'പോരാളികളുടെ പോരാളി' തോല്‍വിയിലും സതീഷ് കുമാറിന് കയ്യടിച്ച് കായികലോകം
|കണ്ണിന് തൊട്ടുമുകളില്‍ ഏറ്റ മുറിവിനെത്തുടര്ന്നിട്ട ഏഴ് സ്റ്റിച്ചുകളേയും ലോക ഒന്നാം നമ്പര്‍ താരത്തേയും വകവെക്കാതെ റിങ്ങില്‍ ഇറങ്ങിയ സതീഷ് കുമാറിന്റെ നിശ്ചയദാര്‍ഡ്യത്തിന് കായികലോകം എഴുന്നേറ്റുനിന്ന് കയ്യടിച്ചു
തലയില്‍ ഏഴ് സ്റ്റിച്ചുകള്‍, തുന്നിച്ചേര്‍ത്ത മുറിവുമായി ലോകചാമ്പ്യനെതിരെ റിങ്ങില്‍... ഒളിമ്പിക്സ് ക്വാര്‍ട്ടര്‍ഫൈനലില്‍ പോരിനിറങ്ങുമ്പോള്‍ രണ്ട് എതിരാളികളെയാണ് സതീഷിന് കുമാര്‍ നേരിട്ടത്. വേണമെങ്കില്‍ മത്സരത്തിനിറങ്ങാതിരിക്കാമായിരുന്നു സതീഷ് കുമാറിന്. എങ്കിലും ഇട്ട സ്റ്റിച്ച് പോലും ഉണങ്ങാതെ രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷ സജീവമാക്കി നിലനിര്‍ത്താന്‍ സതീഷ് കുമാര്‍ ഗ്ലൗ അണിഞ്ഞു. തോല്‍വിയായിരുന്നു ഫലം, എങ്കിലും അഭിമാനത്തോടെയാണ് സതീഷ് കുമാര്‍ മടങ്ങുന്നത്. കണ്ണിന് തൊട്ടുമുകളില്‍ ഏറ്റ മുറിവിനെത്തുടര്ന്നിട്ട ഏഴ് സ്റ്റിച്ചുകളേയും ലോക ഒന്നാം നമ്പര്‍ താരത്തേയും വകവെക്കാതെ റിങ്ങില്‍ ഇറങ്ങിയ സതീഷ് കുമാറിന്റെ നിശ്ചയദാര്‍ഢ്യത്തിന് കായികലോകം എഴുന്നേറ്റുനിന്ന് കയ്യടിച്ചു.
സോഷ്യല്‍ മീഡിയയില്‍ ആകെ താരത്തിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകളാണ്. എന്തൊരു പോരാളിയാണ് സതീഷ് കുമാര്‍ എന്നായിരുന്നു താരത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ആരാധകരുടെ പോസ്റ്റുകള്‍.
ബോക്സിങ്ങില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കാതെ കാക്കാന്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങിയത്. നിലവിലെ ലോക ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായ ഉസ്ബക്കിസ്താന്റെ ബഖോദിര്‍ ജലോലോ ആയിരുന്നു എതിരാളി. താരത്തോട് 5-0 എന്ന സ്കോറിനാണ് സതീഷ് കുമാര്‍ പരാജയപ്പെട്ടത്.
ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്സര്‍ കൂടിയാണ് സതീഷ്. കഴിഞ്ഞ മത്സരത്തിനിടെ കണ്ണിന് തൊട്ടുമുകളിലായി പുരികത്തിലേറ്റ മുറിവിനെത്തുടര്‍ന്ന് ഏഴ് സ്റ്റിച്ചിടേണ്ടിവന്നതുകൊണ്ട് തന്നെ താരം മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും ഞായറാഴ്ച മെഡിക്കല്‍ ക്ലിയറന്‍സ് കിട്ടിയതോടെ മത്സരിക്കുകയായിരുന്നു.
സതീഷ് കുമാറിന്റെ തോല്‍വിയോടെ പുരുഷവിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകള്‍ അവസാനിച്ചു. മനീഷ് കൗഷിക്, വികാസ് കൃഷ്ണന്, ആഷിഷ് കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. ഇനി സാധ്യത വനിതകളിൽ ലവ്ലിന ബോര്ഗോഹെയിന് മാത്രമാണ്. ബുധനാഴ്ചയാണ് ലവ്ലിനയുടെ സെമിഫൈനൽ.
അതേസമയം വനിതാ ബാഡ്മിന്റണ്‍ സെമിയില്‍ തോറ്റ പിവി സിന്ധു വെങ്കല മെഡല്‍ മത്സരത്തിനായി ഇന്നിറങ്ങും. വൈകിട്ട് അഞ്ചിന് നചക്കുന്ന മത്സരത്തില്‍ ചൈനീസ് താരമാണ് എതിരാളി. വെങ്കലം നേടുകയാണെങ്കില്‍ തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. റിയോയില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ഹോക്കിയാണ് ഇന്ത്യന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു ഇനം. ഹോക്കിയില്‍ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബ്രിട്ടനെ നേരിടും. 1980ന് ശേഷം ഇന്ത്യക്ക് ഹോക്കിയില്‍ മെഡല്‍നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടനോടേറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയാകും മൻപ്രീതും സംഘവും ഇന്നിറങ്ങുക. അതേസമയം വനിതാ ഹോക്കിയിൽ ഇന്ത്യ നാളെ ക്വാര്‍ട്ടറിൽ കരുത്തരായ ഓസ്ട്രേലിയയെ നേരിടും