അമേരിക്കയോ ചൈനയോ...? ഒളിമ്പിക്സിലെ വേട്ടക്കാര്‍ ആര്?
|ഒളിമ്പിക്സിലെ നാളിതുവരെയുള്ള മെഡല്‍നേട്ടങ്ങളുടെ എണ്ണം നോക്കുകയാണെങ്കില്‍ അമേരിക്ക ബഹുദൂരം മുന്നിലാണ്. 2800ല്‍പരം മെഡലുകളാണ് ഒളിമ്പിക്സില്‍ നിന്ന് യു.എസ് സ്വന്തം രാജ്യത്തേക്ക് എത്തിച്ചത്.
ഒളിമ്പിക്സിന് കൊടിയേറിയതിന്‍റെ ആവേശത്തിലാണ് ഓരോ കായിക പ്രേമികളും. ജപ്പാനില്‍ കരുതിവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ക്കും ടോക്യോയുടെ ഒളിമ്പിക്സ് വേദിയില്‍ പിറക്കാനിരിക്കുന്ന റെക്കോര്‍ഡുകള്‍ക്കും കണ്ണിമ വെട്ടാതെ കാത്തിരിക്കുകകയാണ് കായികലോകം. ലോക കായികമാമാങ്കം അതിന്‍റെ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. 15 ദിവസം നീണ്ടുനില്‍ക്കുന്ന ഒളിമ്പിക്സ് മേളയില്‍ ആരാകും ഏറ്റവുമധികം മെഡലുമായി ജപ്പാനില്‍ നിന്ന് തിരികെ മടങ്ങുക എന്നറിയാന്‍ അവസാന ദിവസങ്ങളെത്തണം. എങ്കിലും ലണ്ടനിലും റിയോയിലും സമഗ്രാധിപത്യവുമായി മുന്നേറിയ യു.എസില്‍ തന്നെയാണ് കായിക ലോകം ഇത്തവണയും പ്രതീക്ഷ വെക്കുന്നത്.
നിലവിലെ മെഡല്‍ പട്ടിക ഇങ്ങനെ
നിലവില്‍ ഒളിമ്പിക്സ് അതിന്‍റെ നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഏഴ് സ്വര്‍ണവുമായി അമേരിക്ക തന്നെയാണ് ഒന്നാമത്. ആറ് സ്വര്‍ണവുമായി ഒളിമ്പിക്സ് ഫേവറൈറ്റുകളില്‍ മുന്‍പന്തിയിലുള്ള ചൈന രണ്ടാം സ്ഥാനത്തും. ടോക്യോയില്‍ ആദ്യ സ്വർണ മെഡല്‍ നേടിയതും ചൈന തന്നെയാണ്. ഷൂട്ടിങ്ങില്‍ ചൈനയുടെ യാങ് കിയാനാണ് രാജ്യത്തിനായി ഈ ഒളിമ്പിക്സിലെ കന്നി സ്വർണം വെടിവെച്ചിട്ടത്. വനിതാ വിഭാഗം 10 മീറ്റർ എയർറൈഫിൾസ് ഇനത്തിലായിരുന്ന താരത്തിന്‍റെ നേട്ടം. ഒളിമ്പിക് റെക്കോഡോടെയായിരുന്നു യാങ് കിയാനയുടെ നേട്ടമെന്നതും ചൈനക്ക് ഇരട്ടിമധുരം നല്‍കുന്നു.
ആറ് സ്വര്‍ണവുമായി ചൈന രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൊട്ടുപിന്നില്‍ ആതിഥേയരായ ജപ്പാനും ഉണ്ട്. ചൈനയുടെ അത്രയും തന്നെ സ്വര്‍ണമെഡലുകള്‍ ജപ്പാനും നേടിയിട്ടുണ്ട്. എങ്കിലും ആകെ മെഡലുകളുടെ എണ്ണത്തില്‍ ജപ്പാന്‍ മൂന്നാം സ്ഥാനത്താണ്. 15 മെഡലുകള്‍ ചൈനയുടെ അക്കൌണ്ടില്‍ എത്തിയപ്പോള്‍ ഒന്‍പത് മെഡലുകളാണ് ജപ്പാന് നേടാനായത്. ജപ്പാന് പിന്നിലായി മൂന്ന് സ്വര്‍ണമെഡുകളുമായി ബ്രിട്ടന്‍ നാലാം സ്ഥാനത്തുണ്ട്.
അമേരിക്കയോ ചൈനയോ..?
അമേരിക്ക, ചൈന, റഷ്യ... ഒളിമ്പിക്സ് ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മെഡല്‍പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഈ രാജ്യങ്ങളുടെ ആധിപത്യമാണ് കാണാറ്.. ആസ്ട്രേലിയ, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇവര്‍ക്ക് പിറകിലെത്താനുള്ള മത്സരങ്ങളിലെ പതിവ് പേരുകാരാണ്.
ഒളിമ്പിക്സിലെ നാളിതുവരെയുള്ള മെഡല്‍നേട്ടങ്ങളുടെ എണ്ണം നോക്കുകയാണെങ്കില്‍ അമേരിക്ക ബഹുദൂരം മുന്നിലാണ്. 2800ല്‍പരം മെഡലുകളാണ് ഒളിമ്പിക്സില്‍ നിന്ന് യു.എസ് സ്വന്തം രാജ്യത്തേക്ക് എത്തിച്ചത്.
2000 തൊട്ട് ഇങ്ങോട്ടുള്ള ഒളിമ്പിക്സ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു തവണ മാത്രമാണ് യു.എസിന് ചാമ്പ്യന്‍പട്ടം നഷ്ടപ്പെട്ടത്. അത് 2008ലെ ബെയ്ജിങ് ഒളിമ്പിക്സിലായിരുന്നു. അന്ന് ആതിഥേയത്വം വഹിച്ച ചൈനയായിരുന്നു ഒളിമ്പിക്സ് ചാമ്പ്യന്മാര്‍. അന്നും ഏറ്റവുമധികം മെഡല്‍ സ്വന്തമാക്കിയത് യു.എസ് ആണെങ്കിലും സ്വര്‍ണമെഡലുകളുടെ കാര്യത്തില്‍ ചൈന ഒന്നാമതെത്തുകയായിരുന്നു. പിന്നീട് ലണ്ടനിലും റിയോയിലും നടന്ന ഒളിമ്പിക്സില്‍ വീണ്ടും യു.എസ് തങ്ങളുടെ സിംഹാസനം തിരിച്ചുപിടിച്ചു.
സിഡ്നി ഒളിമ്പിക്സ് (2000) മെഡല്‍ പട്ടിക
2000ത്തില്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ വെച്ചു നടന്ന ഒളിമ്പിക്സില്‍ യു.എസ് 37 സ്വര്‍ണം വാരിക്കൂട്ടിയാണ് ഒന്നാമതെത്തിയത്. 32 സ്വര്‍ണങ്ങളുമായി റഷ്യ രണ്ടാമതും 28 സ്വര്‍ണവുമായി ചൈന മൂന്നാമതും ഒളിമ്പിക്സ് പൂര്‍ത്തിയാക്കി. അന്ന് ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ആസ്ട്രേലിയ ആകട്ടെ 16 സ്വര്‍ണ മെഡലുകളുമായി നാലാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.
ഏതന്‍സ് ഒളിമ്പിക്സ് (2004) മെഡല്‍ പട്ടിക
2004ല്‍ ഗ്രീസിലെ ഏതന്‍സില്‍ വെച്ചുനടന്ന ഒളിമ്പിക്സിലും അമേരിക്കയുടെ ആധിപത്യമാണ് കായികലോകം കണ്ടത്. 36സ്വര്‍ണമെഡലുമായാണ് അന്ന് അവര്‍ ഗ്രീസില്‍ നിന്ന് മടങ്ങിയത്. രണ്ടാം സ്ഥാനത്ത് പക്ഷേ ഇത്തവണം റഷ്യയെ മറികടന്ന് ചൈന എത്തിയിരുന്നു. 32 സ്വര്‍ണവുമായാണ് ചൈന യു.എസിന് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചത്. 28 സ്വര്‍ണവുമായി റഷ്യ മൂന്നാമതും 17 സ്വര്‍ണവുമായി ആസ്ട്രേലിയ നാലാമതും എത്തി.
ബെയ്ജിങ് ഒളിമ്പിക്സ് (2008) മെഡല്‍ പട്ടിക
2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ അമേരിക്കയുടെ അശ്വമേധം അവസാനിപ്പിച്ച് ചൈന ഒളിമ്പിക്സ് വേദി കീഴടക്കി. സ്വന്തം നാട്ടില്‍ വെച്ചുനടന്ന ഒളിമ്പിക്സില്‍ ആതിഥേയര്‍ ഒന്നാമതായി. 48 സ്വര്‍ണങ്ങളെന്ന റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു അന്ന് ആതിഥേയരായ ചൈനയുടെ വിജയം. 36 സ്വര്‍ണങ്ങളുമായി യു.എസും 24 സ്വര്‍ണങ്ങളുമായി റഷ്യയും മൂന്നും നാലും സ്ഥാനത്തെത്തി.
ലണ്ടന്‍ ഒളിമ്പിക്സ് (2012) മെഡല്‍ പട്ടിക
2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ അമേരിക്ക വീണ്ടും ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിന്‍റെ തലപ്പത്തെത്തി. ഇംഗ്ലണ്ടില്‍ വെച്ചുനടന്ന ഒളിമ്പിക്സില്‍ 46 സ്വര്‍ണങ്ങളുടെ അകമ്പടിയോടെയാണ് യു.എസ് കഴിഞ്ഞ ഒളിമ്പിക്സിലെ ക്ഷീണം തീര്‍ത്തത്. യു.എസ് ഒന്നാമത് എത്തിയപ്പോള്‍ 38 സ്വര്‍ണങ്ങളുമായി ചൈന രണ്ടാം സ്ഥാനം സ്വന്തമാക്കി. ആതിഥേയരായ ബ്രിട്ടന്‍ 29 സ്വര്‍ണ നേട്ടത്തോടെ മൂന്നാമതും 20 സ്വര്‍ണങ്ങളോടെ റഷ്യ നാലാമതും ഫിനിഷ് ചെയ്തു.
റിയോ ഒളിമ്പിക്സ് (2016) മെഡല്‍ പട്ടിക
ഏറ്റവും അവസാനം നടന്ന ഒളിമ്പിക്സിലും അമേരിക്ക തങ്ങളുടെ സര്‍വ പ്രഹരശേഷിയും ഉപയോഗിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന കാഴ്ചക്കാണ് കായികലോകം സാക്ഷിയായത്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ചുനടന്ന ലോകകായിക മാമാങ്കത്തില്‍ 46 സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയാണ് യു.എസ് ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്. 27 സ്വര്‍ണവുമായി ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തും തൊട്ടുപിന്നാലെ 26 സ്വര്‍ണമെഡലുകളുമായി ചൈന മൂന്നാം സ്ഥാനവും സ്വന്തമാക്കി. 19 മെഡലുമായി റഷ്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
റഷ്യയില്ലാതെ ഈ ഒളിമ്പിക്സ്!
ഒളിമ്പിക്സ് വേദികളില്‍ അമേരിക്കയോടും ചൈനയോടുമൊപ്പം എപ്പോഴും ചേര്‍ത്തുവായിക്കുന്ന ചിരവൈരികളുടെ പേരാണ് റഷ്യ. പക്ഷേ ഇത്തവണ റഷ്യ ഒളിമ്പിക്സിനില്ല..! ഉത്തേജകമരുന്ന് ഏജന്‍സിയായ വാഡ റഷ്യക്ക് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതാണ് ഇതിന് കാരണം. 2019 ലാണ് ലോക ഉത്തേജകമരുന്ന് ഏജന്‍സിയായ വാഡ റഷ്യക്ക് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നത്. കായിക താരങ്ങളുടെ ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ലബോറട്ടറി രേഖകളില്‍ കൃത്രിമം കാട്ടിയതിനാണ് റഷ്യക്ക് നടപടി നേരിടേണ്ടിവന്നത്. വിലക്ക് നിലനില്‍ക്കുന്ന കാലയളവില്‍ പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നും തന്നെ റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാനാകില്ല. എന്നാല്‍ വ്യക്തിപരമായ പരിശോധനയില്‍ മരുന്നടിയുമായി ബന്ധമില്ലെന്ന് തെളിയിക്കുന്ന അത്‍ലറ്റുകള്‍ക്ക് നിഷ്പക്ഷ പതാകയുടെ കീഴില്‍ ലോക വേദികളില്‍ മത്സരിക്കാം. അതുകൊണ്ട് തന്നെ ഇത്തവണ ടോക്യോയിലെത്തിയ റഷ്യന്‍ താരങ്ങള്‍ പ്രതിനിധീകരിക്കുന്നത് ആർ.ഒ.സി എന്ന പതാകയെ ആണ്. ഈ പതാകക്ക് കീഴിലാകും താരങ്ങള്‍ അണിനിരക്കുക. അതായത് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി എന്നതാണ് ആർ.ഒ.സി എന്നതിന്‍റെ പൂര്‍ണരൂപം. ഒളിമ്പിക് വളയങ്ങളോടൊപ്പം റഷ്യന്‍ ദേശീയ പതാകയിലെ ചുവപ്പ്, വെള്ള, നീല നിറങ്ങളടങ്ങിയ പതാകയാണ് ആര്‍.ഒ.സിയുടേത്. ടോക്യോയിലും ശൈത്യകാല ഒളിമ്പിക്സിലും റഷ്യന്‍ താരങ്ങള്‍ ഉപയോഗിക്കുക ഈ പതാകയാണ്.
അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്തിന്‍റെ പതാകക്ക് കീഴില്‍ അണിനിരക്കാനാകാതെയാണ് ടോക്യോയില്‍ റഷ്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. റഷ്യന്‍ താരങ്ങള്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയാല്‍ റഷ്യന്‍ ദേശീയ ഗാനം മുഴങ്ങില്ല, പകരം പ്രത്യേക തയ്യാറാക്കിയ ഗാനമാണ് ഈ സമയം വേദിയില്‍ കേള്‍ക്കുക. 2016ലെ റിയോ ഒളിമ്പിക്സില്‍ 56 മെഡലുമായി നാലാം സ്ഥാനത്തെത്തിയ രാജ്യത്തിനാണ് ഈ ദുര്‍ഗതി.