olympics
Deeply pained to see my fellow athletes sitting on the roads to seek justice: Indian shooter Manu Bhakers old X post goes viral after winning Indias first medal in Paris Olympics 2024, Olympic Games Paris 2024, wrestlers protest 2023
olympics

'നീതി തേടി തെരുവിലിരിക്കുന്നു അവര്‍; സങ്കടകരം'-ഒളിംപിക്സ് മെഡല്‍ നേട്ടത്തിനു പിന്നാലെ മനു ഭാക്കറിന്റെ പഴയ പോസ്റ്റ് വൈറല്‍

Web Desk
|
28 July 2024 12:29 PM GMT

ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് മനു ഭാക്കര്‍

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലുമായാണ് ഒളിംപിക്‌സിന്റെ രണ്ടാം ദിനം ഹരിയാനയിലെ ജജ്ജാറില്‍നിന്നുള്ള താരം രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നത്. ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയായിരിക്കുകയാണ് മനു ഭാക്കര്‍.

മെഡല്‍നേട്ടത്തിനു പിന്നാലെ ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മനു ഭാക്കറിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബി.ജെ.പി മുന്‍ എം.പിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ഷൂട്ടിങ് താരം സഹ അത്‌ലെറ്റുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. നിരവധി മെഡലുകള്‍ സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ നീതി തേടി തെരുവിലിരിക്കുന്നത് സങ്കടകരമാണെന്നും മനു എക്‌സില്‍ പ്രതികരിച്ചിരുന്നു. വെങ്കല മെഡല്‍ നേട്ടത്തിനു പിന്നാലെ നിരവധി പേരാണു പഴയ പോസ്റ്റ് കുത്തിപ്പൊക്കുന്നത്.

2023 ഏപ്രില്‍ 29ന് എക്‌സില്‍ കുറിച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു: ''നിരവധി തവണ മെഡലുകള്‍ സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ എന്റെ സഹ അത്‌ലെറ്റുകളുടെ(ഗുസ്തി താരങ്ങളുടെ) സ്ഥിതി കണ്ടിട്ട് അതീവ ദുഃഖിതയാണ് ഞാന്‍. നീതി തേടി റോട്ടിലിരിക്കുകയാണ് അവരിപ്പോള്‍. അത്‌ലെറ്റുകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു ഞാന്‍. അവരുടെ പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കണം.''

ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കുന്നതിനു പുറമെ ബി.ജെ.പി നേതാവിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണു ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്നത്. രാജ്യത്തിന് ഒട്ടനവധി മെഡലുകള്‍ സമ്മാനിച്ച സാക്ഷി മാലിക്, വിനേഷ് ഫൊഗട്ട്, അന്‍ഷു മാലിക്, ബജ്‌റങ് പുനിയ തുടങ്ങിയ താരങ്ങള്‍ നീതി തേടി ദിവസങ്ങളോളം തെരുവിലിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സമരത്തിലേക്കു തിരിഞ്ഞുനോക്കിയതേയില്ലെന്നു മാത്രമല്ല, ബ്രിജ് ഭൂഷണിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനു പുറമെ ഇത്തവണ ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണിന്റെ മകന്‍ സഞ്ജയ് സിങ് ആണു തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ താരങ്ങള്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

മുന്‍ ഹരിയാന ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അനില്‍ വിജിനെതിരെ മനു ഭാക്കര്‍ പരസ്യമായി രംഗത്തെത്തിയതും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിട്ടുണ്ട്. യൂത്ത് ഒളിംപിക്‌സില്‍ മെഡല്‍ നേടിയാല്‍ രണ്ടു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് അനില്‍ വിജ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഷൂട്ടിങ് ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും യൂത്ത് ഒളിംപിക്‌സിലുമെല്ലാം സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ നേടിയിട്ടും മന്ത്രി വാക്കുപാലിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് മന്ത്രിക്കെതിരെ മനു ഭാക്കര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. വെറും വാഗ്ദാനങ്ങള്‍ മാത്രമേയുള്ളൂവെന്നായിരുന്നു മനുവിന്റെ ചോദ്യം.

എന്നാല്‍, താരങ്ങള്‍ക്ക് അല്‍പര്യം അച്ചടക്കവും മര്യാദയുമൊക്കെ വേണമെന്നു പറഞ്ഞായിരുന്നു അനില്‍ വിജ് ഇതിനോട് പ്രതികരിച്ചത്. ഇനിയും ഒരുപാട് കാതം സഞ്ചരിക്കാനുള്ളയാളാണ് മനു ബാക്കര്‍. അവര്‍ കളിയിലാണു ശ്രദ്ധിക്കേണ്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ താരങ്ങള്‍ക്കു പാരിതോഷികം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്നും ബി.ജെ.പി നേതാവ് വിമര്‍ശിച്ചിരുന്നു. മനുവിന്റെ വിജയം ഏറ്റെടുക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുമ്പോള്‍ ഇപ്പോഴും എക്‌സില്‍ ഡിലീറ്റ് ചെയ്യാതെ കിടക്കുന്ന അനില്‍ വിജിന്റെ പോസ്റ്റ് കുത്തിപ്പൊക്കി തിരിച്ചടിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം, പാരിസ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 221.7 പോയിന്റ് നേടിയായിരുന്നു മനു ഭാക്കറിന്റെ മിന്നും പ്രകടനം. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് വെള്ളി മെഡല്‍ നഷ്ടമായത്. ദക്ഷിണ കൊറിയയുടെ ഒയെ ജിന്നനാണ് സ്വര്‍ണം. കിംയെ ജി വെള്ളിയും നേടി.

Summary: 'Deeply pained to see my fellow athletes sitting on the roads to seek justice': Indian shooter Manu Bhaker's old X post, in support of wrestlers' protest, goes viral after winning India's first medal in Paris Olympics 2024

Similar Posts