olympics
പിന്നിൽ നിന്ന് പൊരുതിക്കയറി; ടേബിള്‍ ടെന്നിസില്‍ മിന്നും ജയവുമായി മണിക ബത്ര
olympics

പിന്നിൽ നിന്ന് പൊരുതിക്കയറി; ടേബിള്‍ ടെന്നിസില്‍ മിന്നും ജയവുമായി മണിക ബത്ര

Web Desk
|
25 July 2021 8:28 AM GMT

ഉക്രയ്‌ന്റെ മാർഗർത്യ പെസോസ്‌കയെ 4-3നാണ് താരം കീഴ്‌പ്പെടുത്തിയത്

ടോക്യോ: ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യൻ താരം മണിക ബത്ര. ഉക്രയ്‌ന്റെ മാർഗർത്യ പെസോസ്‌കയെ 4-3നാണ് താരം കീഴ്‌പ്പെടുത്തിയത്.

ആദ്യ രണ്ടു ഗെയിമിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ബത്രയുടെ അത്ഭുതകരമായ തിരിച്ചുവരവ്. 4-11, 4-11 എന്നതായിരുന്നു സ്‌കോർ. എന്നാൽ അടുത്ത രണ്ടു ഗെയിമിൽ 11-7, 12-10 എന്ന സ്‌കോറിലൂടെ ബത്ര തിരിച്ചുവന്നു. എന്നാൽ അഞ്ചാം ഗെയിമിൽ 11-8 സ്‌കോറിലൂടെ പെസോസ്‌ക തിരിച്ചടിച്ചു. അടുത്ത രണ്ട് ഗെയിമുകളും 11-5, 11-7 സ്‌കോറിന് വിജയിച്ച് ഇന്ത്യൻ താരം ജയം സ്വന്തമാക്കുകയായിരുന്നു.


ലോക 32-ാം താരമാണ് പെസോസ്‌ക. ബത്ര 63-ാം റാങ്കുകാരിയും. നേരത്തെ, ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പരിശീലകൻ സൗമ്യദീപ് റോയി തന്നെ പരിശീലിപ്പിക്കേണ്ട എന്ന ബത്രയുടെ നിലപാട് വാർത്തയായിരുന്നു. സ്വന്തം പരിശീലകൻ സൻമയ് പരഞ്ച്‌പേയിയെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു എങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അംഗീകരിച്ചിരുന്നില്ല. എന്നാൽ സ്വന്തം നിലയിൽ ടോക്യോയിലെത്തിയ സൻമയ് സ്വകാര്യ ഹോട്ടലിൽ കഴിയുകയാണ്.

ആദ്യ മത്സരത്തിൽ ടേബിൾ ടെന്നിസ് കോർട്ടിൽ പരിശീലകർക്ക് ഏർപ്പെടുത്തിയ സ്ഥലത്ത് മണികയ്ക്കു വേണ്ടി ആരുമുണ്ടായിരുന്നില്ല. ആദ്യ റൗണ്ടിൽ ബ്രിട്ടന്റെ ഹോ ടിൻ യിന്നിനെയാണ് താരം കീഴ്‌പ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു (11-7,11-6,12-10) ബത്രയുടെ വിജയം. മിക്‌സഡ് ഡബ്ൾസ് പ്രീ ക്വാർട്ടറിൽ നേരത്തെ ബത്ര-ശരത് കമൽ സഖ്യം ചൈനീസ് തായ്‌പേയിയോട് തോറ്റ് പുറത്തായിരുന്നു.

Similar Posts