വിനേഷ് ഫോഗട്ട്: ഒരു പോരാട്ടത്തിന്റെ പേര്
|- ഓഗസ്റ്റ് 6. ഗോദയിൽ ഫോഗട്ട് എല്ലാത്തിനും കണക്കുപറഞ്ഞ ദിവസമായിരുന്നു
പോയ രാത്രി ഈഫൽ ഗോപുരത്തിനേക്കാളും ഉയരത്തിൽ ഒരു രാജ്യത്തിന്റെ പ്രതീക്ഷയായിരുന്നവൾ. പാരിസിൽ നിന്നും സ്വർണത്തിളക്കത്തിന്റെ അഭിമാനത്തിൽ ന്യൂഡൽഹിയിൽ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടവൾ ഇന്ന് ആശുപത്രിക്കിടക്കയിലാണ്. ഒരൊറ്റ രാവുകൊണ്ട് എല്ലാം മാറിമറിഞ്ഞു.
ബ്രിജ് ഭൂഷൺ സിങ്ങിനാൽ ഓട്ടക്കാലണയെന്ന് വിളിക്കപ്പെട്ടൾ, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തുപകരാൻ മെഡലുകൾ വലിച്ചെറിയാൻ ഗംഗയിലേക്ക് നടന്നുപോയവൾ, അനീതി ചോദ്യം ചെയ്തതതിന് നടുറോട്ടിൽ ഡൽഹി പൊലീസിനാൽ വലിച്ചിഴക്കപ്പെട്ടവൾ.. എല്ലാത്തിനുമൊടുവിൽ ഒരു സിനിമ ൈക്ലമാക്സിലേത് പോലെ ഒരു ജനതയുടെ പ്രതീക്ഷയുമായി അവർ ചിരിച്ചുനിന്നു. പക്ഷേ അതിന് അതിനാടകീയമായ കണ്ണീരിൽ കുതിർന്ന മറ്റൊരു ൈക്ലമാക്സ് കൂടിയുണ്ടായിരുന്നു.
ഓഗസ്റ്റ് 6. ഗോദയിൽ ഫോഗട്ട് എല്ലാത്തിനും കണക്കുപറഞ്ഞ ദിവസമായിരുന്നു. ഗോദയിൽ നേടിയത് തുടർച്ചയായ മൂന്ന് ജയങ്ങൾ. അതൊരിക്കലും എളുപ്പമായിരുന്നില്ല. ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ഇന്നേവരെ ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോലും തോൽക്കാത്ത, നാലുതവണ ലോകം ജയിച്ച, ഒളിമ്പിക്സിലെ സ്വർണത്തിളക്കവുമുള്ള ജപ്പാന്റെ യൂയി സുസാക്കി. 2-0ത്തിന് പിന്നിൽ നിന്ന ഫോഗട്ട് ഈ റൗണ്ടിൽ തന്നെ മടങ്ങുമെന്ന് തോന്നിപ്പിച്ചു. പക്ഷേ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫോഗട്ട് നടത്തിയത് ഗോദ കണ്ട ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായിരുന്നു. അഞ്ച് സെക്കൻഡ് മാത്രം ബാക്കി നിൽക്കെ സുസാക്കിയെ മലർത്തിയടിച്ച ഫോഗട്ടിൽ ലോകം ഒരു പോരാളിയെക്കണ്ടു. തോൽവിയറിയാത്ത 82 മത്സരങ്ങൾക്ക് ശേഷം സുസാക്ക് തോറ്റെന്ന വാർത്ത ഗുസ്തി ലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്.
സുസാക്കിയെ മറിച്ചിട്ടതോടെ ഫോഗട്ട് ശക്തയായി. ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചിനെയും സെമിയിൽ ക്യൂബയുടെ യുസൈലിസ് ഗുസ്മാനെയും വലിയ വെല്ലുവിളികളില്ലാതെ തോൽപ്പിച്ച് ചരിത്ര ഫൈനലിലേക്ക്. കലാശപ്പോരിനായി ഗോദയിലേക്ക് നടന്നടുക്കുമ്പോൾ ഒരു രാജ്യമൊന്നാകെ അവളുടെ പിന്നിൽ അണിനിരന്നു.
പക്ഷേ 53 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന ഫോഗട്ടിന് 50 കിലോ വിഭാഗത്തിലേക്കുള്ള മാറ്റം ഒരിക്കലും എളുപ്പമായിരുന്നില്ല. അതിരാവിലെ നടക്കുന്ന ഭാരപരിശോധന മറികടക്കാൻ രാത്രിയിൽ ആകുന്നതെല്ലാം ചെയ്തു. ഉറങ്ങാതെ കാഠിനമായ വ്യായാമങ്ങൾ നടത്തി. മുടിമുറിച്ചും രക്തം ഊറ്റിയും വരെ ഭാരം കുറക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളിലുണ്ട്. എങ്കിലും 100 ഗ്രാമെന്ന വ്യത്യാസത്തിൽ അയോഗ്യതയിലേക്ക്. അതോടെ ബോക്സിങ് നിയമപുസ്തകങ്ങൾ പ്രകാരം ഒരു മെഡലുമില്ലാത്ത കണ്ണീർമടക്കം. സെക്കൻഡിലെ നൂറിലൊരംശത്തിന് പി.ടി ഉഷക്ക് നഷ്ടമായ മെഡലിനെപ്പോലെ ഈ 100 ഗ്രാമിനെക്കുറിച്ചും തലമുറകൾ പറയുമായിരിക്കും.
അതല്ല, അത് എന്തെങ്കിലും ഗൂഡാലോചന ആയിരുന്നോ?. ഫോഗട്ടിന്റെ ഭർതൃപിതാവ് രാജ് പാൽ സേഥിയും ബോക്സർ വിജേന്ദർ സിങ്ങും അടക്കമുള്ളവരും രാഷ്ട്രീയ നേതൃത്വങ്ങളും അങ്ങനെ ചില സാധ്യതകൾ പറയുന്നു. ഒളിമ്പിക്സ് പോലൊരു മെഗാ ഇവന്റിനെതിരെ ഇത്തരമൊരു ആരോപണമുന്നയിക്കാൻ വ്യക്തമായ തെളിവുകൾ നമുക്ക് മുന്നിലില്ല. പക്ഷേ ഫോഗട്ടിന്റെ ഒളിമ്പിക്സ് പങ്കാളിത്തം പോലും ഒരു പോരാട്ടമായിരുന്നു. 2024 ഏപ്രിൽ 12ന് ഫോഗട്ട് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞ വാക്കുകൾക്ക് ഇവിടെ പ്രസക്തിയുണ്ട്. ‘‘ബ്രിജ് ഭൂഷണും അയാളുടെ ഡമ്മിയായ സഞ്ജയ് സിങ്ങും എന്നെ ഒളിമ്പിക്സിൽ നിന്നും മാറ്റിനിർത്താൻ എല്ലാ പണിയും എടുക്കുന്നു. നിയമിക്കപ്പെട്ട എല്ലാ പരിശീലകരും ബ്രിജ് ഭൂഷന്റെ ആളുകളാണ്. മത്സരത്തിനിടയിൽ എനിക്ക് കുടിക്കാൻ തരുന്ന വെള്ളത്തിൽ അവരെന്തങ്കിലും കലർത്തുമോ എന്ന് പോലും പേടിക്കുന്നു...’’ എന്ന് നീളുന്ന ട്വീറ്റ് ഫോഗട്ട് നേരിട്ട കനൽപഥങ്ങൾ വിശദീകരിക്കുന്നു.
ഹരിയാനയിലെ ഗുസ്തിയുടെ ഗോദയിലാണ് ഫോഗട്ട് പിറന്നുവീണത്. അമ്മാവൻ മഹാവീർ സിങ് ഇന്ത്യൻ ഗുസ്തിയിലെ അതികായരിലൊരാൾ. മഹാവീറിന്റെ മക്കളായ ഗീത, ബബിത, ഋതു, സംഗീത അടക്കമുള്ളവർക്കൊപ്പമാണ് വിനേഷ് ഗോദയിലെ അടിതടവുകൾ പഠിച്ചെടുത്തത്. ഒമ്പതാം വയസ്സിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട വിനേഷ് പോരാട്ടവീര്യം പഠിച്ചുതുടങ്ങുന്നത് അമ്മയിൽ നിന്നുമാണ്. അതിനിടയിൽ അർബുദം ബാധിച്ച അമ്മക്ക് മുന്നിൽ ജയിച്ചുകാണിക്കാനും അഭിമാനമുണ്ടാക്കാനും വേണ്ടിയാണ് തന്റെ എല്ലാ പോരാട്ടങ്ങളുമെന്ന് ഫോഗട്ട് തുറന്നുപറഞ്ഞിരുന്നു.
ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണത്തിളക്കം ചൂടി. ലോക ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ വെങ്കലത്തിളക്കവുമേറി. പക്ഷേ രണ്ട് ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടും ഒരു മെഡൽ എന്നത് ഫോഗട്ടിന് കിട്ടാക്കനിയായിരുന്നു. ഇസ്താംബൂളിൽ നടന്ന ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ മിന്നിത്തിളങ്ങിയതതിനാൽ തന്നെ 2016 റിയോ ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്നു. എതിരാളികളെ തരിപ്പണമാക്കി മുന്നേറുന്നതിനിടയിലാണ് ഫോഗട്ടിന് മേൽ നിർഭാഗ്യം വന്നുവീണത്.
ചൈനയുടെ സുൻ യനാനുമായുള്ള ഇഞ്ചോടിഞ്ച് പോരിനിടെ മുട്ടിനേറ്റ പരിക്കിൽ മത്സരം അവസാനിപ്പിക്കേണ്ടി വരുന്നു. ഗോദയിൽ നിന്നും നിറകണ്ണുകളുമായി സ്ട്രെച്ചറിൽ മടങ്ങിയ ഫോഗട്ടിന്റെ മുഖം ഇന്നും മറക്കാത്തവരുണ്ട്. ഗുസ്തി പോലൊരു കളിയിൽ ഇതുപോലൊരു പരിക്കുപറ്റിയയാൾക്ക് തിരിച്ചുവരാനാകുമോ എന്ന ചോദ്യം പലകുറി ഉയർന്നെങ്കിലും അതിനെയെല്ലാം അസ്ഥാനത്താക്കി ഫോഗട്ട് അതിഗംഭീരമായി തിരിച്ചുവന്നു. 2018ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നേടിയ വെള്ളിമെഡലിന് അതിനാൽതന്നെ വലിയ തിളക്കമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡിൽ ‘കം ബാക്ക് ഓഫ് ദി ഇയർ’ പുരസ്കാരത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.
ഗോദയിലെ പോരുകളേക്കാൾ ഫോഗട്ടിന് കഠിനമായത് ദേശീയ റസ്ലിവങ് അസോസിയഷൻ പ്രസിഡന്റായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള പോരാട്ടമായിരുന്നു. കാരണം അയാൾ ഒരു വ്യക്തിയായിരുന്നില്ല. അധികാരവും പണവും സ്വാധീനവും അയാളുടെ പിന്നിൽ അണിനിരന്നിരുന്നു. കരിയർ തന്നെ നഷ്ടമായാലും സഹതാരങ്ങൾ അയാളിൽ നിന്നുംനേരിട്ട ചൂഷണങ്ങളും അനീതികളും ചോദ്യം ചെയ്യുമെന്ന് ഉറപ്പിച്ചുപറഞ്ഞു.
‘‘ഈ പെൺകുട്ടി സ്വന്തം രാജ്യത്തിനാൽ ചവിട്ടേറ്റവാളാണ്. ഇവൾ തെരുവുകളിൽ വലിച്ചിഴക്കപ്പെട്ടവളാണ്. ഇവൾ ലോകം ജയിക്കാൻ പോകുകയാണ്. പക്ഷേ അവൾ ഈ രാജ്യത്തെ സിസ്റ്റത്തോട് തോറ്റുപോയിരിക്കുന്നു’’- ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ബജറങ് പൂനിയ ഫൈനലിന് മുന്നോടിയായി കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു.
അധിക്ഷേപിക്കട്ടവരും പരാജയപ്പെട്ടവരും തിരിച്ചുവന്നതാണ് കായികലോകത്തിന്റെ ചരിത്രം. കൂടുതൽ കരുത്തിൽ ഫോഗട്ട് തിരിച്ചുവരിക തന്നെ ചെയ്യും.