olympics
ഭക്ഷണമില്ല, വെള്ളവും; വമ്പൻ മത്സരങ്ങൾക്കു മുമ്പ് ഗുസ്തിക്കാർ ഭാരം കുറയ്ക്കുന്നതെങ്ങനെ?
olympics

ഭക്ഷണമില്ല, വെള്ളവും; വമ്പൻ മത്സരങ്ങൾക്കു മുമ്പ് ഗുസ്തിക്കാർ ഭാരം കുറയ്ക്കുന്നതെങ്ങനെ?

Web Desk
|
7 Aug 2024 8:54 AM GMT

പരിശോധന നടക്കുന്ന 24 മണിക്കൂർ മുമ്പ് ഭാരം ഇല്ലാതാക്കുന്നത് ദുഷ്‌കരമായ പ്രക്രിയയാണ്

ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുകയാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില്‍ മത്സരിക്കുന്ന ഫോഗട്ടിന്റെ ഭാരം 100 ഗ്രാം കൂടുതലാണ് എന്നാണ് സംഘാടകർ കണ്ടെത്തിയത്. ഇതോടെ ഒളിമ്പിക്‌സിൽ സ്വർണമെഡൽ എന്ന ഇന്ത്യൻ സ്വപ്‌നം വൃഥാവിലായി. ബുധനാഴ്ച അമേരിക്കയുടെ സാറ ഹിൽഡ്ബ്രാണ്ടുമായാണ് ഫോഗട്ട് ഫൈനലില്‍ മത്സരിക്കേണ്ടിയിരുന്നത്. അയോഗ്യത കൽപ്പിക്കപ്പെട്ടതോടെ ഫോഗട്ടിന് ഒരു മെഡലും ലഭിക്കില്ല.

നിയമം എന്തു പറയുന്നു?

അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന ഗുസ്തിക്കാർ രണ്ടു തവണയാണ് ഭാരപരിശോധനയ്ക്ക് വിധേയരാകേണ്ടത്. ഒന്ന് പ്രാഥമിക റൗണ്ട് ആരംഭിക്കുന്ന ദിവസം രാവിലെയും മറ്റൊന്ന് ഫൈനൽ ദിവസം രാവിലെയും.

ചൊവ്വാഴ്ച രാവിലെ നടന്ന ഭാരപരിശോധനയിൽ അമ്പത് കിലോഗ്രാം മത്സരത്തിന് ആവശ്യമായ നിശ്ചിത ഭാരപരിധിക്കകത്തായിരുന്നു ഫോഗട്ട്. ഭാരം 49.90 കിലോഗ്രാം. സെമി ഫൈനൽ കഴിയുമ്പോൾ 52.7 കിലോഗ്രാം ആയിരുന്നു ഫോഗട്ടിന്റെ ഭാരം. ഫൈനലിലേക്ക് യോഗ്യത ലഭിക്കാൻ രണ്ടു കിലോഗ്രാം വരെ ഭാരമാണ് താരം ഇല്ലാതാക്കേണ്ടിയിരുന്നത്. സൈക്ലിങ്, ജോഗിങ്, ഭക്ഷണം നിയന്ത്രിക്കൽ തുടങ്ങി ഭാരം ഇല്ലാതാക്കാനുള്ള സർവമാർഗങ്ങളും തേടിയെങ്കിലും നിഷ്ഫലമാകുകയായിരുന്നു. മുടി മുറിച്ചും രക്തമൂറ്റിക്കളഞ്ഞും ഭാരം കുറയ്ക്കാനുള്ള ശ്രമമുണ്ടായി.

യുണൈറ്റഡ് വേൾഡ് റസ്‌ലിങിന്റെ നിയമപുസ്തകത്തിലെ വകുപ്പ് 11 ഇതേക്കുറിച്ച് പറയുന്നതിങ്ങനെയാണ്; 'ഒരു അത്‌ലറ്റ് ഭാരപരിശോധനയ്ക്ക് എത്താതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ മത്സരാർഥി ടൂർണമെന്റിൽ നിന്ന് പുറത്താക്കപ്പെടും. റാങ്കില്ലാതെ അവസാന സ്ഥാനത്താകുകയും ചെയ്യും.' ഫോഗട്ടിന്‍റെ അയോഗ്യതയോടെ 50 കിലോഗ്രാം വിഭാഗത്തിൽ ഇനി സ്വർണ മെഡലും രണ്ട് വെങ്കല മെഡലും മാത്രമേ ഉണ്ടാകൂ.

ഭാരം കുറയ്ക്കുന്ന 'ജോലി'

ഭാരത്തിന്റെ അടിസ്ഥാനത്തിൽ മത്സരമുള്ള എല്ലാ കായിക ഇനങ്ങളിലും അത്‌ലറ്റുമാർ ഭാരം കുറയ്ക്കുന്നത് പരക്കെ നടക്കുന്ന പതിവാണ്. ലോവർ വെയ്റ്റ് കാറ്റഗറിയിൽ മത്സരിക്കാനാണ് അത്‌ലറ്റുകൾ ശരീര ഭാരത്തിന്റെ പത്തു ശതമാനമെങ്കിലും കുറയ്ക്കുന്നത്. അന്താരാഷ്ട്ര മത്സരം നടക്കുന്നതിന്റെ ആഴ്ചകൾക്കു മുമ്പു മാത്രമായിരിക്കുമിതെന്ന് ഇതുമായി ബന്ധപ്പെട്ട് ഇ.എസ്.പി.എൻ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശോധന നടക്കുന്ന 24 മണിക്കൂർ മുമ്പ് ഭാരം ഇല്ലാതാക്കുന്നത് ദുഷ്‌കരമായ പ്രക്രിയയാണ്. ശരീരത്തിലുള്ള ഓരോ ഗ്രാം അധികഭാരവും എടുത്തുകളയുകയാണ് ചെയ്യുക. ഭാരപരിശോധനയിൽ വിജയിച്ചാൽ നഷ്ടമായ ഭാരം ഭക്ഷണവും വെള്ളവും കുടിച്ച് തിരിച്ചുപിടിക്കും. മെഡിക്കൽ സംഘത്തിന്റെ ഉപദേശമനുസരിച്ച് ചികിത്സയും സ്വീകരിക്കും. ഉറച്ച മസിലുകളും കൊഴുപ്പിന്റെ അളവ് തീരെ കുറഞ്ഞതുമായ അത്‌ലറ്റുകളുടെ ശരീരത്തിൽനിന്ന് ആവശ്യമില്ലാത്ത ഭാരം എടുത്തു കളയുക എളുപ്പമുള്ള കാര്യമല്ലെന്ന് ഇ.എസ്.പി.എൻ ചൂണ്ടിക്കാട്ടുന്നു.

മത്സരം അടുത്തുവരുമ്പോൾ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി കർശനമായ ഡയറ്റാണ് അത്‌ലറ്റുകൾ പിന്തുടരുന്നത്. മധുരം പാടെ ഒഴിവാക്കുന്നു. റൊട്ടി പോലുള്ള കാർബോ ഹൈഡ്രേറ്റുകൾക്ക് പകരം സാലഡാണ് കഴിക്കുന്നത്. വ്യായാമവും പതിവാക്കുന്നു. വെറും വയറ്റിൽ മത്സരിക്കാനുള്ള പരിശീലനവും ഗുസ്തി താരങ്ങൾ എടുക്കാറുണ്ട്. മത്സരത്തിന് തൊട്ടുമുമ്പ് നിർജലീകരണത്തിന്റെ അടുത്തുവരെ എത്തും വിധമാണ് ശരീരത്തിൽനിന്ന് ദ്രവങ്ങൾ ഒഴുക്കിക്കളയുക.

Similar Posts