ഒളിമ്പിക് വേദിയില്‍ കേള്‍ക്കുന്ന ദേശീയഗാനം അഭിമാനകരമെന്ന് നീരജ് ചോപ്ര
|വിശ്വവിജയിയായ ശേഷമുള്ള അനുഭവം പറഞ്ഞറയിക്കാനാവാത്തതായിരുന്നെന്നും നീരജ് ചോപ്ര പറഞ്ഞു.
ഒളിമ്പിക് സ്വര്‍ണം നേടിയ ദിവസം അതും ചേര്‍ത്തുപിടിച്ചാണ് ഉറങ്ങാന്‍ കിടന്നതെന്ന് നീരജ് ചോപ്ര. ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്ര എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അവിസ്മരണീയ നിമിഷങ്ങളെ കുറിച്ച് പറഞ്ഞത്.
അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യത്തേയും, വ്യക്തിഗത ഇനത്തില്‍ രണ്ടാമത്തെയും ഒളിമ്പിക്‌സ് മെഡല്‍ ജേതാവാണ് നീരജ് ചോപ്ര. പോഡിയത്തിന് മുകളില്‍ കയറി നിന്ന് ദേശീയഗാനം കേള്‍ക്കുന്നത് അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് നീരജ് പറയുന്നു.
മത്സരത്തില്‍ ആദ്യ രണ്ടു ജാവലിന്‍ ഏറുകള്‍ക്ക് ശേഷം മെഡല്‍ നേടുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. സ്വര്‍ണം നേടണമെന്ന് തന്നെയായിരുന്നു ലക്ഷ്യം. അവസാന ഏറ് കഴിഞ്ഞുടനെ ഞാന്‍ സ്വര്‍ണം നേടുമെന്ന് ഉറപ്പിച്ചു, കാരണം ഞാനായിരുന്നു അവസാനമായി എറിയാനുണ്ടായിരുന്നത്. വിശ്വവിജയിയായ ശേഷമുള്ള അനുഭവം പറഞ്ഞറയിക്കാനാവാത്തതായിരുന്നെന്നും നീരജ് ചോപ്ര പറഞ്ഞു.
സ്വീഡനില്‍ നിന്നാണ് ഞങ്ങള്‍ ടോക്കിയോവില്‍ എത്തുന്നത്. വലിയ സമയവ്യത്യാസമുണ്ടായിരുന്നു. ടോക്കിയോവില്‍ എത്തിയ രണ്ട് മൂന്ന് ദിവസം ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സംതൃപ്തനാണ്. തലയിണക്കരികെ മെഡല്‍ വെച്ചാണ് വിജയദിവസം ഉറങ്ങാന്‍ കിടന്നത്. അന്നേ ദിവസം അതിയായ സന്തോഷം തോന്നി, എന്നാല്‍ നല്ല ക്ഷീണവും ഉണ്ടായിരുന്നു. അന്ന് എനിക്ക ശരിയായി ഉറങ്ങാന്‍ പറ്റിയെന്നും ഇരുപത്തിമൂന്നുകാരന്‍ പറഞ്ഞു.