'ചാരങ്ങളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു, എപ്പോഴും ഞങ്ങള്‍'; ഒളിംപിക്‌സ് ഉദ്ഘാടനത്തില്‍ ഫലസ്തീന്‍ സംഘത്തിന് നിറഞ്ഞ കൈയടി
|കഴിഞ്ഞ 10 മാസത്തിനിടെ ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തില്‍ 350 ഫലസ്തീന്‍ അത്‌ലെറ്റുകളുടെ ജീവന്‍ പൊലിഞ്ഞെന്നാണ് ഫലസ്തീന്‍ ഒളിംപിക് കമ്മിറ്റിയുടെ കണക്ക്
പാരിസ്: സീന്‍ നദിയെ വലംവച്ചുള്ള വര്‍ണാഭമായ പരേഡിലൂടെ പാരിസ് ഒളിംപിക്‌സിന് ഔദ്യോഗികമായി തിരിതെളിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഉദ്ഘാടനം ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചത്. അത്‌ലെറ്റുകളെല്ലാം സ്വന്തം രാജ്യങ്ങളുടെ ബാനറിനു കീഴില്‍ വെവ്വേറെ ബോട്ടുകളില്‍ അണിനിരന്നപ്പോള്‍ അതൊരു അപൂര്‍വ കാഴ്ചയുമായി. ഇസ്രായേല്‍ നരഹത്യയില്‍ ജീവന്‍ പൊലിഞ്ഞ നൂറുകണക്കിന് അത്‌ലെറ്റുകളുടെ ഓര്‍മയില്‍ നിറഞ്ഞ കൈയടികളിലേക്കായിരുന്നു ഫലസ്തീന്‍ താരങ്ങളെയും വഹിച്ചുള്ള ബോട്ട് സീന്‍ നദിയിലൂടെ 'തുഴയെറിഞ്ഞത്'.
ഇരുകരകളിലും നിരന്ന പതിനായിരക്കണക്കിനു വരുന്ന കായികപ്രേമികളെ അഭിവാദ്യം ചെയ്തായിരുന്നു ഓരോ രാജ്യങ്ങളുടെയും ബോട്ടുകള്‍ സീന്‍ നദിയില്‍ വലംവച്ചു പാഞ്ഞത്. എട്ടു താരങ്ങളാണ് ഇത്തവണ ഫലസ്തീനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാനെത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി നടന്ന പരേഡില്‍ ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ പ്രതീകമായ കഫിയ്യ ധരിച്ച് അണിനിരന്ന താരങ്ങളെ വന്‍ കരഘോഷത്തോടെ ജനങ്ങള്‍ വരവേറ്റു. ഒളിംപിക്‌സിലെ ആദ്യ ഫലസ്തീന്‍ ബോക്‌സറാകാന്‍ പോകുന്ന വസീം അബൂ സാല്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്തി സംഘത്തെ മുന്നില്‍നിന്നു നയിച്ചു.
ഇത്തവണ അത്‌ലെറ്റിക്‌സ്, ബോക്‌സിങ്, നീന്തല്‍, ജൂഡോ, തായ്‌കോണ്ടോ, ഷൂട്ടിങ് എന്നീ ഇനങ്ങളിലായി എട്ടു താരങ്ങളാണ് ഇത്തവണ ഫലസ്തീന്‍ പതാകയ്ക്കു കീഴില്‍ അണിനിരക്കുന്നത്. ജൂലൈ 25നാണ് പാരിസ് വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങിയപ്പോഴും ഫലസ്തീന്‍ താരങ്ങള്‍ക്കു വന്‍വരവേല്‍പ്പ് ലഭിച്ചിരുന്നു.
താരങ്ങള്‍ ബോട്ടില്‍ സഞ്ചരിക്കുന്ന ചിത്രം യു.എന്നിലെ ഫലസ്തീന്‍ മിഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഞങ്ങള്‍ എപ്പോഴും ചാരങ്ങളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്നാണ് പോസ്റ്റിന് അടിക്കുറിപ്പായി ചേര്‍ത്തിരുന്നത്.
ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തില്‍ കഴിഞ്ഞ 10 മാസത്തിനിടെ 350 ഫലസ്തീന്‍ അത്‌ലെറ്റുകള്‍ക്കു ജീവന്‍ നഷ്ടമായെന്നാണ് ഫലസ്തീന്‍ ഒളിംപിക് കമ്മിറ്റിയുടെ(പി.ഒ.സി) ഔദ്യോഗികമായ കണക്ക്. ഫുട്‌ബോള്‍, ജൂഡോ, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ് താരങ്ങളെല്ലാം കൊല്ലപ്പെട്ടവരിലുണ്ട്. ഇതോടൊപ്പം ഗ്രൗണ്ടുകളും കായിക സമുച്ചയങ്ങളും പരിശീലന കേന്ദ്രങ്ങളുമെല്ലാം ഇസ്രായേല്‍ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
ഇത്തവണ ഇസ്രായേലിനെ ഒളിപിക്‌സില്‍നിന്നു വിലക്കണമെന്ന് പി.ഒ.സി ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിയോട്(ഐ.ഒ.സി) ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്രതലത്തിലും ഇത്തരത്തിലുള്ള ആവശ്യങ്ങളുയര്‍ന്നിരുന്നു. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യ-ബെലാറസ് താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ വിലക്കുണ്ട്. ഇതേ നയം തന്നെയാകണം ഇസ്രായേലിനോടുമെന്നാണു രാഷ്ട്രീയ-കായിക രംഗങ്ങളിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കാന്‍ ഒളിംപിക് കമ്മിറ്റി തയാറായില്ല.
അതേസമയം, ഒളിംപിക്സില്‍ മാലി-ഇസ്രായേല്‍ ഫുട്ബോള്‍ മത്സരത്തില്‍ സ്റ്റേഡിയത്തില്‍ നിറയെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനറുകള്‍ നിരന്നിരുന്നു. കാണികള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രായേല്‍ നരഹത്യയെ വിമര്‍ശിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഇസ്രായേല്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഗാലറിയില്‍നിന്ന് കൂക്കുവിളികള്‍ ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുദ്ധവും സംഘര്‍ഷങ്ങളും ഛിന്നഭിന്നമാക്കിയ ലോകം ഒളിംപിക്‌സിലൂടെ ഒന്നിക്കുകയാണെന്നായിരുന്നു ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാക് പറഞ്ഞത്. ഗ്ലോബല്‍ സൗത്ത്, ഗ്ലോബല്‍ നോര്‍ത്ത് എന്നിങ്ങനെയുള്ള വിഭജനങ്ങളില്ലെന്നും എല്ലാവരും പരസ്പരം ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം സഹവര്‍ത്തിത്തത്തിലാണു നമ്മള്‍ കഴിയുന്നത്. ലോകത്തെ ഒന്നിപ്പിക്കുന്ന കായിക മാമാങ്കമാണ് ഒളിംപിക്‌സ് എന്നും ബാക് അധ്യക്ഷ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
1995ലാണ് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നത്. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇതുവരെ 27 ഫലസ്തീന്‍ അത്‌ലെറ്റുകളാണ് ഒളിംപിക്‌സില്‍ മാറ്റുരച്ചിട്ടുള്ളത്. സ്പ്രിന്ററായ മാജിദ് അബൂ മറാഹീല്‍ ആയിരുന്നു ആദ്യത്തെ താരം.
Summary: 'Out of the ashes, we always rise', Palestine’s Olympic team makes their entry into the Paris Olympic Games