മുതിര്ന്ന മാധ്യമപ്രവര്ത്തകന് വി.പി.എ അസീസ് അന്തരിച്ചു
|വിദേശകാര്യ വാർത്തകളിൽ വിദഗ്ധനും കോളമിസ്റ്റുമായിരുന്നു
കോഴിക്കോട്: മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം മുൻ ന്യൂസ് എഡിറ്ററുമായ വി.പി.എ അസീസ് (62) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരി സ്വദേശിയാണ്.
1960 മെയ് ഏഴിന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലാണ് ജനനം. പിതാവ്: വി.കെ അബൂബക്കർ ഹാജി. മാതാവ്: കുഞ്ഞിപാത്തുമ്മ. 1977- 1984-ൽ ശാന്തപുരം ഇസ്ലാമിയാ കോളേജിൽ പഠിച്ച് എഫ്.ഡി, ബി.എ. (ധന ശാസ്ത്രം) ബിരുദങ്ങൾ നേടി. തുടർന്ന് മീഞ്ചന്ത ഗവൺമെന്റ് ഈവനിങ് കോളജിൽ എം.എ എകണോമിക്സിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. തുടർന്ന് ഒമശ്ശേരി ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റിന്റെ കീഴിലുള്ള പബ്ലിക് സ്കൂളിലും (1984- 85) പുന്നക്കൽ അൽ മദ്റസത്തുൽ ഇസ്ലാമിയയിലും അധ്യാപകനായി പ്രവർത്തിച്ചു. 1987-ൽ മാധ്യമം ദിനപത്രം ആരംഭിച്ചപ്പോൾ അതിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് സീനിയർ സബ് എഡിറ്ററായി. 31 വർഷം മാധ്യമം കോഴിക്കോട് ഡെസ്കിൽ സേവനം ചെയ്തശേഷം 2018-ൽ ന്യൂസ് എഡിറ്റർ തസ്തികയിൽ നിന്നാണ് വിരമിച്ചത്.
മലയാള പത്രങ്ങളിൽ ആദ്യമായി മാധ്യമം വിദേശകാര്യ വാർത്തകൾക്ക് പ്രത്യേകം പേജ് തുടങ്ങിയപ്പോൾ അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് അസീസ്ക്കയാണ്. അതോടെ അറബി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കും കൂടുതൽ ഇടം ലഭിച്ചു. വാരാദ്യമാധ്യത്തിലെ വാർത്തകളിലെ വനിതകൾ, ആരാമം വനിതാ മാസികയിലെ മറുനാട്ടിലെ മഹിളകൾ എന്നീ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഐ.പി.എച്ച്. പുറത്തിറക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ലേഖകരിൽ ഒരാളാണ്. പ്രബോധനം, ബോധനം, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളിലും എഴുതിയിരുന്നു. മലർവാടി ബാലമാസികയുടെ തുടക്കം മുതൽ കഥകളും കവിതകളും എഴുതിയിരുന്നു. യുഗപ്പകർച്ച എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കി. ഓമശ്ശേരി വേനപ്പാറ കാർകുൻ ഹൽഖ നാസിമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: വി.സുബൈദ. മക്കൾ: ബാസിത്, സൽവ, സാബിത്, മർവ.