olympics
When a construction workers son, breaks Olympics record: Arshad Nadeem life story, Who is Arshad Nadeem?

അര്‍ഷദ് നദീം

olympics

നാട്ടുകാര്‍ പിരിവിട്ട് ഒളിംപിക്‌സ് യാത്ര; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് കിട്ടിയ ജാവലിന്‍-നദീമിനിതു വെറുമൊരു പൊന്നല്ല!

Shaheer
|
9 Aug 2024 12:06 PM GMT

ടോക്യോ ഒളിംപിക്‌സില്‍ നീരജിന്‍റെ ജാവലിനില്‍ കൃത്രിമം കാണിക്കാന്‍ പാക് താരം നദീം ശ്രമിച്ചെന്ന തരത്തില്‍ വലിയ പ്രചാരണങ്ങള്‍ നടന്നിരുന്നു. നിങ്ങളുടെ വൃത്തികെട്ട അജണ്ടകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നായിരുന്നു നീരജ് അന്നു തുറന്നടിച്ചത്

ഇസ്‌ലാമാബാദ്: വിശപ്പും വേദനങ്ങളും ഒരുപാട് കണ്ട ബാല്യം. നാട്ടുകാർ പിരിവിട്ട് പരിശീലനവും ചാംപ്യൻഷിപ്പ് യാത്രകളും. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിട്ടും ഒരു ജാവലിൻ വാങ്ങാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിടേണ്ടി വന്ന ദുർവിധി... പാരിസ് ഒളിംപിക്‌സിൽ 140 കോടി ഇന്ത്യക്കാരുടെ സുവർണ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച പാകിസ്താൻ താരം അർഷദ് നദീമിന്റെ ആ സ്വപ്‌നസമാനമായ മെഡൽയാത്ര കരുതിയയത്ര സുഖകരമായിരുന്നില്ല. 92.97 മീറ്ററിൽ എറിഞ്ഞാണ് നദീം പാരിസിൽ ചരിത്രം തിരുത്തിക്കുറിച്ചത്. കഴിഞ്ഞ ടോക്യോ ഒളിംപിക്സിൽ നീരജ് ചോപ്ര ഇന്ത്യയ്ക്ക് സ്വർണം സമ്മാനിക്കുമ്പോൾ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടവനാണ് മൂന്നു വർഷങ്ങൾക്കിപ്പുറം ഒളിംപിക്‌സ് റെക്കോർഡ് എറിഞ്ഞു തകർത്ത് പുത്തൻ ചരിത്രമെഴുതിയിരിക്കുന്നത്.

പാകിസ്താൻ പഞ്ചാബിലെ മിയാൻ ചാന്നു എന്ന ഗ്രാമത്തിൽ 1997 ജനുവരി രണ്ടിനാണ് അർഷദ് നദീമിന്റെ ജനനം. പട്ടിണിയും പരിവട്ടവുമായി തീർത്തും പ്രതികൂലമായിരുന്നു വീട്ടിലെ സാഹചര്യങ്ങൾ. നിർമാണ തൊഴിലാളിയായ അച്ഛൻ മുഹമ്മദ് അഷ്റഫ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അഷ്റഫ് ദിവസവും അധ്വാനിച്ചുവേണം വലിയൊരു കുടുംബത്തിന്റെ വയറുനിറയ്ക്കാൻ.

എന്നാൽ, പ്രതിസന്ധികളും പ്രതികൂലാവസ്ഥകളും അവസരവും ഊർജവുമാക്കുന്നതായിരുന്നു നദീമിന്റെ ശീലം. ഒരു അഭിമുഖത്തിൽ തന്നെ താരം അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഓരോ തവണയും മെഡൽ സ്വന്തമാക്കുമ്പോഴും വന്ന വഴിയെ കുറിച്ച് ഓർക്കും. അതു കൂടുതൽ ഊർജം പകരുകയാണു ചെയ്യാറുള്ളതെന്നാണ് 27കാരൻ പറയുന്നത്. ഉയരങ്ങൾ തൊടുമ്പോഴും എപ്പോഴും വിനയാന്വിതനാകാനും കൂടുതൽ വിജയങ്ങൾ എത്തിപ്പിടിക്കാനും അതു കൂടുതൽ പ്രചോദനം പകരുകയും ചെയ്യുന്നുവെന്നും താരം പറയുന്നുണ്ട്.


ക്രിക്കറ്റ് വിട്ട് ജാവലിനിലേക്ക്

ഇന്ത്യയെ പോലെ ക്രിക്കറ്റും ഹോക്കിയും ഉൾപ്പെടെ കളിയെ സ്നേഹിക്കുന്ന നാടായതിനാൽ പാകിസ്താനിലെ എല്ലാ കുട്ടികളെ പോലെയും അത്തരം സ്വപ്നങ്ങൾ കണ്ടാണ് നദീമും വളരുന്നത്. ക്രിക്കറ്റിലും ടെന്നീസിലും ഹോക്കിയിലും കബഡിയിലും അത്ലെറ്റിക്സിലുമെല്ലാം കൈവച്ചു. ഒരു ശരാശരി പാകിസ്താനി കൗമാരക്കാരനെപ്പോലെ ക്രിക്കറ്റിനോടായിരുന്നു കൂടുതൽ പ്രിയം. അവിടെ കരിയറുണ്ടാക്കാമെന്നായിരുന്നു കരുതിയത്. എന്നാൽ, അത്ലെറ്റിക്സിലെ മികവ് തിരിച്ചറിഞ്ഞ കായിക പരിശീലകൻ റഷീദ് അഹ്മദ് സാഖി നദീമിന്റെ ജീവിതത്തിൽ വഴിത്തിരിവായി.

റഷീദ് ആണ് ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ മാറ്റിവച്ച് ജാവലിന്‍ ത്രോയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുന്നത്. അങ്ങനെ റഷീദിന്റെ മേല്‍നോട്ടത്തിലാണ് 2016 മുതല്‍ ജാവലിനില്‍ ജീവിതം സമര്‍പ്പിച്ചുതുടങ്ങിയത്. തന്റെ സാങ്കേതികത്തികവ് കണ്ട് നല്ലൊരു പേസ് ബൗളറാകാന്‍ കഴിയുമെന്നായിരുന്നു എല്ലാവരും പറയാറെന്നാണ് നദീം ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍, ജാവലിന്‍ ത്രോക്കു പറ്റിയ ശാരീരികക്ഷമത തനിക്കുണ്ടെന്നു പറഞ്ഞ് കോച്ച് ആ വഴിയിലേക്കു തന്നെ തിരിച്ചുവിടുകയായിരുന്നുവെന്ന് താരം ഓര്‍ത്തെടുത്തിരുന്നു.

2016ല്‍ അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് അര്‍ഷദ് നദീം പാകിസ്താനു വേണ്ടി ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറുന്നത്. അന്നുതന്നെ വെങ്കല മെഡല്‍ സ്വന്തമാക്കി അന്നു വെറും 19കാരനായ നദീം വാര്‍ത്തകളില്‍ നിറഞ്ഞു. 78.33 മീറ്ററിലായിരുന്നു തുടക്കം. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും വെങ്കലം സ്വന്തമാക്കി; 80.75 മീറ്ററായിരുന്നു ഇത്തവണത്തെ മികച്ച പ്രകടനം.


2021ലെ ടോക്യോ ഒളിംപിക്‌സ് ആദ്യത്തെ അനുഭവമായിരുന്നു. അന്ന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും പാകിസ്താന്റെ ഒളിംപിക്‌സ് അത്‌ലെറ്റിക്‌സ് ചരിത്രത്തില്‍ റെക്കോര്‍ഡായിരുന്നു അത്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം ബ്രിട്ടനിലെ ബിര്‍മിങ്ങാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ അധ്യായം കുറിച്ചു നദീം. 90.18 മീറ്ററില്‍ റെക്കോര്‍ഡുമായി സ്വര്‍ണം എറിഞ്ഞെടുത്തു താരം. 2023ല്‍ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്ന വേള്‍ഡ് അത്‌ലെറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ വെള്ളിയുമായി തൊട്ടുപിന്നിലുണ്ടായിരുന്നു നദീം. ഏറ്റവുമൊടുവില്‍ 92.97 മീറ്ററിന്റെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ച് പാരിസ് ഒളിംപിക്‌സില്‍ പുത്തന്‍ സുവര്‍ണാധ്യായം രചിച്ചിരിക്കുകയാണ് താരം.

ഒന്നും അത്ര എളുപ്പമായിരുന്നില്ല

ഒളിംപിക് ജാവലിനില്‍ സ്വര്‍ണം കുറിച്ച് ലോകത്തിനു നെറുകയില്‍ നില്‍ക്കുമ്പോഴും ആ യാത്ര ഒട്ടും എളുപ്പമുള്ളതായിരുന്നില്ല അര്‍ഷദ് നദീമിന്. പിതാവ് അഷ്‌റഫ് കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടയിലാണ് മകന്റെ കായികമോഹങ്ങള്‍. പലപ്പോഴും മര്യാദയ്ക്കു ഭക്ഷണം കഴിക്കാത്ത ദിവസങ്ങള്‍ ബാല്യത്തിലുണ്ടായിട്ടുണ്ടെന്ന്് അര്‍ഷദ് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

മകന്‍ എങ്ങനെയാണ് ഇപ്പോള്‍ ഇവിടെ എത്തിനില്‍ക്കുന്നതെന്ന് ആളുകള്‍ക്ക് അറിയില്ലെന്നാണ് ഇന്നലെ മെഡല്‍നേട്ടത്തിനു പിന്നാലെ പിതാവ് അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞത്. നാട്ടുകാരും കുടുംബക്കാരുമെല്ലാം പിരിവെടുത്താണ് അവനു പരിശീലനത്തിനുള്ള സൗകര്യമൊരുക്കിക്കൊടുത്തത്. വിവിധ രാജ്യങ്ങളില്‍ ഗെയിംസില്‍ പങ്കെടുക്കാനും പണം കണ്ടെത്തിയത് നാട്ടുകാര്‍ തന്നെയായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തുന്നുണ്ട്.

പരിശീലനം നടത്താന്‍ പണമില്ല, സൗകര്യങ്ങളില്ല, സജ്ജീകരണങ്ങളൊന്നുമില്ല. ജാവലിനില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു വര്‍ഷങ്ങള്‍ക്കുശേഷവും നദീമിന്റെ സ്ഥിതി ഇതായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ തന്നെ അവനു വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. അങ്ങനെ മിയാന്‍ ചാന്നുകാര്‍ പിരിവിട്ടാണ് ടോക്യോ ഒളിംപിക്‌സില്‍ പോലും നദീം എത്തുന്നത്.

പാരിസ് ഒളിംപിക്‌സിന് ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ജാവലിന്‍ വാങ്ങാന്‍ സഹായമഭ്യര്‍ഥിച്ച് നദീം സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് വലിയ ചര്‍ച്ചയും കൗതുകവുമായിരുന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ കൊയ്ത ഒരു താരത്തിനായിരുന്നു ഈ ദുരിതാവസ്ഥ. അന്ന് ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്രയും താരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇത്തവണ ഒളിംപിക്‌സിന് പാക് ഭരണകൂടത്തിന്റെ സഹായത്തോടെ പാരിസിലെത്തിയ ഏഴ് അത്‌ലെറ്റിക്‌സ് താരങ്ങളിലൊരാള്‍ കൂടിയാണ് നദീം.


നീരജ്-നദീം സൗഹൃദം

2016ലെ ഗുവാഹത്തി ഏഷ്യന്‍ ഗെയിംസിലാണ് നീരജും നദീമും ആദ്യമായി നേരില്‍ കാണുന്നത്. ഇതിനുശേഷം പലതവണ ഇരുവരും അന്താരാഷ്ട്രതലത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഈ പരിചയമാണ് പിന്നീട് അടുത്ത സൗഹൃദമായി മാറുന്നത്. പാരിസില്‍ സ്വന്തം മകനെ പിന്നിലാക്കി നദീം സ്വര്‍ണം നേടുമ്പോള്‍ നീരജിന്റെ അമ്മ സന്തോഷിക്കുന്നതിനു പിന്നില്‍ ആ സൗഹൃദത്തിന്റെ കഥയുണ്ട്. അവനും തനിക്കു മകനാണെന്നായിരുന്നു നീരജിന്റെ അമ്മ സരോജ് ദേവി പറഞ്ഞത്.

ഇതുവരെ പത്ത് അന്താരാഷ്ട്ര കായിക മാമാങ്കങ്ങളില്‍ നീരജും നദീമും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിലേറെ തവണയും മുന്നില്‍ നീരജ് തന്നെയായിരുന്നു. എന്നാല്‍, ആ വിജയങ്ങളിലൊന്നും നദീമിനെ മറക്കുകയോ അവഗണിക്കുകയോ ചെയ്തില്ല നീരജ്. ഏറ്റവുമൊടുവില്‍ 2021ലെ ടോക്യോ ഒളിംപിക്‌സിലാണ് ആ സൗഹൃദ കഥ പുറംലോകമറിയുന്നത്. അതുപക്ഷേ, സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങള്‍ക്കൊടുവിലായിരുന്നുവെന്നു മാത്രം.

ഒളിംപിക്‌സില്‍ മത്സരത്തിനു മുന്നോടിയായി നീരജിന്റെ ജാവലിന്‍ എടുത്തായിരുന്നു നദീം പരിശീലിച്ചിരുന്നത്. അതു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. മത്സരത്തിനു മുന്‍പ് കൃത്രിമം കാണിക്കാന്‍ വേണ്ടിയാണ് പാകിസ്താന്റെ താരം നീരജിന്റെ ജാവലിന്‍ കൈയിലെടുത്തതെന്ന തരത്തിലായിരുന്നു പ്രചാരണം.

എന്നാല്‍, ഒടുവില്‍ നീരജ് തന്നെ നദീമിനെ പിന്തുണച്ചു രംഗത്തെത്തി. നിങ്ങളുടെ വൃത്തികെട്ട അജണ്ടകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നായിരുന്നു നീരജ് അന്നു തുറന്നടിച്ചത്. നദീം തന്റെ ജാവലിന്‍ പരിശീലനത്തിനായി ഉപയോഗിച്ചതില്‍ ഒരു തെറ്റുമില്ലെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ബുഡാപെസ്റ്റില്‍ നദീം സ്വര്‍ണം നേടിയപ്പോള്‍ നീരജിനൊപ്പം ഇന്ത്യന്‍ പതാകയില്‍ പൊതിഞ്ഞ് ഫോട്ടോയ്ക്കു പോസ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പാരിസിലും നദീം ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ പ്രിയ സുഹൃത്തിനെ ചേര്‍ത്തുനിര്‍ത്തി ഫോട്ടോയ്ക്കു പോസ് ചെയ്താണ് നദീം ഒളിംപിക് പോഡിയം വിട്ടത്.

Summary: When a construction worker's son, breaks Olympics Javelin record: Arshad Nadeem life story

Similar Posts