സ്‌പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ഇന്ത്യന്‍ ഹോക്കി ടീം
|29 ന് നടക്കുന്ന അടുത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ
ഒളിമ്പിക്സിൽ നിര്‍ണായകമായ മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യ, എട്ടാം സ്ഥാനക്കാരായ സ്പെയിനെ വീഴ്ത്തിയത്. ഇന്ത്യയ്ക്കായി രൂപീന്ദർപാൽ സിങ് ഇരട്ടഗോൾ നേടി. 15, 51 മിനിറ്റുകളിലായിരുന്നു രൂപീന്ദറിന്റെ ഗോളുകൾ. ഇന്ത്യയുടെ ആദ്യ ഗോൾ 14–ാം മിനിറ്റിൽ സിമ്രൻജീത് സിങ് നേടി.
ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഇന്ത്യ ആറുപോയന്റ് സ്വന്തമാക്കി. നിലവിൽ പൂൾ എ പോയന്റ് പട്ടികയിൽ ഓസ്ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 3-2 എന്ന സ്‌കോറിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 7-1 എന്ന സ്‌കോറിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 29 ന് നടക്കുന്ന അടുത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ. അർജന്റീനയ്ക്കു പുറമെ ആതിഥേയരായ ജപ്പാനെതിരെയും പൂള്‍ ഘട്ടത്തിൽ ഇന്ത്യയ്ക്ക് മത്സരമുണ്ട്.