ഒളിമ്പിക്സ് ഗുസ്തിയില്‍ രവികുമാറിന് വെള്ളി മെഡല്‍
|ഫൈനലില്‍ റഷ്യന്‍ താരം സൗർ ഉഗ്വേവിനോടാണ് പൊരുതിത്തോറ്റത്
ടോക്യോ ഒളിമ്പിക്സില്‍ 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി മെഡല്‍. ഫൈനലില്‍ റഷ്യന്‍ താരം സൗർ ഉഗ്വേവിനോടാണ് പൊരുതിത്തോറ്റത്. ലോകചാമ്പ്യനാണ് സൗർ ഉഗ്വേവ്.
റഷ്യൻ താരമാണ് ഫൈനലിലെ ആദ്യ റൗണ്ട് സ്വന്തമാക്കിയത് രണ്ടാം റൗണ്ടിന്റെ തുടക്കത്തിലും റഷ്യൻ താരം മുന്നേറിയെങ്കിലും രവികുമാർ തിരിച്ചടിച്ചു. ലീഡ് നില 4–7 ആക്കി കുറയ്ക്കാന്‍ രവികുമാറിന് കഴിഞ്ഞു. പക്ഷേ അവസാന നിമിഷം രവി കുമാറിനു പിടികൊടുക്കാതെ ഒഴിഞ്ഞു നിന്ന റഷ്യന്‍ താരം ജയം ഉറപ്പിക്കുകയായിരുന്നു. പൊരുതി ഫൈനലിലെത്തിയ ഹരിയാന സ്വദേശിയായ 23കാരൻ രവികുമാർ വെള്ളിത്തിളക്കവുമായി മടങ്ങും.
അമിത് പംഗലും വിനേഷ് ഫോഗട്ടും അടക്കുള്ളവർ നിരാശപ്പെടുത്തിയപ്പോൾ പ്രതീക്ഷകളുടെ അമിത സമ്മർദമില്ലാതെ എത്തിയ രവികുമാറിന്റെ അവിസ്മരണീയ പടയോട്ടത്തിനാണു ടോക്യോ സാക്ഷ്യം വഹിച്ചത്. സെമിയിൽ കസഖ്സ്ഥാന്റെ നൂറിസ്ലാം സനായേവിനെ വീഴ്ത്തിയായിരുന്നു രവികുമാറിന്റെ ഫൈനൽ പ്രവേശനം. സെമി പോരാട്ടത്തിനിടെ പൂട്ടിൽനിന്നു രക്ഷപ്പെടാൻ സനായേവ് വലതുകൈ കടിച്ചു മുറിച്ചിട്ടും പിടിവിടാതെയാണു രവികുമാർ ജയം പിടിച്ചെടുത്തത്. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നാടകീയമായാണു രവികുമാർ സനായേവിനെ മലർത്തിയടിച്ചത്.
ടോക്യോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലും. നേരത്തെ 2012ല്‍ സുശീല്‍ കുമാര്‍ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക് ഗുസ്തി ചരിത്രത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. ടോക്യോയില്‍ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആകെ മെഡല്‍ നേട്ടം അഞ്ചായി.