olympics
സ്വര്‍ണമെഡല്‍ പങ്കുവെക്കാമോയെന്ന് ഖത്തര്‍ താരം, പറ്റുമെന്ന് ഒഫിഷ്യല്‍, ആലിംഗനം ചെയ്ത് സന്തോഷ കണ്ണീരോടെ ഇറ്റലി താരം: ഒളിമ്പിക്സില്‍ വികാരനിര്‍ഭര രംഗങ്ങള്‍
olympics

സ്വര്‍ണമെഡല്‍ പങ്കുവെക്കാമോയെന്ന് ഖത്തര്‍ താരം, പറ്റുമെന്ന് ഒഫിഷ്യല്‍, ആലിംഗനം ചെയ്ത് സന്തോഷ കണ്ണീരോടെ ഇറ്റലി താരം: ഒളിമ്പിക്സില്‍ വികാരനിര്‍ഭര രംഗങ്ങള്‍

ijas
|
2 Aug 2021 4:01 AM GMT

''ഇത് സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമാണ്. ഇതാണ് ശരിയായ സ്പിരിറ്റ്, സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്''- ഖത്തര്‍ താരം മുതാസ് ഈസാ പറഞ്ഞു

ഒളിമ്പിക്സിലെ ഹൈജമ്പ് മത്സരത്തിന്‍റെ ഫൈനല്‍ മത്സരത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഏതൊരു താരവും അതിയേറെ ആഗ്രഹിക്കുന്ന സ്വര്‍ണ്ണ മെഡല്‍ എന്ന ഒറ്റ സ്വപ്നം പങ്കുവെക്കപ്പെടുന്നതിന്‍റെ സന്തോഷത്തിനാണ് ടോക്കിയോയിലെ ഒളിമ്പിക്സ് ഹൈജമ്പ് സ്റ്റേഡിയം വേദിയായത്.

ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്‍റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനല്‍ മത്സരം. ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച മത്സരം. രണ്ടു പേരും 2.37 മീറ്റർ ചാടി തുല്യരായി നില്‍ക്കുന്നു. ഇരുവര്‍ക്കും മൂന്ന് വീതം അവസരങ്ങള്‍ ഒളിമ്പിക്സ് ഒഫിഷ്യല്‍ നല്‍കുന്നു. പക്ഷേ ആര്‍ക്കും തന്നെ തങ്ങള്‍ നേരത്തെ കുറിച്ച 2.37 മീറ്ററിന് മുകളിലേക്ക് ചാടിപറക്കാന്‍ സാധിക്കുന്നില്ല.

അതിനിടെ അവസാന അവസരത്തിനായി ഇരുവരും ഒരുങ്ങുന്നതിനിടെ ഖത്തറിന്‍റെ മുതാസ് ഈസാ ഒളിമ്പിക് ഒഫിഷ്യലിനോട് ആ മിന്നും ചോദ്യം ചോദിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാമോ? ഈസായുടെ ചോദ്യത്തിന് സന്തോഷത്തോടെ സമ്മതമാണെന്ന് ഒളിമ്പിക് ഒഫിഷ്യല്‍ അറിയിച്ചു. പിന്നാലെ ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് വേദിയായത്. ഇരുവരും പരസ്പരം നോക്കി, വാരിപുണര്‍ന്നു, ചുറ്റിലും സന്തോഷ കണ്ണീര്‍. മത്സരം വീക്ഷിച്ച മുഴുവന്‍ സ്റ്റേഡിയവും ഇരുവരുടെയും വിജയം ആഘോഷിച്ചു. ഖത്തറിന്‍റെയും ഇറ്റലിയുടെയും പതാകകള്‍ ഉയര്‍ത്തി പിടിച്ചു, കൈയ്യടിച്ചു.

''ട്രാക്കിലും പുറത്തും അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് അധ്വാനിക്കുന്നു. ഇത് സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമാണ്. ഇതാണ് ശരിയായ സ്പിരിറ്റ്, സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്''- സ്വര്‍ണ ഉറപ്പാക്കിയതിന് പിന്നാലെ ഖത്തര്‍ താരം മുതാസ് ഈസാ പറഞ്ഞു.

2016ലെ റിയോ ഒളിമ്പിക്സിന് തൊട്ടുമുന്നേ ജിയാന്മാർകോ തമ്പേരിയുടെ കാലിന് പരിക്ക് പറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷമാണ് ഇതെന്നാണ് ഇറ്റലിതാരം മത്സര ശേഷം പറഞ്ഞത്.

''2016ല്‍ പരിക്ക് പറ്റിയ നിമിഷം മുതല്‍ എനിക്ക് തിരിച്ചു വരണമായിരുന്നു. ഇപ്പോള്‍ എന്‍റെ കൈയ്യില്‍ സ്വര്‍ണ മെഡലുണ്ട്. ഇത് അവിശ്വസനീയ നിമിഷമാണ്, ഞാൻ ഇത് പല തവണ സ്വപ്നം കണ്ടു. റിയോ ഒളിമ്പിക്സിന് തൊട്ടുമുന്നേ ഇനിയൊരു പോരാട്ടം സാധ്യമല്ലെന്ന് വിധിയെഴുതിയിരുന്നു. ഇതൊരു നീണ്ട യാത്രയാണ്''. - ജിയാന്മാർകോ തമ്പേരി പറഞ്ഞു.

2012ലെ ലണ്ടൻ ഗെയിംസ് മത്സരത്തില്‍ ബാർഷിം വെങ്കലം നേടിയിരുന്നു. പിന്നീട് ഒളിമ്പിക്സ് കമ്മിറ്റി വെങ്കലം വെള്ളിയിലേക്ക് ഉയർത്തി. നാല് വർഷത്തിന് ശേഷം റിയോയിൽ മറ്റൊരു വെള്ളി കൂടി ബാര്‍ഷിം നേടി. തുടർന്ന് 2017 ലും 2019 ലും തുടർച്ചയായി രണ്ട് ലോക കിരീടങ്ങളാണ് ബാര്‍ഷിം സ്വന്തമാക്കിയത്.

2.43 ഉയരമാണ് ബാര്‍ഷിമിന്‍റെ കരിയറിലെ ഏറ്റവും മികച്ച സ്കോര്‍. 1993ല്‍ ക്യൂബയുടെ യാവിയര്‍ സോട്ടോമേയര്‍ കുറിച്ച 2.45 ഉയരമാണ് ലോക റെക്കോര്‍ഡില്‍ ഇതിന് മുന്നിലുള്ളത്.

Similar Posts