'ബുർദ' കേട്ട് അറബി പഠിച്ചു, ദിക്‌റ് പാടി മനം കവര്‍ന്നു; പറന്നകലുന്നു, മാപ്പിളപ്പാട്ടിന്‍റെ വാനമ്പാടി
|തിരൂരിൽ നടന്ന ഒരു സി.പി.എം പരിപാടിയിൽ 'വരികയായി ഞങ്ങൾ വരികയായി' എന്ന വിപ്ലവഗാനം പാടി കൈയടി വാങ്ങിയ ഫസീലയെ അനുമോദിക്കാന്‍ എ.കെ.ജി ഓടിയെത്തിയ അനുഭവവുമുണ്ടായി
കോഴിക്കോട്: മലപ്പുറം ജില്ലയിലെ ചീക്കോട് വിളിയിൽ എന്നൊരു കുഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി. മാപ്പിളപ്പാട്ട് പാടി മലയാളത്തിലെങ്ങും, മലയാളിയുള്ള നാടുകളിലും ചിരപരിചിതശബ്ദമായി മാറുന്ന കാഴ്ചയായിരുന്നു 1980കൾക്കും 90കൾക്കും ശേഷം കണ്ടത്. വിളയിൽ പറമ്പൂരിലെ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വി.എം കുട്ടി എന്ന അതുല്യനായ മാപ്പിളപ്പാട്ട് ഗായകൻ ബാലലോകം പരിപാടിയിലേക്കായി ആകാശവാണിയിലേക്കു കൈപിടിച്ചു കൊണ്ടുപോയ ശേഷം പിന്നീട് അവർക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സംഗീത മികവ് തിരിച്ചറിഞ്ഞ വി.എം കുട്ടി അന്നു വത്സലയായിരുന്ന ഫസീലയെ മാപ്പിളപ്പാട്ടിന്റെ ലോകം പരിചയപ്പെടുത്തി. മാപ്പിളപ്പാട്ടിൽ സ്വാഭാവികമായി വരുന്ന അറബി വാക്കുകളുടെ കുരുക്കഴിക്കാൻ ഒരു അധ്യാപകനെയും അദ്ദേഹം ഏൽപിച്ചു. മുഹമ്മദ് നാലകത്ത് എന്ന അറബി മുൻഷി വഴി അറബി ഭാഷയും ഉച്ചാരണങ്ങളും പഠിച്ചു. അറബി കവി ബൂസ്വീരിയുടെ പ്രവാചക പ്രകീർത്തന കാവ്യമായ ബുർദയായിരുന്നു തുടക്കത്തിൽ നിരന്തരം കേട്ടുകൊണ്ടിരുന്നത്. ബുർദയിലെ കാവ്യശകലങ്ങളോരോന്ന് പാഠിപ്പഠിക്കുക മാത്രമല്ല മനഃപാഠമാക്കുകയും ചെയ്തു. അങ്ങനെ അനായാസം അറബിയും നാവിൽ ലയിച്ചു.
'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തിൽ പി.ടി അബ്ദുറഹ്മാൻ രചിച്ച് എം.എസ് വിശ്വനാഥൻ സംഗീതം നിർവഹിച്ച 'അഹദവനായ പെരിയോനേ....' പാടി സിനിമാരംഗത്തേക്കും കാലെടുത്തുവച്ചു. പിന്നീട് ഐ.വി ശശി സംവിധാനം ചെയ്ത '1921'ൽ ഇതിഹാസ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയ്‌ക്കൊപ്പം 'മണവാട്ടി കരംകൊണ്ട് മുഖം മറച്ച് ഫിർദൗസിലടുക്കുമ്പോൾ' പാടി. എ.ടി അബു സംവിധാനം ചെയ്ത 'മൈലാഞ്ചി' എന്ന ചിത്രത്തിൽ 'കൊക്കരക്കൊക്കര കോയിക്കുഞ്ഞേ' ആളുകൾ ഏറ്റെടുത്തു.
മാപ്പിളപ്പാട്ടിലെ ഗുരു വി.എ കുട്ടി തന്നെ രചിച്ച ഗാനങ്ങളാണ് ആദ്യമെല്ലാം പാടിയത്. അങ്ങനെയാണ് വി.എം കുട്ടിയുടെ 'ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ട്' പാടി ഹിറ്റാകുന്നത്. മാപ്പിളപ്പാട്ട് ആരാധകരെല്ലാം വിളയിൽ ഫസീലയെ ഒരുപോലെ ഹൃദയത്തിലേക്ക് ഏറ്റെടുത്ത ഗാനങ്ങളിലൊന്നായി മാറിയത്. 1970കളുടെ അവസാനമായപ്പോഴേക്ക് ഗൾഫ് നാടുകളിൽനിന്നു പ്രവാസികളുടെ വിളിയായി. പിന്നീട് ഒന്നിനു പിറകെ ഒന്നൊന്നായി നിരന്തരം ഗൾഫ് യാത്രകൾ. പ്രവാസികൾ സ്‌നേഹിച്ച് ആഘോഷിച്ച കാലമായിരുന്നു അത്. 'അകലെ ഗൾഫിൽ പണിയെടുത്ത് തളരും', 'കടലിന്റെയിക്കരെ വന്നോരെ, ഖൽബുകൾ വെന്തു പൊരിഞ്ഞോരേ' എല്ലാം പാടി പ്രവാസികളുടെ വിരഹനോവുകൾക്ക് ലേപനം പുരട്ടിയവർ.
ഇതിനിടയിലാണ് ഇസ്‌ലാം മതം സ്വീകരിച്ച് വിളയിൽ വത്സല ഫസീലയായി മാറി. ഗൾഫ് പരിപാടികളുടെ തിരക്കുകൾക്കിടയിലാണ് ദുബൈയിൽ ജോലി ചെയ്യുകയായിരുന്ന കാസർകോട് പയ്യന്നൂർ സ്വദേശിയായ ടി.കെ.പി മുഹമ്മദലിയെ പരിചയപ്പെടുന്നത്. ആ പരിചയം ദാമ്പത്യത്തിലേക്കു വഴിമാറുകയും ചെയ്തു.
ഇശൽനൈറ്റുകളും സംഗീതനിശകളും കല്യാണ വീടുകളുമെല്ലാമായി തിരക്കോടുതിരക്കായിരുന്നു 80കളിലും 90കളിലുമെല്ലാം. വിശ്രമിക്കാൻ ഇടവേളയില്ലാതെ വേദികളിൽനിന്നു വേദികളിലേക്കു പാടിനടന്നു.
രാഷ്ട്രീയ പാർട്ടി വേദികളിൽ പാട്ടുപാടി ആളെക്കൂട്ടാനുള്ള ദൗത്യവും ഏൽപിക്കപ്പെട്ടു. അങ്ങനെയാണ് തിരൂരിൽ നടന്ന ഒരു സി.പി.എം പരിപാടിക്കിടയിൽ എ.കെ.ജിയുടെ പ്രത്യേക അനുമോദനത്തിനും പാത്രമായത്. 'വരികയായി ഞങ്ങൾ വരികയായി, വിപ്ലവത്തിൻ കാഹളം മുഴക്കാൻ' എന്ന വിപ്ലവഗാനമായിരുന്നു ഫസീല പാടിക്കൊണ്ടിരുന്നത്. പാടിക്കഴിഞ്ഞതോടെ എല്ലാവരെയും ഞെട്ടിച്ച് വേദിയിലുണ്ടായിരുന്ന എ.കെ.ജി ഓടിയെത്തി അനുമോദിക്കുകയായിരുന്നു.
മാപ്പിളപ്പാട്ടുലോകത്ത് ദികര് പാടിക്കിളിയായി പാറിവന്ന് സംഗീതാസ്വാദകരുടെ ഹൃദയം കവർന്നു പാടിയകലുകയാണ് ഫസീല. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരിൽ മുങ്ങി, മണിമഞ്ചലിൽ, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുൽ ഖുറാവിൽ, യത്തീമെന്നെ, മക്കത്ത് പോണോരെ, ആയിരം പോറ്റുമ്മ, അഴകിൽ മികച്ചുനിൽക്കും, ബിസ്മിയും ഹംദും, ഇലാഹായ പുരാനോട്, പകലൻ നിശാനി, പൊന്നും മിന്നും... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിപ്പോൾ മാപ്പിളപ്പാട്ടിന്റെ വാനമ്പാടി 'സുബർക്ക'ത്തിലേക്ക് പാടിപ്പറന്നിരിക്കുകയാണ്.
Summary: Vilayil Faseela Life story