വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ ഗൂഢാലോചന ആരോപിച്ച് വിജേന്ദർ സിങ്
|വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്ന 50 കിലോ വിഭാഗത്തിൽ 100 ഗ്രാം അധികമുണ്ടെന്ന് കാണിച്ചാണ് താരത്തെ അയോഗ്യയാക്കിയത്.
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഭാരക്കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് അയോഗ്യയാക്കിയതിൽ ഗൂഢാലോചനയെന്ന് ഒളിമ്പിക്‌സ് മെഡൽ ജേതാവായ വിജേന്ദർ സിങ്. അത്‌ലറ്റുകൾക്ക് ഒരു രാത്രികൊണ്ട് 5-6 കിലോ വരെ കുറക്കാൻ കഴിയും. ഇങ്ങനെയൊരു അയോഗ്യത നേരത്തെ ഉണ്ടായിട്ടില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും വിജേന്ദർ പറഞ്ഞു.
വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്ന 50 കിലോ വിഭാഗത്തിൽ 100 ഗ്രാം അധികമുണ്ടെന്ന് കാണിച്ചാണ് താരത്തെ അയോഗ്യയാക്കിയത്. യു.എസ്. താരം സാറാ ഹിൽഡ്ബ്രാണ്ടിനെയാണ് വിനേഷ് ഫോഗട്ട് നേരിടേണ്ടിയിരുന്നത്. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടത്തിനരികിൽ നിൽക്കുമ്പോഴാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.
അയോഗ്യയാക്കിയതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് പ്രധാനമന്ത്രിയടക്കം രഗത്തുവന്നിരുന്നു. വിനേഷ് നിങ്ങൾ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്. നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാർക്കും പ്രചോദനവുമാണ്. ശക്തമായി തിരിച്ചുവരണം. വെല്ലുവിളികളെ തലയുയർത്തി നേരിടുന്ന നിങ്ങൾ പ്രതിരോധത്തിന്റെ പ്രതീകമാണെന്നും മോദി എക്‌സിൽ കുറിച്ചു. വിനേഷിനെ സഹായിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടാൻ മോദി ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷക്ക് നിർദേശം നൽകി.
ഇന്ത്യയുടെ മകൾക്ക് നീതി വേണമെന്നും രാജ്യം മുഴുവൻ കൂടെയുണ്ടെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. വിനേഷ് ഫോഗട്ടിന് നീതി ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയും ആവശ്യപ്പെട്ടു.