olympics
തകര്‍പ്പന്‍ തിരിച്ചുവരവ്: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം
olympics

തകര്‍പ്പന്‍ തിരിച്ചുവരവ്: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

Web Desk
|
5 Aug 2021 3:19 AM GMT

കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്.

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്.

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഗോൾപോസ്റ്റിന് മുന്നിൽ പാറപോലെ ഉറച്ച് നിന്ന ഗോൾകീപ്പറും മലയാളിയുമായ ശ്രീജേഷിന്റെ പ്രകടനങ്ങളും നിർണായകമായി.

ജർമനിയുടെ ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ​ഗോൾ നേടിയത്. എന്നാല്‍ ഗോള്‍ മടക്കി ഇന്ത്യ തിരിച്ചുവരികയായിരുന്നു. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

സെമിയില്‍ ബെല്‍ജിയത്തോടേറ്റ 5-2 തോല്‍വി മറന്നുകഴിഞ്ഞെന്നും വെങ്കലമെഡല്‍ പോരാട്ടം ജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ടീം നായകന്‍ മന്‍പ്രീത് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവെക്കും വിധമുള്ള പ്രകടനമായിരുന്നു ഇന്ത്യയുടേത്.

Related Tags :
Similar Posts