ഒളിംപിക്സിൽ സ്വർണം നേടിയ ഇറാൻ താരത്തെ ഭീകരവാദിയെന്ന് വിളിച്ച് കൊറിയൻ താരം
|സിറിയയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഒഴിഞ്ഞ ഹാളില്‍ നിന്നാണ് ഷൂട്ടിങ് പഠിച്ചതെന്നും അതിനു മുമ്പ് ഒരു പിസ്റ്റള്‍ പോലും കണ്ടിരുന്നില്ലെന്നും ഇറാനിയന്‍ താരം വ്യക്തമാക്കിയിരുന്നു
ഒളിംപിക്സിൽ പത്ത് മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയ ഇറാൻ താരത്തെ ഭീകരവാദിയെന്ന് വിളിച്ച് കൊറിയൻ താരം. ഇറാൻ താരം ജവാദ് ഫാറൂഖിയെയാണ് കൊറിയയുടെ ഷൂട്ടിങ് താരം ജിങ് ജോങ് ഓഹ് ഭീകരവാദിയെന്ന് വിളിച്ചത്. ഒരു ഭീകരവാദി എങ്ങനെയാണു സ്വർണ്ണം നേടുകയാണെന്ന് അദ്ദേഹം ചോദിച്ചു. ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ അംഗമായ ജവാദ് ഫാറൂഖിക്ക് ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അനുമതി നല്‍കിയതിനെയും അദ്ദേഹം വിമർശിച്ചു.
ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ അംഗമാണ് നാല്പത്തൊന്നുകാരനായ ജവാദ് ഫാറൂഖിയെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 2019 ൽ ഐ.ആര്.ജി.സി യെ അമേരിക്ക ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സിറിയയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഒഴിഞ്ഞ ഹാളില്‍ നിന്നാണ് ഷൂട്ടിങ് പഠിച്ചതെന്നും അതിനു മുമ്പ് ഒരു പിസ്റ്റള്‍ പോലും കണ്ടിരുന്നില്ലെന്നും ഒളിംപിക്സിന് മുമ്പ് നല്കിയ അഭിമുഖത്തില്‍ ഇറാനിയന്‍ താരം വ്യക്തമാക്കിയിരുന്നു
ആറു തവണ ഒളിമ്പിക്സില്‍ മെഡല്‍ നേടിയുള്ള ജിങ് ജോങ് ഓഹ് ടോക്യോയിലും മത്സരിച്ചിരുന്നു. എന്നാല്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യോഗ്യതാ റൗണ്ട് പിന്നിടാനായില്ല.