olympics
ചെസ് ചാമ്പ്യൻഷിപ്പ്: ലോക ചാമ്പ്യനെ വീഴ്ത്തി ഇന്ത്യയുടെ പ്രഗ്നാനന്ദ
olympics

ചെസ് ചാമ്പ്യൻഷിപ്പ്: ലോക ചാമ്പ്യനെ വീഴ്ത്തി ഇന്ത്യയുടെ പ്രഗ്നാനന്ദ

Web Desk
|
17 Jan 2024 7:25 AM GMT

നാലാം റൗണ്ടിൽ ചൈനീസ് ചെസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെയാണ് തോൽപിച്ചത്. ഇതോടെ മറ്റൊരു നേട്ടവും 18 കാരൻ സ്വന്തമാക്കി. വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി ഇന്ത്യയുടെ ഒന്നാം നമ്പർ പദവിയിലേക്ക് ഉയർന്നു.

ആംസ്റ്റർഡാം: ടാറ്റ സ്റ്റീൽ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനെ കീഴടക്കി ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ. നാലാം റൗണ്ടിൽ ചൈനീസ് ചെസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെയാണ് തോൽപിച്ചത്. ഇതോടെ മറ്റൊരു നേട്ടവും 18 കാരൻ സ്വന്തമാക്കി. വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി ഇന്ത്യയുടെ ഒന്നാം നമ്പർ പദവിയിലേക്ക് ഉയർന്നു. ഫിഡേ റേറ്റിങിലാണ് ആനന്ദിനെ മറികടന്നത്. 2748.3 ആണ് നിലവിൽ പ്രഗ്നാനന്ദയുടെ റേറ്റിങ്. 2748 ആണ് ആനന്ദിന്റേത്.

ക്ലാസിക്കൽ ചെസിൽ നിലവിലെ ലോക ചാമ്പ്യനെ കീഴടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി തമിഴ്‌നാട്ടുകാരൻ മാറി. പ്രഗ്നയുടെ ഹീറോയായ മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദാണ് ഈ നേട്ടം മുൻപ് സ്വന്തമാക്കിയത്. ചൈനീസ് താരത്തിനെതിരെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഇന്ത്യയുടെ പുതിയ താരോദയം ഒരുഘട്ടത്തിൽ പോലും ഭീഷണി നേരിട്ടില്ല.

നേരത്തെ ചാമ്പ്യൻഷിപ്പിലെ ആദ്യ മൂന്ന് റൗണ്ടുകളിൽ സമനിലയിൽ പിരിഞ്ഞ കൗമാരതാരത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ലോക ചാമ്പ്യനെതിരായ വിജയം. കഴിഞ്ഞ വർഷം ജനുവരിയിലും ഡിങിനെ പ്രഗ്നാനന്ദ തോൽപിച്ചിരുന്നു. അന്ന് ലോക രണ്ടാം നമ്പറായിരുന്നു ഡിങ് ലിറെൻ. ഈ വർഷത്തെ ആദ്യ പ്രധാന ടൂർണമെന്റാണ് നെതർലാൻഡിൽ നടക്കുന്നത്. കഴിഞ്ഞ വർഷം മയാമിയിലെ എഫ്.ടി എക്‌സ് ക്രിസ്‌പോ കപ്പ് ചെസ് വേദിയിൽ ലോകചാമ്പ്യനായിരുന്ന മാഗ്നസ് കാർസനെയും പ്രഗ്നാനന്ദ തോൽപിച്ചിരുന്നു.

Similar Posts