ഒളിമ്പിക്സ് ബോക്സിങില്‍ മേരികോമിന് വിജയത്തുടക്കം; താരം പ്രീ ക്വാര്‍ട്ടറില്‍
|ഡൊമിനിക്കൻ റിപ്പബ്ലിക് താരം മിഗ്വേലിന ഹെർണാണ്ടസിനെയാണ് മേരി കോം ആദ്യ റൗണ്ടിൽ ഇടിച്ചിട്ടത്
ടോക്യോ ഒളിംപിക്‌സിൽ വിജയത്തുടക്കവുമായി ഇന്ത്യയുടെ അഭിമാന താരം മേരി കോം. മെഡല്‍ പ്രതീക്ഷയുമായി ഒളിമ്പിക്സിനെത്തിയ മേരി കോം ആദ്യ റൌണ്ടില്‍ ഇടിച്ചിട്ടത് ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസിനെയാണ്. (4-1)നാണ് താരത്തിന്‍റെ ജയം. ജയത്തോടെ മേരി കോം പ്രീ ക്വാര്‍ട്ടറിലെത്തി. 51 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിച്ചത്.
ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവ് കൂടിയാണ് മേരി കോം. പക്ഷേ സ്വര്‍ണപ്രതീക്ഷയുമായി റിയോ ഒളിംപിക്സിനെത്തിയ താരത്തിന് പക്ഷേ അവിടെ നേട്ടമുണ്ടക്കാന്‍ സാധിച്ചിരുന്നില്ല. 2001ൽ ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 45 കിലോ ഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ മേരി കോം പിന്നീട് ആറ് തവണ ലോക ബോക്സിംഗ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയിട്ടുണ്ട്. പങ്കെടുത്ത ഏഴു ലോക ചാമ്പ്യൻഷിപ്പുകളിലും ഓരോ മെഡൽ നേടിയ മറ്റൊരു താരവും ഇല്ല.
ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ്, കോമണല്‍വെല്‍ത്ത് ഗെയിംസ്. അങ്ങനെ പങ്കെടുത്ത പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം രാജ്യത്തിന് അഭിമാനം സമ്മാനിച്ച താരം കൂടിയാണ് മേരി കോം. അർജുന അവാര്‍ഡ്, രാജീവ് ഗാന്ധി ഖേല്‍രത്ന, പത്മഭൂഷണ്‍ തുടങ്ങിയ പുരസ്കാരം നല്‍കി രാജ്യം മേരികോമിനെ ആദരിച്ചിട്ടുണ്ട്. ടോക്യോയില്‍ എതിരാളികളെ ഇടിച്ചിട്ട് മേരി കോം സ്വർണവുമായി വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.