olympics
There may be a conspiracy against me; Phogats old post for discussion
olympics

'എനിക്കെതിരെ ഗൂഢാലോചന നടന്നേക്കാം'; ചർച്ചയായി ഫോഗട്ടിന്റെ പഴയ പോസ്റ്റ്

Sports Desk
|
7 Aug 2024 12:36 PM GMT

ബ്രിജ് ഭൂഷണും സഞ്ജയ് സിങും ഒളിമ്പിക്‌സിൽ നിന്ന് തടയാൻ പരമാവധി ശ്രമിച്ചിരുന്നതായി താരം മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയതിന് പിന്നാലെ ചർച്ചയായി താരത്തിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ്. തനിക്കെതിരെ ഗൂഢാലോചനയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായി കഴിഞ്ഞ ഏപ്രിലിൽ ഫോഗട്ട് എക്‌സിൽ കുറിച്ചിരുന്നു. ഏഷ്യൻ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് പ്രതികരണം. അന്ന് ഫൊഗോർട്ടിന്റെ പരിശീലകന്റേയും ഫിസിയോയുടേയും അക്രഡിറ്റേഷൻ പുതുക്കി നൽകാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ പോസ്റ്റിട്ടത്. ഒളിമ്പിക്‌സിൽ താരത്തെ അയോഗ്യനാക്കിയതോടെ ഈ പോസ്റ്റ് വീണ്ടും ചർച്ചയായിരിക്കുകയാണ്.

''ബ്രിജ് ഭൂഷണും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി സഞ്ജയ് സിങും എന്നെ ഒളിമ്പിക്സിൽ നിന്ന് തടയാൻ എല്ലാ വിധത്തിലും ശ്രമിക്കുന്നു. ടീമിനൊപ്പം നിയോഗിക്കപ്പെട്ട പരിശീലകരെല്ലാം ബ്രിജ് ഭൂഷന്റെയും കൂട്ടരുടെയും പ്രിയപ്പെട്ടവരാണ്, അതിനാൽ എന്റെ മത്സരത്തിനിടെ അവർ വെള്ളത്തിൽ എന്തെങ്കിലും കലർത്തിനൽകിയേക്കാം. ഇക്കാര്യം നിഷേധിക്കാനാവില്ല. എന്നെ ഉത്തേജകമരുന്നിൽ കുടുക്കാൻ ഗൂഢാലോചന നടക്കുമെന്ന് പറഞ്ഞാലും തെറ്റില്ല. ഞങ്ങളെ മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും പ്രാധാന്യമുള്ള ഒരു മത്സരത്തിന് മുമ്പ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് എത്രത്തോളം ന്യായമാണ്. നമ്മുടെ നാട്ടിൽ തെറ്റിനെതിരെ ശബ്ദമുയർത്തിയതിനുള്ള ശിക്ഷ ഇതാണോ? രാജ്യത്തിന് വേണ്ടി കളിക്കാൻ പോകുന്നതിന് മുമ്പ് ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' - ഫോഗട്ട് എക്‌സിൽ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു

ഗുസ്തി താരത്തിനെതിരായ അയോഗ്യതയിൽ ഗൂഢാലോചനയുണ്ടോയെന്ന് തോന്നിപ്പിക്കുന്നതാണ് ഫോഗട്ടിന്റെ പഴയ ഈ കുറിപ്പ്. ഒളിമ്പിക്‌സ് മെഡൽ ജേതാവായ വിജേന്ദ്രർ സിങും ഗൂഢാലോചന ആരോപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. അത്‌ലറ്റുകൾക്ക് ഒരു രാത്രികൊണ്ട് 5-6 കിലോ വരെ കുറക്കാൻ കഴിയും. ഇങ്ങനെയൊരു അയോഗ്യത നേരത്തെയുണ്ടായിട്ടില്ല- മുൻ ബോക്‌സിങ് താരം പറഞ്ഞു. വിനേഷ് മത്സരിച്ചിരുന്ന 50 കിലോ വിഭാഗത്തിൽ 100 ഗ്രാം അധികമുണ്ടെന്ന് കാണിച്ചാണ് താരത്തെ അയോഗ്യനാക്കിയത്. യു.എസ് താരം സാറാ ഹിൽഡ്ബ്രാണ്ടിനെയാണ് നേരിടേണ്ടിയിരുന്നത്.

Similar Posts