Magazine
ഇന്ദിരയെ മുട്ടുകുത്തിച്ച പോരാട്ടവീര്യം; ജെഎൻയുവിൽനിന്ന് ഉദിച്ചുയര്‍ന്ന ചെന്താരകം
Magazine

ഇന്ദിരയെ മുട്ടുകുത്തിച്ച പോരാട്ടവീര്യം; ജെഎൻയുവിൽനിന്ന് ഉദിച്ചുയര്‍ന്ന ചെന്താരകം

മുഹമ്മദ് ശഹീര്‍
|
12 Sep 2024 12:44 PM GMT

സാക്ഷാൽ ഇന്ദിരാ ഗാന്ധിയെ വിദ്യാർഥിസമരത്തിനു മുന്നിലേക്ക് ഇറക്കിക്കൊണ്ടുവന്ന് ചാൻസലർ സ്ഥാനത്തുനിന്നു രാജിവപ്പിച്ച ആ പോരാട്ടവീര്യം ഒന്നുമാത്രം മതി യെച്ചൂരിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിപ്ലവശൗര്യത്തെയും എക്കാലവും ഓർമിക്കാൻ

1969ൽ ആന്ധ്രപ്രദേശിൽ തെലങ്കാന പ്രക്ഷോഭം കത്തിജ്ജ്വലിക്കുന്ന കാലത്താണ് സീതാറാം യെച്ചൂരി ഉന്നത പഠനത്തിനായി ഡൽഹിയിലെത്തുന്നത്. ഡൽഹി സർവകലാശാലയുടെ സെന്റ് സ്റ്റീഫൻസ് കോളജിലായിരുന്നു ബിരുദപഠനം. എന്നാൽ, ജവഹർലാൽ നെഹ്‌റു സർവകലാശാലയാണ് യെച്ചൂരിയെന്ന രാഷ്ട്രീയമനുഷ്യനെയും വിപ്ലവപ്പോരാളിയെയും ഉരുവപ്പെടുത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് രാജ്യതലസ്ഥാനത്തുനിന്ന് വിദ്യാർഥി പ്രക്ഷോഭങ്ങളെ മുന്നിൽനിന്നു നയിച്ച് ജയിൽവരിച്ചാണ് യെച്ചൂരിയെന്ന വീരവിപ്ലവ നക്ഷത്രം ദേശീയരാഷ്ട്രീയത്തിലേക്ക് ഉദിച്ചുയരുന്നത്. സാക്ഷാൽ ഇന്ദിരാ ഗാന്ധിയെ വിദ്യാർഥിസമരത്തിനു മുന്നിലേക്ക് ഇറക്കിക്കൊണ്ടുവന്ന് ചാൻസലർ സ്ഥാനത്തുനിന്നു രാജിവപ്പിച്ച ആ പോരാട്ടവീര്യം ഒന്നുമാത്രം മതി, യെച്ചൂരിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിപ്ലവശൗര്യത്തെയും എക്കാലവും ഓർമിക്കാൻ.

വിദ്യാർഥി പ്രക്ഷോഭത്തിന്റെ നടുമുറ്റമായി ജെഎൻയു

അടിയന്തരാവസ്ഥക്കാലത്തെ ജെഎൻയു ജീവിതത്തെക്കുറിച്ചും ക്ഷുഭിതയൗവനത്താല്‍ തിളച്ചുമറിഞ്ഞ പോരാട്ടക്കാലത്തെക്കുറിച്ചുമുള്ള ഓർമകൾ പലപ്പോഴായി യെച്ചൂരി തന്നെ ഓർത്തെടുത്തു പറഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ ജെഎൻയുവിലും വിദ്യാർഥി പ്രതിഷേധം ആരംഭിച്ചിരുന്നു. വൈസ് ചാൻസലർ ബസന്തി ദുലാൽ നാഗ് ചൗധരി സ്റ്റുഡന്റ്‌സ് യൂനിയൻ തന്നെ നിരോധിച്ചാണ് സമരം മുളയിലേ നുള്ളിക്കളയാന്‍ നോക്കിയത്. എന്നാൽ, വിസിയുടെ നീക്കത്തെ യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശക്തമായി എതിർത്തു. സർവകലാശാലാ ഭരണച്ചട്ടങ്ങളുടെ ഭാഗമല്ലാത്തതിനാൽ യൂനിയൻ നിരോധിക്കാൻ സ്ഥാപനത്തിനാകില്ലെന്ന നിലപാടില്‍ വിദ്യാർഥികൾ ഉറച്ചുനിന്നു.


തൊട്ടടുത്തു നടന്ന അഡ്മിഷൻ കാലത്ത് പഠനത്തില്‍ മികവ് തെളിയിച്ച 13 വിദ്യാർഥികൾക്കു രാഷ്ട്രീയ കാരണം പറഞ്ഞ് പ്രവേശനം നിഷേധിച്ചത് കാംപസിലെ പ്രക്ഷോഭത്തെ വേറെ തലത്തിലേക്കു നയിച്ചു. സർവകലാശാലാ നടപടിക്കെതിരെ പ്രതിഷേധിച്ച യെച്ചൂരി ഉൾപ്പെടെ നിരവധി വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. ഇതോടെ കാംപസില്‍ പ്രതിഷേധത്തീ ആളിക്കത്തി. സർവകലാശാലാ നടപടിക്കൊപ്പം അടിയന്തരാവസ്ഥയും ഉയർത്തി മൂന്നു ദിവസത്തെ സമരം പ്രഖ്യാപിച്ചു യൂനിയന്‍. രാജ്യത്തുതന്നെ ഇതാദ്യമായായിരുന്നു അടിയന്തരാവസ്ഥയ്‌ക്കെതിരെ വിദ്യാർഥികൾ പരസ്യസമരവുമായി തെരുവിലിറങ്ങുന്നത്.

സമരത്തിന്റെ രണ്ടാം ദിവസം ഡൽഹി പൊലീസ് വൻ സന്നാഹവുമായി കാംപസിലെത്തി. സമരപോരാട്ടത്തില്‍ യെച്ചൂരിക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന യൂനിയൻ പ്രസിഡന്‍റ് ഡി.പി തൃപാഠിയെ അറസ്റ്റ് ചെയ്യുകയായിരന്നു ആദ്യ ലക്ഷ്യം. തൃപാഠിക്ക് താടിയുണ്ടായിരുന്നു എന്നതു മാത്രമായിരുന്നു പൊലീസിന് ലഭിച്ച ഏക സൂചന. ഗേറ്റ് കടന്ന് ആദ്യം കണ്ട താടിക്കാരനെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അത് തൃപാഠിയായിരുന്നില്ല എന്നു മാത്രം. അടുത്തിടെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത 'ന്യൂസ്‌ക്ലിക്ക്' സ്ഥാപകൻ പ്രബീർ പുർകായസ്തയായിരുന്നു ആ താടിക്കാരൻ!

പൊലീസ് കാംപസിൽ പ്രവേശിക്കുന്ന നാടകീയമായ രംഗങ്ങൾ യെച്ചൂരി പില്‍ക്കാലത്ത് ഓർത്തെടുക്കുന്നുണ്ട്. ഗേറ്റ് തുറന്ന് അംബാസഡർ കാറില്‍ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പൊലീസ് കാംപസിലേക്ക് ഇരച്ചെത്തിയത്. ഇതിനിടയില്‍ കാറിൽനിന്നു തെറിച്ച് നിലത്തുവീണ പൊലീസ് കോൺസ്റ്റബിളിനെ വിദ്യാർഥികൾ ഒരു ഒഴിഞ്ഞ സ്ഥലത്തേക്കു പിടിച്ചുകൊണ്ടുപോയി നന്നായി 'പെരുമാറി'യത്രെ! കാര്യങ്ങൾ കൈവിടുകയാണെന്ന് വ്യക്തമായതോടെ കൂടുതൽ പൊലീസ് സേനയുമായി പിന്നാലെ കമ്മിഷണറും എത്തി. കാംപസിലെ വിദ്യാർഥി നേതാക്കന്മാരുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഹോസ്റ്റലുകളെല്ലാം വളഞ്ഞു. ഏറെ പണിപെട്ടാണ് യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ഹോസ്റ്റലില്‍നിന്നു പൊലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടത്.

കാംപസ് തിളച്ചുമറിയുന്നു

രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ചായിരുന്നു വിസിയുടെ 'കാംപസ് ഭരണം'. ലഘുലേഖ വിതരണമായിരുന്നു അന്നത്തെ ഏറ്റവും വലിയ കുറ്റകൃത്യം. പ്രതിഷേധിക്കുകയോ സമരനീക്കം നടത്തുകയോ ലഘുലേഖ വിതരണം ചെയ്യുകയോ ഒക്കെ ചെയ്‌തെന്നു പറഞ്ഞു വിദ്യാർഥികളെ ഓരോരുത്തരായി സസ്‌പെൻഡ് ചെയ്യാൻ തുടങ്ങി. ഇതോടെ 'റെസിസ്റ്റൻസ്' എന്ന പേരിൽ യെച്ചൂരിയുടെ നേതൃത്വത്തിൽ ഒരു വിദ്യാർഥി പ്രതിരോധ സംഘം രൂപീകരിച്ചു. സംഘത്തിന്റെ പ്രധാന വിപ്ലവപരിപാടിയും അടിയന്തരാവസ്ഥയ്ക്കും ഭരണകൂട ഫാസിസത്തിനുമെതിരായ ലഘുലേഖ വിതരണമായിരുന്നു. കാംപസിനോട് ചേർന്ന മുനീർകയിലെ ഏക ഫോട്ടോസ്റ്റാറ്റ് കടയിൽ രാത്രി രഹസ്യമായി പോയി ലഘുലേഖകൾ അച്ചടിച്ച് കാംപസിലേക്ക് കടത്തും. അതീവരഹസ്യമായി തന്നെ ഹോസ്റ്റലുകളിൽ കയറിയിറങ്ങി ലഘുലേഖകൾ വിതരണം ചെയ്യും. ഏകാധിപത്യത്തിനും ഫാസിസ്റ്റ് ഭരണകൂടത്തിനുമെതിരെ തെരുവിലിറങ്ങേണ്ട ആവശ്യകത വിശദീകരിച്ചു വിദ്യാർഥികളെ ഉത്ബുദ്ധരാക്കും. ഇതായിരുന്നു അന്നത്തെ പ്രധാന വിപ്ലവ പ്രവര്‍ത്തനങ്ങള്‍.


1977 ഒക്ടോബറിലാണ് സമരത്തിന്റെ ദിശമാറുന്നത്. കുറ്റവാളികളെ ശിക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി യെച്ചൂരിയുടെ നേതൃത്വത്തിൽ കാംപസിൽ വൻ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചു. സർവകലാശാലാ ചാൻസലർ കൂടിയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും വൈസ് ചാൻസലർ ബി.ഡി നാഗ ചൗധരിയും തന്നെയായിരുന്നു സമരത്തിന്റെ പ്രധാന ഉന്നം. സമരദിവസം കാംപസിലെത്തിയ വിസിയുടെ കാർ യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തടഞ്ഞു. സർവകലാശാല താങ്കളുടെ നിയന്ത്രണത്തില്‍നിന്നും കൈവിട്ടുപോയിട്ടുണ്ടെന്നു പറഞ്ഞ് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു യെച്ചൂരി. വിദ്യാർഥിരോഷം കനത്തതോടെ നാഗ ചൗധരിക്കു വന്ന കാറിൽ തന്നെ മടങ്ങേണ്ടിവന്നു.

പിന്നാലെ സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടുകയാണെന്ന് ഉത്തരവ് വന്നു. എന്നാൽ, യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും വിദ്യാർഥി സമരത്തോട് അനുഭാവമുണ്ടായിരുന്ന അധ്യാപകരും ജീവനക്കാരുമെല്ലാം ഇതിനെതിരെ ശക്തമായി നിലപാട് സ്വീകരിച്ചു. ഇവരെല്ലാം ഒന്നിച്ചുനിന്നതോടെ സര്‍വകലാശാല പതിവുപോലെ പ്രവർത്തനം തുടർന്നു. ക്ലാസുകളും മുടക്കമില്ലാതെ മുന്നോട്ടുപോയി. മെസ്സും ലൈബ്രറിയുമെല്ലാം മുഴുസമയവും തുറന്നുകിടന്നു. ഇതിങ്ങനെ 40 ദിവസത്തോളം കടന്നുപോയതോടെ സാമ്പത്തിക പ്രതിസന്ധിയും തലപൊക്കി. ഇതോടെ വിദ്യാർഥികൾ സർവകലാശാല പ്രവർത്തിപ്പിക്കാൻ പൊതുജനങ്ങളിൽനിന്നു സഹായം തേടി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. 'സര്‍വകലാശാല പ്രവര്‍ത്തനം തുടരുമ്പോഴും വിസി സമരത്തിലാണ്' എന്ന് എഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കി പണപ്പിരിവുമായി സരോജിനി നഗർ മാർക്കറ്റിലും കോണോട്ട് പ്ലേസിലുമെല്ലാം കയറിയിറങ്ങി പണം സമാഹരിച്ചു വിദ്യാര്‍ഥികള്‍.

ഇന്ദിരയെ വിറപ്പിച്ചുനിർത്തിയ ആ ദിവസം

തെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം നേരിട്ടിട്ടും ഇന്ദിര ചാൻസലർ പദവിയൊഴിഞ്ഞില്ല. ഇതോടെ ഇന്ദിരയുടെ രാജി ആവശ്യം ശക്തമാക്കി വിദ്യാർഥികൾ. യെച്ചൂരിയുടെ നേതൃത്വത്തിൽ 500ലേറെ വിദ്യാർഥികൾ ഇന്ദിരയുടെ ഡൽഹിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധം കനത്തതോടെ ഏതാനും വിദ്യാർഥി നേതാക്കൾക്ക് ഇന്ദിരയെ കാണാമെന്ന് അറിയിപ്പ് വന്നു. എന്നാൽ, വിദ്യാർഥികൾ ഇതിനു വഴങ്ങിയില്ല. ഒടുവില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ദിര തന്നെ പ്രതിഷേധത്തിന്റെ നടുവിലേക്ക് വാതിൽതുറന്നെത്തി. ഇന്ദിരയ്ക്ക് മുന്നിൽ യെച്ചൂരി കുറ്റപത്രം ഉറക്കെ വായിച്ചുകേള്‍പ്പിച്ചു.

ഇന്ദിര എല്ലാം നിർവികാരയായി കേട്ടുനിന്നു. കുറ്റപത്രം യെച്ചൂരി അവർക്കു കൈമാറുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ഇന്ദിര ജെഎൻയു ചാൻസലർ സ്ഥാനത്തുനിന്നു രാജിവച്ചൊഴിയുന്നതിനു രാജ്യം സാക്ഷിയായി. രാജ്യത്തെ മുഴുവന്‍ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് അടക്കിഭരിച്ച ഇന്ദിരയെ പക്ഷേ, നേർക്കുനേർ നേരിട്ട് മുട്ടുകുത്തിച്ചു വിദ്യാർഥികൾ. ആ ഐതിഹാസിക പോരാട്ടത്തിന്റെ മുന്നിൽ കത്തിജ്ജ്വലിച്ച തീയായി യെച്ചൂരിയുമുണ്ടായിരുന്നു.


ഇതിനിടയിൽ അടിയന്തരാവസ്ഥാ തടവുകാരനായി അറസ്റ്റ് വരിച്ച് ജയിലിലും പോയിരുന്നു യെച്ചൂരി. മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും അന്നു ജയിലില്‍ കൂട്ടിനുണ്ടായിരുന്നു. പിഎച്ച്ഡി ഗവേഷണം പാതിവഴിയിൽ നിന്നെങ്കിലും മോചിതനായി തിരിച്ചുവന്ന് പഠനം തുടർന്നു. ഇതിനിടയില്‍ മൂന്നു തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ജെഎൻയു വിദ്യാർഥി യൂനിയനെ നയിച്ചു യെച്ചൂരി.

രാജ്യം ശ്രദ്ധിച്ച അടിയന്തരാവസ്ഥാ സമരത്തിനു പിന്നാലെയാണ് 1978ൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി അദ്ദേഹത്തെ പാർട്ടി തെരഞ്ഞെടുക്കുന്നത്. ഇതേ വർഷം തന്നെ പാർട്ടി അധ്യക്ഷനുമായി. 1984ൽ വെറും 32-ാം വയസിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലുമെത്തി. 1985ൽ പാർട്ടി ഭരണഘടന തിരുത്തി അഞ്ചുപേരുടെ കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോഴും അതിൽ രാജ്യത്തെ യുവത്വത്തിന്റെ പ്രതിനിധികളായി യെച്ചൂരിയും കാരാട്ടും ഉൾപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആചാര്യന്മാരായ എസ്. രാമചന്ദ്ര പിള്ളയും പി. രാമചന്ദ്രനും സുനിൽ മൊയ്ത്രയുമായിരുന്നു അന്ന് ആ കേന്ദ്ര സമിതിയിലുണ്ടായിരുന്ന മറ്റുള്ളവർ.

അടിയന്തരാവസ്ഥക്കാലത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളും ജെഎൻയു സമ്മാനിച്ച 'രാഷ്ട്രീയ വിദ്യാഭ്യാസ'വുമെല്ലാം ചേർന്നാണ് യെച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് പോരാളി രൂപമെടുക്കുന്നത്. പിന്നീടങ്ങോട്ട് രാജ്യം കണ്ട എല്ലാ ജനകീയ പോർമുഖങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ മനുഷ്യമുഖമായി യെച്ചൂരിയുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ നരേന്ദ്ര മോദി സർക്കാരിന്റെയും ബിജെപിയുടെയും ഏകാധിപത്യ, ഫാസിസ്റ്റ്, ന്യൂനപക്ഷ ഉന്മൂലന രാഷ്ട്രീയനീക്കങ്ങൾക്കെതിരെയെല്ലാം ആദ്യം ഉയര്‍ന്ന എതിർശബ്ദമായി, തെളിഞ്ഞ രാഷ്ട്രീയത്തിന്റെയും വിട്ടുവീഴ്ചയേതുമില്ലാതെ നിലപാടിന്റെയും പേരായി യെച്ചൂരിയുണ്ടായിരുന്നു.

(അടിയന്തരാവസ്ഥാ കാലത്തെ ജെഎൻയു വിദ്യാർഥി സമര ഓർമകൾക്ക് 2020 ജനുവരി 17ന് 'ദ ഹിന്ദു' പ്രസിദ്ധീകരിച്ച സീതാറാം യെച്ചൂരിയുടെ അഭിമുഖത്തോട് കടപ്പാട്)

Summary: Commemorating Sitaram Yechury: Indira, JNU, and anti-emergency students' movement

Similar Posts