമരത്തിന് നേതൃത്വം നൽകിയ മനുഷ്യൻ എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

ആലപ്പുഴ ജില്ലയിലെ വെട്ടിയാറിൽജാതി വിവേചനത്തിന്റെ വേദന അനുഭവിച്ച് വളർന്ന ളാഹ ഗോപാലൻ കെ.എസ്.ഇ.ബിയിലെ ജോലി ഉപേക്ഷിച്ചാണ് ഭൂസമര രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. ചുനക്കര ഹൈസ്‌കൂളിലായിരുന്നു പഠനം. പിന്നീട് ളാഹയിലെത്തി. പട്ടിണിയും പരിവട്ടവുമായി ജീവിതം. ജോലി ചെയ്യുന്ന കാലത്തും ദലിത് പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു. ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കാൻ പോകുന്നതായിരുന്നു ആദ്യകാല സാമൂഹ്യ പ്രവർത്തനങ്ങളിൽ പ്രധാനം. അക്കാലത്ത് രോഗികളുടെ ബന്ധുക്കൾ വാങ്ങിക്കൊടുത്തിരുന്ന ഭക്ഷണം കൊണ്ട് ജീവൻ നിലനിർത്തിയ ജീവിത കഥ ഗോപാലൻ തന്നെ പറഞ്ഞിട്ടുണ്ട്. ജോലിയിൽനിന്ന് പിരിഞ്ഞ ഉടനെ സമര രംഗത്ത് സജീവമായി.

ചെങ്ങറ സമരം അവസാനിപ്പിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന ഫോർമുല പ്രകാരം നിരവധി പേർക്ക് ഭൂമി കിട്ടി. പലർക്കും കിട്ടിയില്ല. കിട്ടിയ സ്ഥലം കൃഷിയോഗ്യമല്ലെന്ന് പരാതികൾ ഉയർന്നു. സമരം പരാജയമോ വിജയമോ എന്നതിനേക്കാൾ കേരളീയ മധ്യവർഗ പൊതുബോധത്തിന് ഭൂരഹിതരെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ഈ സമരം സഹായിച്ചു. പലരും പിന്നിൽനിന്ന് കുത്തിയതിന്റെ നിരാശയോടെയായിരുന്നു അവസാന കാലത്ത് ളാഹ ഗോപാലന്റെ ജീവിതം. ഒരു അഭിമുഖത്തിൽ ആ നിരാശ നിഴലിക്കുന്നുണ്ട്. ളാഹ ഗോപാലൻ പറഞ്ഞത് ഇങ്ങനെ: ''ഞാൻ ചെയ്യാനുള്ളത് ചെയ്തു. എന്റെ ഈ വർഗം രക്ഷപ്പെട്ടില്ല. രക്ഷപ്പെടാനായിരുന്നേൽ ഈ സമരത്തോടെ ഞങ്ങൾ രക്ഷപ്പെട്ടേനെ. അതിലുള്ള നിരാശ മാത്രമേ ഉള്ളൂ. കേരളത്തിൽ അജയ്യമായ ഒരു ശക്തിയായി മാറുമായിരുന്നു. കമ്മ്യൂണിസ്റ്റുകാർ പോലും ഭൂപരിഷ്‌കാരണ ബില്ലിലെ അപാകതകൾ മനസ്സിലാക്കിയത് എന്നിൽ നിന്നാണ്. ഇനി ഇങ്ങനെയൊരു സമരമുണ്ടാകില്ല.''

Similar Posts