Art and Literature
തിരസ്‌കൃതരുടെ കഥകള്‍
Art and Literature

തിരസ്‌കൃതരുടെ കഥകള്‍

അജേഷ് പി.
|
23 Oct 2024 1:45 PM GMT

ജിന്‍ഷ ഗംഗയുടെ 'ഒട' കഥാ പുസ്തകത്തിന്റെ വായന.

പുതിയതായി വായനക്കെടുത്ത പുസ്തകങ്ങളില്‍ ഒന്ന് ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കുക, പിന്നെ മണിക്കൂറുകളോളം ആ പുസ്തകത്തില്‍ തന്നെ തങ്ങിനില്‍ക്കുക, കഥാപാത്രങ്ങള്‍ ചുറ്റും വന്നു നിറയുക - ചിലര്‍ വര്‍ത്തമാനം പറയുന്നു, ചിലര്‍ ഒച്ചയില്ലാതെ നിലവിളിക്കുന്നു, ചിലര്‍ പാട്ടു പാടുന്നു.. തെയ്യം വെളിപാടുമായി വരുന്ന ശബ്ദം ചെവികളില്‍ പ്രതിധ്വനിക്കുന്നു..

ജിന്‍ഷ ഗംഗയുടെ ആദ്യ കഥാ സമാഹാരമായ 'ഒട' യിലെ കഥകളെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.

ഇതിലെ കഥകള്‍ വായിച്ചു കഴിഞ്ഞാലും ഓര്‍മയില്‍ നിന്നവ വിട്ടുപോകില്ല. 'ഒട'യില്‍ തുടങ്ങി 'പെണ്‍മാല'യില്‍ അവസാനിക്കുമ്പോള്‍, പല ഇടങ്ങളില്‍ പലമാതിരി തിരസ്‌കൃതരായി മാറിയ മനുഷ്യര്‍ നമ്മെ ചുട്ടുപൊളിക്കുന്നു. അവരുടെ ജീവിതങ്ങള്‍ നമ്മെ ചുറ്റി വരിയുന്നു.

ഈ സമാഹാരത്തിലെ ആദ്യ കഥയായ 'ഒട' ജിന്‍ഷാ ഗംഗ കണ്ടെടുത്തിട്ടുണ്ടാവുക തന്റെ ജീവിത പരസരത്തുനിന്നു തന്നെ. തെയ്യക്കോലങ്ങളും പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും ഇഴുകിച്ചേര്‍ന്നിരിക്കുന്ന നാട്. ഒടയിലെ തീച്ചാമുണ്ഡി തെയ്യം കെട്ടിയാടിയ രാമപ്പണിക്കര്‍ ഉള്ളിലെ നോവുകൊണ്ട് നമ്മെ പലയാവര്‍ത്തി പൊള്ളിക്കുന്നു.

ആ പച്ച മനുഷ്യനെ ദൈവികതയിലേക്ക് ഉയര്‍ത്തുന്നതും, അതേ ഉയരത്തില്‍ നിന്ന് താഴേക്ക് മറിച്ചിടുന്നതും, ഒപ്പം നില്‍ക്കുന്നതും തള്ളിക്കളയുന്നതും താന്‍ കണ്ടു വളര്‍ന്ന, ഒപ്പം പുലരുന്ന മനുഷ്യരാകുന്നു. രാമപ്പണിക്കര്‍ ആയകാലത്ത് നാട്ടുകാര്‍ക്ക് തീച്ചാമുണ്ഡി തെയ്യമാണ്, ഉറഞ്ഞാടുന്ന അവരുടെ ദൈവം, മനക്കണ്ണാല്‍ ആപത്തുകളെ കാണിച്ചു കൊടുക്കുന്ന ദൈവം.

നാട്ടുകാര്‍ക്കായി സ്വജീവിതം പോലും ഉഴിഞ്ഞു വെച്ച ദൈവം. എന്നാല്‍, തന്റെ ദുഃഖങ്ങള്‍ക്കൊപ്പം, വാര്‍ധക്യത്തിനൊപ്പം പുതിയ കാലത്തിന് അയാള്‍ വെറുമൊരു രാമപ്പണിക്കരാകുന്നു. എങ്കിലും ഓരോ തെയ്യക്കാലത്തും തെയ്യങ്ങള്‍ക്കൊപ്പം കാവുകളില്‍ മറ്റു പല വേഷങ്ങളില്‍ അയാളുണ്ടായിരുന്നു. അയാള്‍ക്കു ചുറ്റും താന്‍ കെട്ടിയാടിയ പടര്‍ന്ന തീച്ചാമുണ്ഡിയുടെ ഓര്‍മകളും.

അപ്പാപ്പനില്‍ നിന്നും കേട്ട തീച്ചാമുണ്ഡി തെയ്യത്തിന്റെ ഉല്‍പത്തി കഥപോലെ രാമന്‍ പണിക്കരുടെ ജീവിതവും പൊള്ളുന്നതാണ്, അപ്പന്‍ തോട്ടുവക്കത്ത് ഹൃദയം പൊട്ടി വീണത്. വലിയ കണ്ണുകളുള്ള ഇഷ്ടക്കാരി ലീല അപസ്മാര ചുഴിയാല്‍ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് ഊര്‍ന്നു പോയത്.

പുതിയകാലത്ത് നിന്നും തെയ്യം കെട്ടുന്നതില്‍ നിന്ന് തിരസ്‌കൃതനായി പോകുന്ന ഒരാളുടെ വേദന. വീണ്ടും ഒട വെച്ച് തെയ്യമായി തെയ്യക്കാവിനു അങ്ങേക്കരയില്‍ തോട്ടിനപ്പുറത്ത് തീ ഗോളമായി ഒരു ആന്തല്‍. തെയ്യത്തിന്റെ കൂവല്‍, അരുള്‍പ്പാട്, ഒടക്കെട്ടിയ രാമപ്പണിക്കരില്‍ നിന്ന് തോറ്റംപ്പാട്ട്.

അതെ, നമ്മള്ളിപ്പോള്‍ ഒരു തെയ്യക്കാവില്‍ ആകാശത്തോളം ആളിക്കത്തിയ കനലില്‍ തീച്ചാമുണ്ഡി തെയ്യം കണ്ടിരിക്കുന്നു. തൃപ്തിയാകാതെ വീണ്ടും വീണ്ടും തീകുണ്ഡത്തിലേക്ക് തീച്ചാമുണ്ഡിയെ തള്ളിവിടുന്നു.

കഥ കഴിഞ്ഞാലും പുസ്തകം മടക്കി വെച്ചാലും വീശിയടിക്കുന്ന ഈ തീക്കാറ്റില്‍ നിന്നും അത്രയെളുപ്പമെന്നും ആര്‍ക്കും പുറത്തു കടക്കാനാവില്ല.

'അഗ്രസന്ധനി' എന്ന കഥ തന്നില്‍ തന്നെ ബന്ധിയായി പോയ ഒരാളുടേതാണ്. ആള്‍ക്കൂട്ടങ്ങളും, കല്യാണവും, മരണവും അയാള്‍ക്ക് പോകാന്‍ ഇഷ്ടമില്ലാത്ത ഇടങ്ങളാണ്. നിറയെ കഥാപാത്രങ്ങളുള്ള വായനയിലേക്കു പോലും അയാള്‍ കടന്നുവരുന്നത് ജീവിതത്തിന്റെ മധ്യാഹ്നം പിന്നിടുമ്പോഴാണ്. അയാള്‍ക്ക് ഇത്തിരിയെങ്കിലും അടുപ്പമുള്ള ചായക്കടക്കാരനും, ലൈബ്രേറിയനും അടുത്തടുത്ത് മരണപ്പെടുന്നു. ആത്മഹത്യയോ കൊലപാതകമോ ആയേക്കാവുന്ന മരണങ്ങള്‍, പിന്നീട് അയാള്‍ തേടുന്നത്, കണ്ടെത്തുന്നത് കുറിച്ചു വെയ്ക്കുന്നത് പുസ്തകങ്ങളില്‍ മരണപ്പെടു പോയ കഥാപാത്രങ്ങളെയാണ്. അയാള്‍ താന്‍ കുറിച്ചു വെച്ച പേരുകള്‍ മരണകാരണം ഒരിക്കല്‍ ഭാര്യക്കു മുന്നില്‍ വെളിപ്പെടുത്തുന്നു.

'ഉമ്പാച്ചി' സ്‌നേഹത്തിന്റെ പലമാനങ്ങളും മണവുമുളള കഥയാണ്. പൂച്ചയുടെ നടത്തമുള്ള ചന്ദ്രിയുടെ നിഗൂഡതകളുടെയും.

'വിസെലിറ്റ്‌സ 'തടവിലായി പോകുന്ന ടൈപ്പിക്കല്‍ എഴുത്തുകാരന്റേത് മാത്രമല്ല, അതിനപ്പുറം കണ്ണൂരിന്റെ കഥ തന്നെയാണ്. തെരുവില്‍ പാറുന്ന കൊടിയുടെ, രക്തസാക്ഷിത്വത്തിന്റെ നിറമുണ്ടതിന്. കണ്ണൂര്‍ ജയിലില്‍ മുഴങ്ങി കേട്ട മുദ്രാവാക്യത്തിന്റെ മുഴക്കമുണ്ടതിന്. കൊഴിഞ്ഞു പോയ മൂല്യങ്ങളുടെ, അപചയങ്ങളുടെ നീറ്റലും. എഴുത്തുകാരനല്ല, പ്രഭാകരനും കണ്ണൂര്‍ ജയിലുമാണിതിലെ കഥയാവുന്നത്. എഴുത്തുകാരന്‍ വെറും പകര്‍ത്തിയെഴുത്തുകാരന്‍ മാത്രം.

'തെയ് തെയ് വാഴ്ക'യില്‍ പുരുഷ അധികാരത്തിന്റെ കൂര്‍ത്ത പഴയ അടയാളങ്ങളുണ്ട്. എന്നാല്‍, അതിനെ ചെറുത്ത് തോല്‍പ്പിച്ച ദീനാമ്മയുണ്ട്, കൂടെ ആ അടയാളങ്ങള്‍ക്കു താഴെ കെട്ടു പിണഞ്ഞു കിടക്കുന്ന ഗ്ലാഡിസിനെയും മകളെയും കാണാം. ഗ്ലാഡിസിന്റെ ഓര്‍മകളും അനുഭവങ്ങളുമാണ് ഈ കഥ.

'ഉപ്പ്' എന്ന കഥ വായിച്ചു കഴിഞ്ഞാല്‍ അറിയാതെ നമ്മള്‍ നാവുകൊണ്ടൊന്നു ചുണ്ടിനെ ഉഴിയും, ഇഷ്ടമില്ലാത്തൊരു ഉപ്പുരസം വായില്‍ അകപ്പെട്ടുപോയപോലെ ഒന്നു പുറത്തേക്ക് തുപ്പും. ഉപ്പുരുചിയുള്ള പ്രണയത്തിനെയും, ചുംബനത്തിനെയും, ഭക്ഷണത്തിനെയും കടലിനെയും വെറുക്കാന്‍/അല്ല പേടിക്കാന്‍ പ്രേരിപ്പിച്ച ആനന്ദിലെ വേദനകളും, രഹസ്യങ്ങളും അയാളുടെ, മരണത്തിനു ശേഷമാണ് വെളിപ്പെടുന്നതും, അയാള്‍ മറിക്കടക്കുന്നതും.

പ്രണയം കൊണ്ട് മുറിവേറ്റ വിപഞ്ചികയും, ബാല്യത്തിലെ രണ്ടാനച്ഛന്റെ പീഡനങ്ങളാല്‍ മുറിവേറ്റ ആനന്ദിനെയും ആര്‍ക്കും സ്വന്തം ഹൃദയത്തില്‍ നിന്ന് അത്ര വേഗത്തിലൊന്നും വേര്‍പ്പെടുത്തി കടന്നുകളയാനാവില്ല. ഉപ്പ് എന്ന കഥയുടെ വായനക്കുശേഷവും ഉപ്പിന്റെ അറപ്പുള്ളൊരു തികട്ടല്‍ കൂടെയുണ്ടാകും ഏറെ കാലം. 'വിയര്‍പ്പിന്റെ രുചി മധുരമായെങ്കില്‍' എന്ന് വായനക്കാരനും ആശിച്ച് പോകും.

അതിര്, ഗാന്ധിജിയെ സ്‌നേഹിച്ച അച്ചാമ്മയുടേതും അവരെ അളവറ്റ് സ്‌നേഹിക്കുന്ന ഭര്‍ത്താവ് ജോസഫച്ചന്റെയുമാണ്. എത്ര തകര്‍ത്തെറിഞ്ഞാലും കറുപ്പിനും വെളുപ്പിനുമിടയില്‍ അതിരുകള്‍ ഉണ്ടായി കൊണ്ടെയിരിക്കുമെന്നും കഥ ഓര്‍മപ്പെടുത്തുന്നു.

'ചാപ്പ' എന്ന കഥ തന്റേതല്ലാത്ത കാരണങ്ങളാല്‍ അസ്വസ്ഥരാകേണ്ടിവരുന്ന മനുഷ്യരുടേതാണ്.

'പെണ്‍മാല' എന്ന കഥയും തിരസ്‌കൃതമാക്കുന്ന ജീവിതത്തിന്റെതാണ്. ദേവിക്ക് ഉത്സവനാളില്‍ മാല കെട്ടാനുളള അവകാശത്തില്‍ നിന്ന് രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതിലൂടെ, ഭാര്യയുടെ പ്രസവം നിറുത്താനുള്ള തീരുമാനത്തിലൂടെ കരിമ്പനെന്ന മനുഷ്യന് നഷ്ടമാകുന്നു, അല്ല താന്‍ അത്രയും പ്രധാനമായി കണ്ട കാര്യത്തില്‍ നിന്നയാള്‍ പുറത്താക്കപ്പെടുന്നു. കാടായാലും നാടായാലും പെണ്‍പിറവികളില്‍ അലോസരപ്പെടുന്ന കൂട്ടമുണ്ട്. അലോസരപെടുന്നവരില്‍ ആണും പെണ്ണുമുണ്ടെന്നത് മറ്റൊരു വൈരുദ്ധ്യം.

തിരസ്‌കൃതമാക്കപ്പെടുന്നതില്‍ തുടങ്ങി തിരസ്‌കൃതമാക്കപ്പെടുന്നതില്‍ തന്നെ അവസാനിക്കുന്ന കഥകളുടെ കൂട്ടാണ് ഒട. 'ഒട'എന്ന ഈ സമാഹാരത്തിലെ കഥകളും കഥാപാത്രങ്ങളും, ജീവിത പരിസരങ്ങളും വായനക്കാരില്‍ നിന്നും പെട്ടെന്നൊന്നും ഇറങ്ങി പോകില്ല. തോറ്റം പാടിയും, തോമശ്ലീഹ ചരിതം ചൊല്ലിയും അതങ്ങനെ നിലനില്‍ക്കും, തെയ്യപ്പറമ്പില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന തീ നാളങ്ങളേയും ജീവിതത്തിലെ ഭയാനകമായ ഉപ്പുരസങ്ങളേയും ഓര്‍മിപ്പിച്ച് ജിന്‍ഷാ ഗംഗയുടെ കഥകളങ്ങനെ മനസില്‍ നിലനില്‍ക്കും.

Related Tags :
Similar Posts